എതിർ സ്ഥാനാർത്ഥികൾ കരുത്തരായതിൽ പ്രശ്നമില്ല; ജനങ്ങൾ വിധിയെഴുതുമെന്ന് കെ മുരളീധരൻ

തൃശൂർ: എതിർ സ്ഥാനാർത്ഥികൾ കരുത്തരായതിൽ പ്രശ്നമില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി മുരളീധരൻ. ഇവിടെ ഗുസ്തി മത്സരമല്ല നടക്കുന്നതെന്നും തിരഞ്ഞെടുപ്പാണെന്നും അതിൽ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. അവരാണ് അടിസ്ഥാനപരമായി തീരുമാനിക്കുന്നത്. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃശൂർ. തിരഞ്ഞെടുപ്പിലും അത് കാണാനാകും. പോകുന്നിടത്തെല്ലാം ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ്. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് സഹോദരി പത്മജ വേണുഗോപാൽ പറഞ്ഞതിനെ കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു. പത്മജ വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതാണ്. അതിൽ കാര്യമില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

ഇത് കേരളമാണ്. മോദി എത്ര തവണ വന്നാലും ഇവിടെ നിന്ന് ബിജെപിയുടെ ഒരാൾ പോലും വിജയിക്കില്ല. സിപിഎം-ബിജെപി ഡീൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ വരവുതന്നെ ഡീൽ ഉറപ്പിക്കാനാണ്. ആ ഡീൽ വളരെ വ്യക്തവുമാണ്. ഡൽഹിയിൽ കേജ് രിവാളിനെ ജയിലിലാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളത്തിൽ പിണറായിയെ തൊടാതെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തന്നെ ഡീൽ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.