Politics (Page 32)

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ഇ പി ജയരാജൻ.

എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റു ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയെ പോലെയല്ല പിണറായി വിജയൻ. സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളർന്നുവന്നതാണ്. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും ഇ പി ചൂണ്ടിക്കാട്ടി.

എസി ബസ്സിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാവില്ല. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത്. രാഹുൽ ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

കൊല്ലം: യുഡിഎഫിനും എൽഡിഎഫിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികളിൽ ജനങ്ങൾക്ക് രാഷ്ടീയ വിശ്വാസം ഇല്ലാതായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ സഹകരണ മേഖലയിൽ വലിയ അഴിമതി നടക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്ന് 90 കോടി അഴിമതി പണം കേന്ദ്രം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ആകെ ഇത്തരത്തിൽ 17000 കോടിരൂപയാണ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. ഇതെല്ലാം അർഹരായവർക്ക് തിരികെ നൽകി വരികയാണ്. കേന്ദ്രസർക്കാർ കേരളത്തിനോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും കേരളത്തിൽ നിന്ന് കൂടുതൽ ആളുകളെ പാർലമെന്റിലേക്ക് എത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

കേരളത്തിന്റെ വികസനത്തിനു വേണ്ടി അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അന്താരാഷ്ട വിഷയങ്ങളിൽ ഭാരതത്തിന്റെ നിലപാടിനായി ലോകം ഉറ്റുനോക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ സമുദ്രത്തിനടിയിൽ താൻ പ്രാർത്ഥിച്ചതിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്നും, വോട്ടിന് വേണ്ടി സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ വെറുക്കുന്നുവെന്നും വോട്ട് ബാങ്കിന് വേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുൾപ്പടെയുള്ള നേതാക്കൾ തള്ളിപ്പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശിലെ അമ്രോഹയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും പ്രതിപക്ഷം നിരസിച്ചെന്നും മോചി ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾ അവഗണിക്കുന്ന മോദി കടലിനടിയിൽ പ്രാർത്ഥിക്കുന്നത് ചർച്ചയാക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഈ പരാമർശത്തിനാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. ാണ് രാഹുലിന് മോദിയുടെ മറുപടി.

അതേസമയം, പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വിമർശനം ഉന്നയിച്ചു. മോദിയുടെ ഹിന്ദുത്വം പട്ടിജാതി പട്ടികവർഗ വിഭാഗക്കാർക്ക് എതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ പ്രഥമ വനിതയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കും പുതിയ പാർലമെന്റ് ഉദ്ഘാടനത്തിനും ക്ഷണിക്കാഞ്ഞത് അവർ ദളിതരായതുകൊണ്ടാണ്. താൻ രാമക്ഷേത്രത്തിൽ പോയാൽ ബിജെപി സഹിക്കുമോയെന്നും ഖാർഗെ ചോദിക്കുന്നു.

കോഴിക്കോട്: സിപിഎം സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് നേരെ നടന്ന അശ്ലീല പ്രചാരണത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. പ്രചാരണത്തിൽ ഇത് അംഗീകരിക്കാനാവില്ല. ആശയപരമായി എതിർക്കാം. വ്യക്തിയധിക്ഷേപം നടത്തിയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശൈലജയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലും സിഎഎക്കെതിരെയും ആദ്യം ശബ്ദം ഉയർത്തിയ പാർട്ടി സിപിഎം ആണ്. ഇലക്ടറൽ ബോണ്ടിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചതും ഇടതുപക്ഷമാണ്. അതിന്റെ ഫലമായാണ് ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയത്. വർഗീയ ധ്രുവീകരണം നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. മണിപ്പുരിനെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ലെന്ന് യച്ചൂരി കുറ്റപ്പെടുത്തി.

മോദി സർക്കാരിനെ എതിർക്കുന്നവരെയെല്ലാം ജയിലിലടയ്ക്കുകയാണിപ്പോൾ. വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റിന്റെ പ്രവർത്തനത്തിൽ സംശയമുണ്ട്. ചെയ്യുന്ന വോട്ടുകൾ രേഖപ്പെടുത്തുന്നത് കൺട്രോൾ റൂമിലാണ്. ചെയ്യുന്ന വോട്ടുകൾ തന്നെയാണോ രേഖപ്പെടുത്തുന്നത് എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട: അനിൽ ആന്റണി ജയിക്കില്ലെന്ന എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിംഗ്. ആന്റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. അനിലിന് ബിജെപിയിൽ വലിയ ഭാവിയുണ്ട്. മകന് വോട്ട് നൽകണ്ട, അനുഗ്രഹം നൽകണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

മുതിർന്ന നേതാവായ എ കെ ആന്റണിയോട് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്റണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്റണി പറഞ്ഞത്. പക്ഷേ ആന്റണിയോട് താൻ പറയുന്നു, ആന്റണിയുടെ മകനാണ് അനിൽ. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനിൽ തനിക്ക് ബന്ധുവിനെ പോലെയാണ്. കേരളത്തിൽ എൻഡിഎ രണ്ടക്കം കടക്കും. പത്തു വർഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സർക്കാർ നേരിട്ടിട്ടില്ല. അനിൽ ആന്റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ മറ്റ് ഒരു പാട് മന്ത്രിമാർ അഴിമതി കേസുകളിൽ ജയിലിൽ പോയിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ ചന്ദ്രയാൻ ദൗത്യം വിജയിച്ചു. എന്നാൽ കോൺഗ്രസിന്റെ രാഹുൽയാൻ ദൗത്യം കഴിഞ്ഞ ഇരുപത് വർഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാനൂർ: ബോംബ് രാഷ്ട്രീയം തകർന്നപ്പോൾ സിപിഎമ്മും സ്ഥാനാർത്ഥിയും നുണ ബോംബ് ഇറക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് അഴിമതി കെ കെ ശൈലജക്കെതിരെ പ്രതിപക്ഷം ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് മരണങ്ങൾ മറച്ചുവച്ച അതേ പി ആർ ഏജൻസിയാണ് വടകരയിലും നുണ ബോബ് പൊട്ടിക്കാൻ ഇറങ്ങിയിരിക്കുന്നത്. കെ കെ രമയെയും യുഡിഎഫ് വനിതാ നേതാക്കളെയും ഉമ്മൻ ചാണ്ടിയുടെ പെൺമക്കളെയും ആക്ഷേപിച്ചപ്പോൾ സ്ത്രീപക്ഷ വാദികൾ എവിടെയായിരുന്നു. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വച്ച സിപിഎമ്മുകാർ എന്തും ചെയ്യും. എൽഡിഎഫും ബിജെപിയും ഒരു സീറ്റിൽ പോലും വിജയിക്കില്ല. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഒരു മാസമായി മോദിക്കും സംഘപരിവാറിനും എതിരെ ഒന്നും പറയാതെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ആക്ഷേപം ഉന്നയിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രിക്ക് മറുപടി നൽകിയപ്പോൾ പോലും ശ്രദ്ധയോട് കൂടിയുള്ള വിനീതഭാവത്തിലായിരുന്നു മുഖ്യമന്ത്രി. തങ്ങൾ രണ്ടു പേരും ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോൾ സംസാരിക്കുന്നത്. ഇവർ രണ്ടു പേരും ഒന്നുതന്നെയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ ആക്ഷേപം ഉന്നയിച്ച് ബിജെപിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലിൽ ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ആർഎസ്എസുമായുള്ള എല്ലാ പ്രശ്നങ്ങളും പിണറായി വിജയൻ അവസാനിപ്പിച്ചിരുന്നതാണ്. ഇവർ തമ്മിലുള്ള ബാന്ധവം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഭാഗമായി ചില സീറ്റുകളിൽ യുഡിഎഫിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പരസ്പരം സഹായിക്കാമെന്ന ധാരണയിൽ ഇവർ എത്തിച്ചേർന്നിരിക്കുകയാണ്. എൽഡിഎഫ് കൺവീനറും തൃശൂരിലെ എൽഡിഎഫ് പിന്തുണയുള്ള മേയറുമൊക്കെ ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് പുകഴ്ത്തുന്നതും ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം വിശദമാക്കി.

ഇലക്ടറൽ ബോണ്ടിനെ കുറിച്ച് രാഷ്ട്രീയ പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ചെറുപ്പക്കാരനെതിരെ, പ്രധാനമന്ത്രിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും കാട്ടിയാണ് പിണറായിയുടെ പൊലീസ് കേസെടുത്തത്. മോദി പ്രേമവും പ്രീണനവും എവിടെ വരെ എത്തിനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് എതിരെ നൽകിയ 9 പരാതികളിൽ കേസെടുക്കാത്തവരാണ് ഇപ്പോൾ കേസുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച മുഖ്യമന്ത്രിക്ക് ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും അമർഷവും യുഡിഎഫിന് വോട്ടായി മാറും. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗവും ദേശീയതലത്തിൽ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗവുമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി. മടിയിൽ കനമുള്ളവരാണ് അവർ. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാൻ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പേടിപ്പിച്ചാൽ ഇളകിപ്പോകുന്നവരല്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ സർക്കാരും. ആ ഭീഷണി കോൺഗ്രസുകാരോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരു കാര്യവുമില്ലാതെ ഇഡി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജുവിനെ വിളിച്ചു. രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇഡിയുടെ പണി. കയ്യൂർ, കരിവള്ളൂർ സമര പോരാളികളുടെ പിൻമുറക്കാരാണ് ഇടതുപക്ഷക്കാർ. ചിരുകണ്ടനും മടത്തിൽ അമ്പുവുമൊക്കെ തൂക്കുമരത്തിൽ കയറുമ്പോൾ അയ്യോ എന്ന് നിലവിളിക്കുകയായിരുന്നില്ല. ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം ഇഡി പല കോർപ്പറേറ്റ് കമ്പനികളെയും പോയി കണ്ട് കേസെടുത്തു. പിന്നാലെ അവർ പോയി ബിജെപി നേതാക്കളുടെ കാൽക്കൽ സാഷ്ടാംഗം വീണ് ബോണ്ട് എടുത്തു. അപ്പോൾ ഇഡി കേസ് ആവിയായെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ആലപ്പുഴ: എക്സാലോജിക് വിഷയത്തിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വീണാ വിജയനെ എന്നല്ല, ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

.പാകിസ്ഥാന്റെ അല്ല, മുസ്ലീം ലീഗിന്റെ കൊടിയാണതെന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാണിക്കണം. എഎം ആരിഫ് ജയിക്കുന്നതോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ കിട്ടും. ഒന്ന് ലോക്സഭയിലും ഒന്ന് രാജ്യസഭയിലുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്ക് തടയാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ്. കേരളത്തിൽ വന്നിട്ട് രാഹുൽ ഗാന്ധി പൗരത്വ നിയമത്തെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇലക്ടറൽ ബോണ്ട് വഴിയുള്ള കൊള്ളയടിക്കലിൽ പങ്കാളിയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താഴേത്തട്ടിലെ ഒരു ആർഎസ്എസുകാരന്റെ നിലവാരം മാത്രമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആർക്കുമാകാമല്ലോ. കേരളത്തിൽ ഒരു സീറ്റിലും ബിജെപി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല. മാരീച വേഷത്തിൽ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു മോദി വിചാരിക്കരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉള്ളിലെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണക്കടത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ സംവിധാനം ഉപയോഗിച്ചെന്നായിരുന്നു കേരളത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിയിൽ ഉൾപ്പെട്ടു. അഴിമതിപ്പണം പാവങ്ങൾക്ക് തിരികെ നൽകും. കേരളത്തിൽ പോരടിക്കുന്ന യുഡിഎഫും എൽഡിഎഫും കേന്ദ്രത്തിൽ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ ദാരിദ്ര്യ നിർമാർജന വാഗ്ദാനത്തെ വിമർശിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയെ കൊട്ടാരം മാന്ത്രികൻ എന്ന് വിളിച്ച് പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തു.

ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോൺഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചു. ഈ കൊട്ടാരം മാന്ത്രികൻ ഇത്രയും വർഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നത്. ഇന്ത്യ മുന്നണിയുടെ പ്രകടന പത്രികയിൽ അപകടകരമായ നിരവധി വാഗ്ദാനങ്ങളുണ്ടെന്നും രാജ്യത്തെ സാമ്പത്തികമായി പാപ്പരാക്കുന്നതാണ് അവരുടെ പ്രകടനപത്രികയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

2014 നു മുമ്പ് 10 വർഷം കോൺഗ്രസാണ് രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഒരു മന്ത്രം ലഭിച്ചെന്നു പറയുന്നു. ഇത് പാവപ്പെട്ടവരെ പരിഹസിക്കുന്നതിന് തുല്യമല്ലേ. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായാൽ രാജ്യം കത്തിയെരിയുമെന്ന് കോൺഗ്രസ് ഭീഷണിപ്പെടുത്തുകയാണ്. അവരുടെ ഹൃദയങ്ങളിൽ അസൂയയാണെന്നും 140 കോടി ജനങ്ങളുടെ മോദിയോടുള്ള സ്‌നേഹം കൊണ്ടാണ് ഈ അസൂയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ, ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് രാഹുൽ ഗാന്ധി യുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.