Politics (Page 24)

റാഞ്ചി: കോൺഗ്രസ് നേതാക്കാളായ സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് അദ്ദേഹം പരിഹസിച്ചു. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ജംഷേദ്പുരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയ ഗാന്ധി കോവിഡിനു ശേഷം ഒരിക്കൽപോലും റായ്ബറേലി സന്ദർശിച്ചിട്ടില്ല. ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണ്. അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

റായ്ബറേലിയിൽ മത്സരിക്കുന്നതിനായി കോൺഗ്രസിന്റെ രാജകുമാരൻ പറന്നെത്തിയിരിക്കുകയാണ്. ഇത് തന്റെ അമ്മയുടെ സീറ്റാണെന്ന് പറഞ്ഞ് നടക്കുകയാണ് അദ്ദേഹം. അച്ഛൻ പഠിച്ച അതേ സ്‌കൂളിൽ പഠിക്കാൻ പോകുന്ന എട്ടു വയസ്സുകാരൻ പോലും ഇത് തന്റെ അച്ഛന്റെ സ്‌കൂളാണെന്ന് പറയില്ല. എന്നാൽ, ഈ കുടുംബം പാർലമെന്റ് സീറ്റുകളുടെ വിൽപ്പത്രം എഴുതിവയ്ക്കുകയാണ്. ഇത്തരം പാർട്ടികളിൽ നിന്ന് ജാർഖണ്ഡിനെ രക്ഷിക്കണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് താൻ സ്ഥാനാർത്ഥിയായില്ല എന്ന് തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലോക്സഭാ പ്രചാരണത്തിൽ ബിജെപിയെ ചെറുക്കാൻ പാകത്തിൽ കോൺഗ്രസിന് വേണ്ടി പൂർണ്ണസമയം പ്രവർത്തിക്കുന്നതിനാണ് താൻ മത്സരരംഗത്ത് ഇറങ്ങാതിരുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വെളിപ്പെടുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താൻ 15 ദിവസമായി റായ്ബറേലിയിലാണ്. ഗാന്ധി കുടുംബത്തിന് ദീർഘകാല ബന്ധമുള്ള മണ്ഡലമാണ് റായ്ബറേലി. അതുകൊണ്ടുതന്നെ തങ്ങൾ ഇവിടെ സന്ദർശിക്കണം എന്നും അവരെ നേരിൽ കാണണമെന്നും ഇവിടുത്തുകാർ ആഗ്രഹിക്കും. റിമോട്ട് കൺട്രോളിലൂടെ റായിബറേലിയിൽ വിജയിക്കാൻ കഴിയില്ല. താനും രാഹുലും മത്സരിച്ചിരുന്നെങ്കിൽ രണ്ടുപേർക്കും അവരവരുടെ മണ്ഡലങ്ങളിൽ ഏറ്റവും ചുരുങ്ങിയത് 15 ദിവസമെങ്കിലും ചെലവിടേണ്ടി വന്നേനെ. പാർട്ടിയുടെ പ്രചാരണം ഏറ്റെടുക്കാൻ ആളില്ലാതെ വരും. അത് ബിജെപിക്ക് ഗുണം ചെയ്യുമായിരുന്നു. അതുകൊണ്ട് നമ്മളിൽ ഒരാൾ രാജ്യത്തുടനീളം പ്രചാരണം നടത്തുന്നതാണ് നല്ലതെന്ന് തീരുമാനിച്ചുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

കോൺഗ്രസ് തരുന്ന റോളിൽ പ്രവർത്തിക്കാനാണ് തന്റെ ആഗ്രഹം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചോ എംപി ആകുന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടില്ല. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി വിളമ്പുന്നതെല്ലാം മണ്ടത്തരങ്ങളാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. മോദിയുമായുള്ള സംവാദത്തിന് താൻ തയ്യാറാണ്. എന്നാൽ രണ്ട് ചോദ്യങ്ങളിൽ മോദി അത് അവസാനിപ്പിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരാണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തന്റെ ആദ്യ ചോദ്യം അംബാനിയുമായുള്ള ബന്ധത്തെക്കുറിച്ചും രണ്ടാമത്തേത് ഇലക്ട്രൽ ബോണ്ടിനെ കുറിച്ചുമായിരിക്കും. കഴിഞ്ഞ പത്തുവർഷവും ലാഭമുണ്ടാക്കിയത് അദാനിയാണെന്ന് വോട്ട് ചെയ്യാനെത്തുമ്പോൾ ഓർക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആം ആദ്മി പാർട്ടിക്ക് നാലും, കോൺഗ്രസിനു മൂന്നും സീറ്റുകൾ വീതം നൽകണമെന്ന് രാഹുൽ വോട്ടർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഈ തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. കഴിഞ്ഞ പത്ത് വർഷവും മോദി സർക്കാർ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ചെയ്തതെല്ലാം അതിസമ്പന്നർക്ക് വേണ്ടിയാണ്. അവർക്ക് വേണ്ടി എഴുതിത്തള്ളിയ തുകയുണ്ടായിരുന്നെങ്കിൽ രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 24 തവണ വേതനം നൽകാമായിരുന്നു. കഴിഞ്ഞ പത്ത് വർഷവും ലാഭമുണ്ടാക്കിയത് അദാനിയാണ്. നിങ്ങൾ വോട്ട് ചെയ്യാനെത്തുമ്പോൾ അതോർക്കണം. മേഘത്തിന്റെ മറവിൽ യുദ്ധവിമാനം പറത്തിയാൽ റഡാറിൽ വരില്ലെന്നതടക്കമുള്ള മണ്ടത്തരങ്ങൾ മോദി വിളമ്പിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

റംസാൻ സമയത്ത് മുസ്സിം സഹോദരങ്ങൾ ഭക്ഷണം തരുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ മോദി ജി, നിങ്ങൾ സസ്യാഹാരിയല്ലേ. അരവിന്ദ് കേജ്‌രിവാളിനെയും ഹേമന്ത് സോറനെയും ജയിലിലടച്ച മോദി സാഹോദര്യത്തിന്റെ നാടായ ഡൽഹിയിൽ ചൂല് കൈയ്യിലേന്തിയാണ് പോരാട്ടം നടത്തുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് ആ നിമിഷത്തിൽ തന്നെ ബിജെപി പറഞ്ഞിരുന്നുവെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സിുരേന്ദ്രൻ. ഈ കാര്യം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾ പറഞ്ഞപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ തനിക്കെതിരെ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

നാക്കു വാടകക്കെടുത്ത് എന്തും പറയുന്നയാളാണെന്നായിരുന്നു തന്നെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത്. സത്യം എക്കാലത്തേക്കും മൂടിവെക്കാനാവില്ലെന്നത് പ്രകൃതി നിയമം. തങ്ങളെ അത്ഭുതപ്പെടുത്തുന്നത് എൻ കെ പ്രേമചന്ദ്രന്റെ ഇടപെടലാണ്. അന്ന് ചാനലുകളിൽ വന്നിരുന്ന് ഈ വിഷയത്തിൽ വീറോടെ വാദിച്ചിരുന്ന ആളുകളിലൊരാൾ അദ്ദേഹമായിരുന്നു. വൈകാതെ ഇടതുമുന്നണിവിട്ട് സോളാർ അഴിമതിക്കാരുടെ കൂടാരത്തിൽ അദ്ദേഹം എത്തിപ്പെട്ടു എന്നതും വസ്തുത. ഇടതും വലതും വൈകാതെ ഒറ്റമുന്നണിയായി മാറുന്നത് കാണാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നതും സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മാഭിമാനമുണ്ടെങ്കിൽ കെകെ രമയും ആർഎംപിയും യുഡിഎഫ് സഖ്യം വിടണം. സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ബാർക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസിൽ വരെ ഇടത്- വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീർപ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സോളാർ സമരം സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുതീർപ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും അന്നത്തെ ആഭ്യന്തര മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ വിവാദമൊന്നുമില്ല. അന്ന് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചർച്ച നടത്തിയെന്നും തിരുവഞ്ചൂർ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി- പരിഹരിക്കുകയും ചെയ്തു, തങ്ങളുടെ ഹിതത്തിന് അനുസരിച്ച ഫലമാണ് ചർച്ചയ്ക്കുണ്ടായതെന്നും അദ്ദേഹം അറിയിച്ചു. സോളാർ സമരം ഒത്തുതീർപ്പാക്കാൻ മാധ്യമപ്രവർത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോൺ മുണ്ടക്കയം വ്യക്തമാക്കിയത്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ജോൺ മുണ്ടക്കയം രംഗത്തെത്തി. താൻ ഉമ്മൻചാണ്ടിയോട് കാണിച്ച അനീതിയെ കുറിച്ചാണ് പുസ്തകത്തിൽ എഴുതാൻ ശ്രമിച്ചതെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാകാം അത് വിവാദമാകുന്നതെന്നുമാണ് ജോൺ മുണ്ടക്കയത്തിന്റെ പ്രതികരണം.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400 ൽ അധികം സീറ്റുകൾ ലക്ഷ്യമിടുന്നത് ഭരണഘടന മാറ്റാൻ ആണെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ സ്ഥിരത കൊണ്ടുവരാനാണ് നാണൂറിൽ അധികം സീറ്റുകൾ ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ 10 വർഷം ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടായിരുന്നു. എന്നിട്ടും ബിജെപി അത് ചെയ്തിട്ടില്ല. ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് ഇന്ദിരാഗാന്ധിയുടെ കാലത്തെ കോൺഗ്രസ് ആയിരുന്നു. തങ്ങൾക്ക് 400 ൽ അധികം സീറ്റുകൾ വിജയിക്കണം. അത് രാജ്യത്തെ രാഷ്ട്രീയത്തിന് സ്ഥിരത കൊണ്ടുവരാനാണ്. തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാനും ലോകത്ത് ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനും 400 സീറ്റുകൾ വേണം.

ആനുകൂല്യങ്ങൾ ലഭിക്കാത്ത പാവപ്പെട്ടവർക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തേണ്ടതുണ്ട്. കാർഷിക മേഖലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണം. അതിനെല്ലാം തങ്ങൾക്ക് 400 സീറ്റുകൾ വേണമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ കാലത്ത് അനുച്ഛേദം മാറ്റി ലോക്സഭ നീറ്റുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യാതൊരു കാരണവുമില്ലാതെ ഒന്നരലക്ഷം ആളുകൾ 19 മാസം അന്ന് ജയിലിൽ ആയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

വാരാണസി: തനിക്ക് കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗ തന്നെ ദത്തെടുത്തു എന്ന് അദ്ദേഹം പറഞ്ഞു.

തന്നെ കാശിയിലെ ജനം ‘ബനാറസി’ ആക്കി. റായ്ബറേലിയിൽ പോലും കോൺഗ്രസ് തോൽക്കും. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്കുന്നത് മാധ്യമങ്ങൾ മാത്രമാണ്. വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോൽപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോയും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വാരാണസിയിൽ കഴിഞ്ഞ ദിവസം മോദി റോഡ് ഷോ നടത്തിയിരുന്നു.

ന്യൂഡൽഹി: ജൂൺ നാലിന് കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ വളരെ വ്യക്തമാണ്. ജൂൺ നാലിന് ഇന്ത്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും. നിങ്ങളുടെ ഒരു വോട്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണെന്ന ഓർമ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒപ്പം, അത് നിങ്ങളുടെ മുഴുവൻ കുടുംബത്തിന്റെയും അവസ്ഥയെ മാറ്റിമറിക്കാൻ കൂടിയുള്ളതാണ്. ഒരു വോട്ട് എന്നത് യുവജനങ്ങൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന ആദ്യജോലിക്ക് തുല്യമാണ്. പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലെത്താനുള്ള വഴി കൂടിയാണ് ഈ ഒരു വോട്ട്. രാജ്യം അതിന്റെ പ്രശ്നങ്ങൾക്കനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തുകയെന്ന് കൂട്ടമായി പോളിങ് ബൂത്തിലെത്തി നിങ്ങൾ തെളിയിച്ചുകൊടുക്കണം. അടിസ്ഥാന വിഷയങ്ങളിൽ നിന്ന് വ്യതിചലിക്കപ്പെട്ടുകൂടായെന്നും അദ്ദേഹം അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 9 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു. 96 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്. നാലാംഘട്ടത്തിൽ ജനവിധി തേടിയത് 1717 സ്ഥാനാർത്ഥികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 13 ഉം മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമ ബംഗാളിലെയും മധ്യപ്രദേശിലെയും 8 ഉം ബീഹാറിലെ 5 ഉം ജാർഖണ്ഡിലെയും ഒഡിഷയിലെയും 4 സീറ്റുകളിലേക്കും ജമ്മു കാശ്മീരിലെ ഒരു സീറ്റിലേക്കും ഇന്ന് പോളിംഗ് നടന്നു.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളും ആശുപത്രികളും തുറക്കുമെന്ന തന്റെ പ്രഖ്യാപനത്തിനോട് ഇന്ത്യ സഖ്യത്തിലെ ഒരു കക്ഷിയും എതിർപ്പ് കാണിക്കില്ലെന്നാണ് വിശ്വാസം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി വിജയിച്ചാൽ നടപ്പാക്കാൻ പോകുന്ന പത്ത് വാഗ്ദാനങ്ങളെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച നടത്താത്തതിൽ കേജ്രിവാൾ ഖേദം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കെജ്രിവാൾ മോദിയുടെ ഗ്യാരണ്ടിയ്ക്ക് പകരം 10 വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തും, രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയെത്തിക്കും, എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകും, അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും, കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും തുടങ്ങിയ ഗ്യാരണ്ടികളാണ് കെജ്രിവാൾ നൽകിയിരിക്കുന്നത്.

ഒരു വർഷത്തിനകം 2 കോടി ജോലി അവസരങ്ങൾ, ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും, അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും, വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും എന്നിവയാണ് കെജ്രിവാളിന്റെ മറ്റ് ഗ്യാരണ്ടികൾ.

ന്യൂഡൽഹി: ‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും കെജ്രിവാൾ.വ്യക്തമാക്കി. 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞത് നടന്നില്ല. മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്ത വർഷം മോദി വിരമിക്കും. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. 10 ഗ്യാരണ്ടികളാണ് അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെയ്ക്കുന്നത്. വിലക്കയറ്റം പിടിച്ചുനിർത്തും, രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയെത്തിക്കും, എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകും, അഗ്‌നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും, കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും തുടങ്ങിയ ഗ്യാരണ്ടികളാണ് കെജ്രിവാൾ നൽകിയിരിക്കുന്നത്.

ഒരു വർഷത്തിനകം 2 കോടി ജോലി അവസരങ്ങൾ, ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും, അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും, വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും എന്നിവയാണ് കെജ്രിവാളിന്റെ മറ്റ് ഗ്യാരണ്ടികൾ.