Politics (Page 23)

ന്യൂഡൽഹി: തനിക്കെതിരെ ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിൽ വിഷമമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ പത്ത് വർഷ കാലയളവിനിടെ തനിക്കൊരു ശക്തമായ പ്രതിപക്ഷത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ പ്രതിപക്ഷമാണ് സർക്കാരിനെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ പ്രതിപക്ഷം അത്യാവശ്യമാണ്. ഈ രാജ്യത്ത് കഴിവുള്ളവർ ഇല്ലാഞ്ഞിട്ടല്ല. അവർക്ക് അവസരം ലഭിക്കണം. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ശക്തമായ പ്രതിപക്ഷത്തെ ലഭിക്കുമെന്ന് താൻ കരുതി. തന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളിലൊന്നാണ് ശക്തമായ പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

60 വർഷം അവർ രാജ്യം ഭരിച്ചു. അവരുടെ അനുഭവ സമ്പത്തിൽ നിന്ന് ഉപദേശം സ്വീകരിക്കാമെന്ന് ഞാൻ കരുതിയിരുന്നു. പ്രണബ് മുഖർജി ഉണ്ടായിരുന്നത് വരെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷത്തിൽ നിന്ന് യാതൊരു ആനുകൂല്യവും തനിക്ക് ലഭിച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന തന്റെ അനുഭവ സമ്പത്തും സഹപ്രവർത്തകരിൽ നിന്നുള്ള അറിവുമാണ് തനിക്ക് ബലമായതെന്നും മോദി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തെക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. നെഗറ്റിവിറ്റി നിറഞ്ഞ സമീപനമാണ് അവരുടേത്. രാജ്യ താൽപ്പര്യത്തിന് അനുസരിച്ചുള്ള തീരുമാനങ്ങൾ ഒരു കാലത്ത് അവരുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി അവർ ഇന്ന് അവയെ എതിർക്കുന്നു. വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം. അത് രാജ്യത്തിന് ഗുണം ചെയ്യും. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തങ്ങൾക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സ്ഥിതി പരിതാപകരമാണ്. അതാണ് ഇന്ന് തന്റെ ഏറ്റവും വലിയ വേദനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിലെ ബിജെപി സർക്കാർ ജൂൺ നാലോടെ അവസാനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ മമതയ്ക്ക് മറുടിയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സർക്കാരിന്റെ കാലാവധി തീർച്ചയായും അവസാനിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം താനും ബിജെപിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അവർ പറയുന്നത് സത്യമാണ്. ഈ സർക്കാർ ജൂൺ നാലിന് അവസാനിക്കും. തീർച്ചയായും ഒരു പുതിയ സർക്കാർ രൂപവത്കരിക്കണം. സർക്കാരിന്റെ കാലാവധി അവസാനിക്കണമെന്നത് ഭരണഘടനാപരമാണ്. അതിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ തങ്ങൾ രൂപവത്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. താൻ കാശിയിൽ നിന്നാണ് വരുന്നത്. കാശി നശിപ്പിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നില്ല. അവരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. താൻ ആരെയും വിലകുറച്ച് കാണുന്നില്ല. 60-70 വർഷത്തോളം അവർ സർക്കാർ രൂപവത്കരിച്ചു. പ്രതിപക്ഷം ചെയ്ത നല്ല കാര്യങ്ങൾ തനിക്ക് പഠിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വട്ടവടയിലെ ചിലന്തിയാറിൽ ജല വിഭവ വകുപ്പ് നിർമ്മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള വിയർ മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരളം തടയണ നിർമ്മിച്ച് അമരാവതി നദിയിലേക്കുള്ള നീരൊഴുക്കാത്ത തടയാൻ ശ്രമിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്ത് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.

ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടവട പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിനായി കണ്ടെത്തിയ ചിലന്തിയാറിൽ വെള്ളച്ചാട്ടം ആയതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് വിയർ നിർമ്മിക്കുന്നത്. ജലം പമ്പ് ചെയ്യുന്നതിന്റെ സൗകര്യത്തിനു വേണ്ടിയാണ് ഇതിന്റെ നിർമ്മാണം.

കുടിവെള്ള സ്രോതസ്സിൽ ജലത്തിന്റെ നിരപ്പ് ക്രമീകരിച്ചാൽ മാത്രമേ കുടിവെള്ളത്തിനായി പമ്പിങ് സാധ്യമാകൂ. ക്രമീകരിക്കപ്പെടുന്ന ജലം തമിഴ്നാട്ടിലെ അമരാവതി നദിയിലേക്ക് തന്നെ ഒഴുകിപ്പോകും.

പദ്ധതിയുടെ പ്രയോജനം പ്രധാനമായും ലഭിക്കുന്നത് ആദിവാസി മുതുവാൻ സമുദായത്തിൽ പെട്ടവർക്കാണ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ആദിവാസി വിഭാഗത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

തിരുവനന്തപുരം: ബാർകോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിൽ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച ആരംഭിച്ചിട്ടില്ല. ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന് ശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നൽകുന്നുവെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

സർക്കാർ സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്പര്യമില്ല. 22 ലക്ഷം ആയിരുന്ന ബാർ ലൈസൻസ് ഫീസ് 35 ലക്ഷമാക്കി വർദ്ധിപ്പിച്ചു. മദ്യപാനം സംസ്ഥാനത്ത് കുറയുകയാണ് ചെയ്യുന്നത്. ആരോപണങ്ങളിൽ അടിസ്ഥാനം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

എക്സൈസ് വകുപ്പ് മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല. മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാർട്ടിയല്ല സിപിഎമ്മെന്നും എം വി ഗോവിന്ദൻ കുട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇപ്പോൾ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കിൽ ജനങ്ങൾ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ പോലെയല്ല തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന് കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.

ജനങ്ങൾക്ക് നല്ലത് ചെയ്യുന്നതിനുവേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചു എന്നാണ് ബിജെപിയുടെ നേതാവ് പറയുന്നത്. എന്നാൽ, അദ്ദേഹം ആകെ നല്ലത് ചെയ്യുന്നത് 22 പേർക്കുവേണ്ടി മാത്രമാണ്. പാവങ്ങൾക്കുവേണ്ടി അദ്ദേഹം ഒന്നുംതന്നെ ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.

മോദി പ്രവർത്തിക്കുന്നത് അംബാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ്. രാജ്യത്തിന്റെ സമ്പാദ്യങ്ങളായ റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം അവർ അദാനിക്ക് നൽകിക്കഴിഞ്ഞു. അതേസമയം, പാവപ്പെട്ടവർ ലോണോ റോഡുകളോ ആശുപത്രികളോ നല്ല വിദ്യാഭ്യാസമോ എന്തൊക്കെ ചോദിച്ചാലും മോദി ഒന്നും ചെയ്യില്ല. ദൈവം നേരിട്ട് അയച്ച ഒരാൾ സമ്പന്നർക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമായ കാര്യമാണ്. ഇന്ത്യയുടെ ഭരണഘടന വലിച്ചുകീറിക്കളയും എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. അവർ ഒരിക്കലും നമ്മുടെ ഭരണഘടനയെയോ ഇന്ത്യൻ പതാകയേയോ അംഗീകരിച്ചിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അവർ അത് തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻകൂടിയുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ആയിരത്തോളം വർഷം പഴക്കമുള്ള നമ്മുടെ പൈതൃകത്തിന്റെ അടയാളമാണ്, ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ഒക്കെ ജനക്ഷേമപരമായ ആശയങ്ങളുടെ സംഹിതയാണ് നമ്മുടെ ഭരണഘടന. അത് വെറുമൊരു പുസ്തകമല്ല. അതുകൊണ്ടുതന്നെ ഭരണഘടനയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പുതിയ മദ്യനയം നടപ്പാക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബാറുടമകളിൽ നിന്ന് 25 കോടി രൂപയുടെ വമ്പൻ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉടൻ രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ നശിപ്പിക്കുന്നത് അവരുടെ ജീവനും ജീവിതവും ആണ്. സംസ്ഥാനത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങി കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന് ആശയമാണ് മാസാദ്യത്തെ ഡ്രൈ ഡേയ്ക്ക് പിന്നിലുള്ള കാരണം. പിണറായി സർക്കാർ അധികാരത്തിലേറിയത് കേരളത്തെ മദ്യമുക്തമാകുമെന്ന് വാഗ്ദാനം ചെയ്താണ്. എന്നാൽ അതെല്ലാം കോഴക്ക് വേണ്ടി പിണറായി വെള്ളത്തിൽ മുക്കിയെന്ന് കെ സുധാകരൻ വിമർശിച്ചു.

കേരളത്തിലെ 900 ബാറുകളിൽ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോൾ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുൻപും വലിയൊരു തുക സമാഹരിച്ചതായാണ് കേൾക്കുന്നത്. കുടിശ്ശികയാണ് ഇപ്പോൾ പിരിക്കുന്നത്. ബാർ സമയപരിധി കൂട്ടുക, ഡ്രൈ ഡേ പിൻവലിക്കുക, ഐടി പാർക്കുകളിൽ മദ്യം വിൽക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് ഇപ്പോൾ സർക്കാരിന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബാറുകൾ തുറക്കാൻ ധനമന്ത്രി കെഎം മാണി ഒരുകോടി രൂപ കോഴ വാങ്ങി എന്ന ബാറൂടമകളുടെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷം വലിയ പ്രക്ഷോഭം നടത്തിയത്. തുടർന്ന് ധനമന്ത്രി കെഎം മാണിക്ക്‌ രാജിവെക്കേണ്ടിവന്നു. ഇപ്പോഴുള്ളത് 25 കോടിയുടെ ഇടപാട് ആണെന്നും എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് 2011 മുതൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ ഒബിസി സർട്ടിഫിക്കറ്റുകൾ മുസ്ലിങ്ങൾക്ക് നൽകിയത് വോട്ട് ബാങ്കിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിൽ 2010-ന് ശേഷം വിതരണം ചെയ്ത മുഴുവൻ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്അദ്ദേഹത്തിന്റെ പ്രതികരണം.

വോട്ട് ബാങ്ക് രാഷ്ട്രീയവും ഈ പ്രീണനരാഷ്ട്രീയവും എല്ലാ പരിധിയും കടന്നിരിക്കുന്നു. ഇന്ന് കോടതി അവരുടെ മുഖത്തടിച്ചു. ഖാൻ മാർക്കറ്റ് ഗാങ് ആണ് ഈ പാപങ്ങൾക്ക് ഉത്തരവാദികൾ. രാജ്യത്തിന്റെ വിഭവങ്ങൾക്കുമേൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് അവർ പറയുന്നു. വോട്ടിന് പകരമായി പ്രതിപക്ഷം സർക്കാർ ഭൂമി വഖഫ് ബോർഡുകൾക്ക് നൽകുകയാണ്. രാജ്യത്തിന്റെ ബജറ്റിൽ 15 ശതമാനം ന്യൂനപക്ഷത്തിനുവേണ്ടി മാറ്റിവെക്കാനാണ് ഇവർ താൽപര്യപ്പെടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബാങ്ക് വായ്പകളും സർക്കാർ ടെൻഡറുകളും മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനാണ് ഇക്കൂട്ടർ സിഎഎയെ എതിർക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ലക്‌നൗ: ഇന്ത്യാ സഖ്യ റാലിക്കിടെ വൻ സംഘർഷം. ഉത്തർപ്രദേശിലാണ് സംഭവം. അസംഘട്ടിലെ റാലിയിലാണ് സംഘർഷം നടന്നത്. റാലിക്കിടെ സമാജ് വാദി പാർട്ടിയുടെ പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു.

പ്രവർത്തകർക്കിടയിലുണ്ടായ ചെറിയ തർക്കം പിന്നീട് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രവർത്തകർ കസേരകളെടുത്ത് തമ്മിലടിക്കുകയും റാലി നടന്ന മൈതാനത്തെ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തദ്ദേശ വാർഡ് പുനർനിർണയം സംബന്ധിച്ച് സർക്കാറിന്റേത് ഏകപക്ഷീയ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്നാൽ, ഈ സർക്കാർ അത്തരമൊരു തീരുമാനം കൈക്കൊണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സർക്കാർ തുറന്നുവെക്കുന്നതെങ്കിൽ അതിനെ നിയമപരമായി നേരിടും. പുനർനിർണയത്തിന്റെ പേരിൽ കൃത്രിമം കാട്ടാൻ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ വാർഡ് പുനർനിർണയം യുഡിഎഫ് അനുവദിക്കൂ. മാനദണ്ഡങ്ങൾ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാർഡ് ഉണ്ടാക്കുന്ന പഴയ രീതി പിന്തുടരാൻ സമ്മതിക്കില്ല. കെടുകാര്യസ്ഥതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും വി ഡി സതീശൻ അറിയിച്ചു.

രണ്ട് ദിവസം മഴ പെയ്തപ്പോൾ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇത് മൺസൂൺ അല്ല, പ്രീ മൺസൂൺ ആണെന്ന് സർക്കാർ ഓർക്കണം. മഴക്കാല പൂർവ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശങ്ങളും നൽകിയില്ല. മഴക്കാല പൂർവ ശുചീകരണം നടത്താതെ ബോധവത്കരണ ജാഥകളാണ് പല സ്ഥലങ്ങളിലും നടക്കുന്നത്. ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല. വലിയ മഴ വന്നാൽ കേരളത്തിലെ സ്ഥിതി എന്താകും? ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ പോലുമില്ല. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയപാത നിർമ്മാണം വലിയ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നിട്ടും സർക്കാർ അനങ്ങുന്നില്ല. ആരോഗ്യ രംഗത്തും ഗൗരവതരമായ വിഷയങ്ങളാണ് റിപ്പോട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടിയിട്ടും ആരോഗ്യവകുപ്പ് അധികൃതർ ശ്രദ്ധിക്കുന്നില്ല. മഞ്ഞപ്പിത്തം ബാധിച്ച് പാവങ്ങളാണ് ആശുപത്രികളിൽ കിടക്കുന്നത്. അവർക്ക് സർക്കാർ ഒരു സഹായവും നൽകുന്നില്ല. കുറേപ്പേർ മരിച്ചു. ആരും അന്വേഷിക്കുന്നില്ല. കൊടും ചൂടുള്ളപ്പോൾ നിരവധി പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. നിരവധി പേർക്ക് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെട്ടു. ഇതൊക്കെ കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങളാണോ, അതോ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയമാണോ എന്നൊക്കെയുള്ള ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുമ്‌ബോഴും ആരോഗ്യ വകുപ്പ് നിസംഗരായി നിൽക്കുകയാണ്. ഇത്രയും കെടുകാര്യസ്ഥതയുള്ള സർക്കാർ വേറെ എവിടെയുണ്ടെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് എല്ലാ വകുപ്പിലും നടക്കുന്നത്. ആരോഗ്യവകുപ്പിലെ ഒരോ വിഷയങ്ങളിലും റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഉത്തരവുകളെല്ലാം ചേർത്താൽ ഒരു പുസ്തകം ഇറക്കാം. ഒരു റിപ്പോർട്ടിലും നടപടിയില്ല. കേരളം ഗുണ്ടകളുടെ കൈപ്പിടിയിലാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് നിസാഹായരായി നിൽക്കുകയാണ്. രണ്ടായിരത്തോളം ഗുണ്ടകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഏത് സമയത്തും ആരും കൊല ചെയ്യപ്പെടാമെന്ന സ്ഥിതിയാണ്. ഗുണ്ടകളെത്തി വീടുകൾ അടിച്ചു പൊളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങൾക്കെതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾക്കെതിരെ താൻ ഒരു അക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റേത് പ്രീണന രാഷ്ട്രീയമാണ്, കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്നു. മതാടിസ്ഥാത്തിൽ സംവരണം ഉണ്ടാകുന്നതിന് അംബേദ്കറും നെഹ്‌റുവും എതിരായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജസ്ഥാനിലും ഉത്തർപ്രദേശിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അവർ കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകും അത് വേണോ എന്നായിരുന്നു രാജസ്ഥാനിലെ പ്രസംഗത്തിൽ പ്രധാനമനത്രി നടത്തിയ പരാമർശം. കോൺഗ്രസ്- എസ്പി സഖ്യം ജയിച്ചാൽ അവർ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്റെ ആളുകൾക്ക് നൽകുമെന്നായിരുന്നു ഉത്തർപ്രദേശിൽ മോദി വ്യക്തമാക്കിയത്.