തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോഴിക്കോട് സംഘടിപ്പിച്ച സിപിഎം സെമിനാറിൽ താൻ പങ്കെടുക്കാത്തത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ സെമിനാറിനെ കളങ്കപ്പെടുത്താനുള്ള പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സ്നേഹവീട് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജൂലായ് 15, 24 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ പരിപാടിയിൽ പങ്കെടുക്കുമെന്ന് താൻ ഒരുമാസം മുമ്പ് തന്നെ ഏറ്റിരുന്നതാണ്. കഴിഞ്ഞ ദിവസം വരെ താൻ 14 ദിവസത്തെ ആയുർവേദ ചികിത്സയിലായിരുന്നു. സാധാരണ ഗതിയിൽ ഇന്ന് യാത്ര ചെയ്യാൻ പാടില്ലാത്തതാണ്. എന്നാൽ സഖാക്കൾ ഏൽപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതിരുന്നാലുള്ള വിഷമം ഓർത്താണ് രാവിലെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയത്. ഇതാണ് ചിലർ വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
പരാതി ഉണ്ടായിട്ടല്ല ഞാൻ ഇതൊന്നും പറയുന്നത്. വാർത്ത എഴുതുന്നവരാണ് സെമിനാറിൽ താൻ പങ്കെടുക്കുമെന്ന് തീരുമാനിച്ചത്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവർ തന്നെ പറഞ്ഞു. എത്രയോ ദിവസം മുമ്പ് ആ പരിപാടിയുടെ അജണ്ട സംഘാടകർ പ്രഖ്യാപിച്ചതാണ്. താൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോയെന്നും എന്തിനാണ് ശകുനം മുടക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

