കോഴിക്കോട്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ബിജെപി ഏജന്റുമാരാണെന്നും അദ്ദേഹം വിമർശിച്ചു.
സെമിനാറിൽ വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു. ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം. ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിൻറെ പരാമർശം സെമിനാറിന്റെ ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

