കൊല്ലം: റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജമായുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി പിടിയിൽ. കരുനാഗപ്പള്ളിയിലാണ് സംഭവം. കൊല്ലം വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്ക് ശ്രമിച്ചത്. റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. അഡൈ്വസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഇവർ ഹാജരാക്കിയിരുന്നു. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് വിവരം പോലീസിൽ അറിയിച്ചത്.
ജില്ലാ കളക്ടറാണ് റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പാണ്. അങ്ങനൊരു തസ്തികയേ ഇല്ലാത്തതിനാൽ കരുനാഗപ്പള്ളി തഹസീൽദാർ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. കരുനാഗപ്പള്ളി പൊലീസിനും കളക്ടർക്കും പരാതി നൽകുകയും ചെയ്തു.
പിന്നീട് യുവതി പിഎസ്‌സി ഓഫീസിലും വ്യാജ രേഖകളുമായി ചെന്നു. എൽഡി ക്ലാർക്ക് പരീക്ഷയിൽ 22-ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റും കാണിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ റാങ്ക് ലിസ്റ്റിൽ രാഖിയില്ലെന്ന് മനസിലാക്കിയ പിഎസ്‌സി ഉദ്യോഗസ്ഥർ രാഖിയേയും ഒപ്പമുണ്ടായിരുന്ന ഭർത്താവിനേയും തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഭർത്താവ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഉദ്യോഗാർത്ഥിയെ പിഎസ്‌സി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചുവെന്ന് വിളിച്ചറിയിച്ചു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒൻപത് മാസങ്ങൾക്ക് മുമ്പ് അഡൈ്വസ് മെമോയും ഈ മാസം മൂന്ന് എന്ന തീയതിയിൽ നിയമന ഉത്തരവും വ്യാജമായി തയ്യാറാക്കി രാഖി സ്വന്തം വിലാസത്തിലേക്ക് അയച്ചുവെന്ന വിവരം പുറത്തുവന്നത്.
എല്ലാ രേഖകളും വ്യാജമായി നിർമിച്ചതാണെന്ന് രാഖി പോലീസിനോട് സമ്മതിച്ചു. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത രാഖിയുടെ മറ്റ് ബന്ധുക്കൾക്ക് വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ വിശദമായി അന്വേഷണം പുരോഗമിക്കുകയാണ്.

