ക്ഷണം ലഭിച്ചാൽ എൻ ഡി എ യോഗത്തിൽ പങ്കെടുക്കും; പ്രതിപക്ഷ സഖ്യം വിടാനൊരുങ്ങി ജെ ഡി എസ്

ബെംഗളൂരു : തങ്ങൾക്ക് ക്ഷണം ലഭിച്ചാൽ എൻ ഡി എ യോഗത്തിൽ പങ്കെടുക്കുമെന്ന് ജെ ഡി എസ്. ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമുണ്ടാക്കാനായി 24 പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗളുരുവിൽ നടക്കാനിരിക്കെയാണ് ഇത്തരമൊരു പരാമർശവുമായി ജെ ഡി എസ് രംഗത്ത് വന്നത്. നാളെ നടക്കുന്ന എൻ ഡി എ യോഗത്തിൽ ഇവർ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമോ എന്നൊരു ചോദ്യമുയരുന്നില്ലെന്നും എന്നാൽ എൻ ഡി എ യോഗത്തിൽ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് ക്ഷണം കിട്ടിയാൽ തങ്ങളുടെ നിലപാട് അറിയിക്കാമെന്നും പാർട്ടി അധ്യക്ഷൻ ദേവഗൗഡ പറഞ്ഞു.

പാർട്ടി നേതൃത്വം ജെ ഡി എസ്സിനെ യോഗത്തിൽ ക്ഷണിച്ചെന്നാണ് കർണാടക ബി ജെ പി ജനറൽ സെക്രട്ടറി എൻ രവികുമാർ പറയുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ജെ ഡി എസ് – ബി ജെ പി സഖ്യം ഉണ്ടാക്കാനായി മുതിർന്ന നേതാക്കൾ ചർച്ച തുടങ്ങിയെന്നതാണ് മറ്റൊരു സത്യം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25 സീറ്റും ബി ജെ പി നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയാണ് ജെ ഡി എസിനെ ബി ജെ പിയുമായി അടുപ്പിക്കുന്നത്.