പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമ്മേളത്തിൽ പങ്കെടുക്കും; ആം ആദ്മി പാർട്ടി

ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമ്മേളത്തിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി. ബംഗളൂരുവിൽ തിങ്കളാഴ്ചയാണ് പ്രതിപക്ഷ സമ്മേളനം ആരംഭിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായുള്ള തന്ത്രം മെനയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സമ്മേളനം നടക്കുന്നത്. രണ്ടു ദിവസമാണ് സമ്മേളനം ചേരുക.

ഡൽഹിയിലെ ഭരണത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ വർധിപ്പിക്കുന്ന ഓർഡിനൻസിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിൽ പങ്കുചേരാൻ ആംആദ്മി പാർട്ടി തീരുമാനിച്ചത്.

തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ഓർഡിനൻസിനെതിരെ കൂടുതൽ കക്ഷികളുടെ പിന്തുണ ലഭിക്കുമെന്നാണ് ആംആദ്മി പ്രതീക്ഷിക്കുന്നത്. അതേസമയം, ഞായറാഴ്ച ചേർന്ന യോഗത്തിൽ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഓർഡിനൻസ് വിശദമായി ചർച്ച ചെയ്തുവെന്ന് ആം ആദ്മി എംപി രാഘവ് ഛദ്ധ അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, ആർജെഡി, ജെഡിയു, എൻസിപി, സമാജ്‌വാദി പാർട്ടി, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നീ പാർട്ടികൾ ദേശവിരുദ്ധമായ ഈ ഓർഡിനൻസിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.