Politics (Page 112)

കോഴിക്കോട്: ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയതിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശാസ്ത്രം മുന്നേറുമ്പോഴാണ് ഇത്തരത്തിൽ അപമാനിക്കുന്ന സംഭവമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാൻ -3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടു. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തിൽ അപമാനിക്കുന്ന രീതി. ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് ചില നേതാക്കളുടെ പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ വിഭജിക്കുന്നതിനുവേണ്ടിയുള്ള വർഗീയ ധ്രുവീകരണമാണ് സംഘപരിവാർ നടത്തുന്നത്. മണിപ്പുർ ഇന്ത്യയിലെവിടെയും നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഇതാണെന്നും അദ്ദേഹം വിമർശിച്ചു.

വി എസ് അച്യുതാനന്ദൻ പാടം നികത്തുന്നതിനെതിരെ സമരം നടത്തിയപ്പോൾ വെട്ടിനിരത്തലെന്നു പറഞ്ഞ് മാധ്യമങ്ങൾ അധിക്ഷേപിച്ചു. ആ വെട്ടിനിരത്തൽ കാരണമാണ് കേരളം ഇങ്ങനെ നിലനിൽക്കുന്നത്. മണ്ണ് മാഫിയയെ ശക്തമായി നേരിടണമെന്നാണ് എപ്പോഴത്തെയും നിലപാടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ബംഗളൂരു: കർണാടകയിൽ ഒരു കോടിയിലധികം വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് ഇന്ന് തുടക്കമാകും.1. 1 കോടി വീട്ടമ്മമാരായിരിക്കും ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി. കെ ശിവകുമാറും മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രത്യേക പ്രാർത്ഥനകൾ നടത്തി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഗൃഹലക്ഷ്മി പദ്ധതിക്കായി 17 500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മെയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. ഒരു ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രിവിലേജ് കമ്മിറ്റി ഓഫ് ലോക്‌സഭ കോൺഗ്രസ് നേതാവ് അധീർ രജ്ഞൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. ഈ മാസം ആദ്യം അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെയുള്ള മോശം പെരുമാറ്റത്തെ തുടർന്നായിരുന്നു അധീർ രജ്ഞൻ ചൗധരിയെ പാർലമെന്റ് സസ്പെൻഡ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ നടന്ന മോശം പെരുമാറ്റത്തിനെതിരെ കോൺഗ്രസ്സ് നേതാവിനോട് പാർലമെന്ററി അഫേഴ്സ് മന്ത്രിയും മാപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധീർ രജ്ഞൻ ചൗധരി മാപ്പ് പറഞ്ഞിരുന്നില്ല. തുടർന്ന് ഭൂരിപക്ഷത്തോട് കൂടി ഇദ്ദേഹത്തെ പാർലമെന്റിൽ വിലക്കുകയായിരുന്നു.

അതേ സമയം ചൗധരിയുടെ വിലക്ക് നീക്കാനുള്ള പ്രമേയം ലോക്‌സഭ അംഗീകരിച്ചു. നേതാക്കൾക്കെതിരെയുള്ള ഇത്തരം നടപടികൾ അവിശ്വസനീയവും ജനാധിപത്യവിരുദ്ധവുമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചത്.

ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാളിനെതിരെ ഗുരുതര ആരോപണവുമായി മുൻ രാജ്യസ്ഥാൻ സ്പീക്കറും ബി ജെ പി എം എൽ എ യുമായ കൈലാഷ് ചന്ദ്ര മേഘ്വാൾ. അർജുൻ റാം അഴിമതിക്കാരിൽ ഒന്നാമനാണെന്ന് ആരോപിച്ച കൈലാഷ് ചന്ദ്ര അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

പാവപ്പെട്ടവനെന്നോ പിന്നോക്കക്കാരനെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം പണം വാങ്ങുന്നതെന്നും കൈലാഷ് ചന്ദ്ര കൂട്ടിച്ചേർത്തു. ‘അഴിമതി കേസുകളിൽ നിന്നും രക്ഷനേടാനാണ് അർജുൻ റാം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് കളക്ടറായിരിക്കെ അർജുൻ നടത്തിയത് എന്നുമാണ് കൈലാഷ് വെളിപ്പെടുത്തിയത്.

കൊൽക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തിന് വഴിമാറേണ്ടി വരുമെന്ന് മമത ബാനർജി പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അവർ ഭരണഘടന തന്നെ മാറ്റുമെന്നും മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിന്റെ റാലിയിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം അറിയിച്ചത്.

ഈ ഡിസംബറിൽ തന്നെ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താൻ സാദ്ധ്യതയുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്ലിനെ സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമർശം.

ഇടത് മുന്നണിയെ ബംഗാളിൽ നിന്ന് നീക്കം ചെയ്യാൻ തങ്ങൾക്ക് കഴിയുമെന്ന് ആരും വിചാരിച്ചില്ല. എന്നാൽ തങ്ങളവരെ നീക്കി. ബിജെപിയെ കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ തങ്ങൾ അത് ചെയ്യും. ഇന്ന് ബിജെപിക്ക് മാത്രമാണ് സ്വാതന്ത്ര്യം. മറ്റാർക്കും സംസാരിക്കാൻ സ്വാതന്ത്ര്യമില്ല. തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും മമത ആരോപിക്കുന്നു.

തിരുവനന്തപുരം : സ്കൂൾ കുട്ടികളുടെ ഇന്റർവെൽ ടൈം കൂട്ടണമെന്ന നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ വിവരം പങ്ക് വച്ചത്. ‘ഇന്റർവെൽ സമയം നീട്ടുമ്പോൾ പ്രാഥമിക ആവശ്യം നിർവഹിക്കാൻ കുട്ടികൾക്ക് കൂടുതൽ സമയം ലഭിക്കും. അതുകൊണ്ടുതന്നെയാണ് കുട്ടികളുടെ ഇന്റർവെൽ വർധിപ്പിക്കണമെന്ന് നിവിൻപോളി തന്നോട് ആവശ്യപ്പെട്ടത്. അതിനുള്ള നടപടി സ്വീകരിക്കുമെന്ന്നടനെ അറിയിച്ചിട്ടുണ്ട് ‘എന്നുമായിരുന്നു മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞത്. നെടുമങ്ങാട് വച്ച് നടന്ന ഓണാഘോഷ പരിപാടികൾക്കിടയാണ് നിവിൻ പോളി ഈ ആവശ്യം ഉന്നയിച്ചതെന്ന് മന്ത്രി കുറിച്ചു.

ഡൽഹി : ഡൽഹി മെട്രോ സ്റ്റേഷനിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തി. ശിവജി പാർക്, മാദിപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനിലാണ് ചുവരെഴുത്തുകൾ കാണപ്പെട്ടത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക് ഫോർ ജസ്റ്റിസ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കാൻ പോകുന്ന ജി -20 യെപറ്റിയും ചുവരെഴുത്തിൽ പരാമർശം ഉണ്ട്.

കേന്ദ്രസർക്കാരിനെതിരെയും ഖാലിസ്ഥാൻ രാജ്യം നടപ്പാക്കാൻ പോകുന്നതിനെ പറ്റിയും എഴുത്തിൽ പറയുന്നുണ്ട്. വിവരം ചർച്ചയായതോടെ പോലീസെത്തി ചുവരെഴുത്തുകൾ മായിച്ചു കളഞ്ഞു. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നതിനാൽ ചുവരെഴുത്ത് കണ്ട സ്ഥലങ്ങളിൽ എല്ലാം അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂ ഡൽഹി : കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് റെയിൽവേ അനുവദിച്ചു. ഇന്ന് വൈകിട്ട് മംഗലാപുരത്ത് നിന്ന് 8 കോച്ചുകൾ അടങ്ങിയ നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിലേക്ക് പുറപ്പെടുന്നത്. മംഗലാപുരം- എറണാകുളം, മംഗലാപുരം – തിരുവനന്തപുരം എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് പുതുതായി അനുവദിച്ച വന്ദേ ഭാരതത്തിന് നൽകാൻ പോകുന്നത്.

എന്നാൽ മംഗലാപുരം- തിരുവനന്തപുരം അനുവദിക്കണമെങ്കിൽ രണ്ട് റേക്കുകൾ കൂടി വേണ്ടി വരുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കേന്ദ്രം അനുവദിക്കുന്ന രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ വന്ദേ ഭാരത് കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനം ആണ്. രാജ്യത്തെ ഏറ്റവും ജനത്തിരക്കുള്ള വന്ദേ ഭാരത് തിരുവനന്തപുരം- കാസർഗോഡ് ആണെന്ന് അടുത്തിടെ റെയിൽവേ വ്യക്തമാക്കിയിരുന്നു.

കൊച്ചി : കേരളത്തിന്റെ കൃഷി മന്ത്രി പി പ്രസാദടക്കമുള്ള മന്ത്രിമാരെ മുന്നിലിരുത്തി കർഷകർക്ക് വേണ്ടി സംസാരിച്ച് നടൻ ജയസൂര്യ. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് നൽകിയ കർഷകർക്ക് പണം ലഭിക്കാത്തതിനാൽ അവർ തിരുവോണദിവസം ഉപവാസ സമരം ഇരിക്കുകയാണെന്നാണ് നടൻ പറഞ്ഞത്. കർഷകരുടെ സമരത്തെപ്പറ്റി ഈ വേദിയിൽ സംസാരിക്കുന്നത് പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണെന്നും നടൻ അഭിപ്രായപ്പെട്ടു . കളമശ്ശേരി കാർഷികോത്സവത്തിൽ ആയിരുന്നു ജയസൂര്യ ഇക്കാര്യം ഉന്നയിച്ചത്. പുതിയ തലമുറയിൽ യുവാക്കൾ ആരും കൃഷിയിലേക്ക് തിരിയാത്ത കാര്യം മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിന് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും നടൻ അഭ്യർത്ഥിച്ചു.

‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ് സപ്ലൈകോയ്ക്ക് നെല്ല് കൊടുത്തിട്ട് ഇതുവരെയും പണം ലഭിച്ചിട്ടില്ല. കർഷകർ തിരുവോണദിവസം പട്ടിണികിടന്ന് സമരം ചെയ്യുമ്പോൾ അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്’ എന്നായിരുന്നു നടൻ പറഞ്ഞത്. താൻ പറഞ്ഞതിനെ തെറ്റിദ്ധരിക്കരുതെന്നും പ്രത്യേകം കണ്ടു പറയുന്നതിനേക്കാൾ വേദിയിൽ പറയുമ്പോൾ ഗൗരവമായി എടുക്കുമെന്ന് കരുതിയാണ് ഇവിടെ ഇക്കാര്യം ഉന്നയിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

ന്യൂ ഡൽഹി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽ നാടന്റെ നിയമ സ്ഥാപനം. നിയമ സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്തിയതിൽ രണ്ടുകോടി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഹൻ തവാനിയെന്ന സുപ്രീംകോടതി അഭിഭാഷകനാണ് നിയമ സ്ഥാപനത്തിനുവേണ്ടി നോട്ടീസയച്ചത്.

കൊച്ചിയിൽ വെച്ച് ആഗസ്റ്റ് 15 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ എം എൻ പി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ബംഗളൂരു, ഗുവാഹട്ടി, ദുബായ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ടെന്ന് മോഹനൻ പറഞ്ഞിരുന്നു. ഈ ഓഫീസ് ഉപയോഗിച്ചാണ് കള്ളപ്പണം നടത്തുന്നതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. എന്നാൽ ദുബായിൽ തങ്ങൾക്ക് ഓഫീസ് ഇല്ലെന്നും കള്ളപ്പണം വെളുപ്പിക്കുന്നെന്ന് ആരോപിച്ചത് നിയമസ്ഥാപനത്തിന് മാന നഷ്ടം ഉണ്ടാക്കിയെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. അതിനാൽ സി എൻ മോഹനൻ മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.