Politics (Page 113)

തിരുവനന്തപുരം : സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായത്തിഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ടോട്ടക്സ് മോഡലിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിനായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡറിൽ 45 ശതമാനത്തോളം അധിക തുക കോട്ട് ചെയ്തിരുന്നു. ഇത് നടപ്പാക്കിയാൽ ഉപഭോക്താക്കൾക്ക് 80 രൂപയോളം അധികഭാരം വരുമെന്ന് കണക്കാക്കിയാണ് സർക്കാർ ടെൻഡർ റദ്ദാക്കിയത്. ശേഷം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനുള്ള ബദൽ മാർഗ്ഗം നിർദ്ദേശിക്കാൻ സർക്കാർ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു.

അതിന്റെ തുടർപ്രവർത്തനങ്ങൾ നടന്നു വരികയാണ്. പുതിയ സംവിധാനത്തിൽ ബില്ലിംഗ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയർ കെഎസ്ഇബി തന്നെ രൂപപ്പെടുത്തും. കെ ഫോൺ പ്രാബല്യത്തിൽ ആയതുകൊണ്ട് കെഎസ്ഇബിയ്ക്ക് സൗജന്യമായി നൽകിയ ഫൈബർ ഒപ്റ്റിക് കേബിൾ ഉപയോഗിച്ച് ആയിരിക്കും വിവരവിനിമയം നടത്തുന്നത്. കെഎസ്ഇബിയുടെ ഡാറ്റാ സെന്റർ ഉപയോഗിച്ചാകും ഡാറ്റാ സ്റ്റോറേജ് ചെയ്യുന്നത്.

പഴയ മീറ്റർ മാറ്റി സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ കെഎസ്ഇബി തന്നെ ചെയ്യും എന്നാണ് യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. വൈദ്യുതിയുടെ വിതരണ- ഉപപ്രസരണ മേഖലയിലെ നവീകരണത്തിന് ഒന്നാംഘട്ടത്തിൽ കേന്ദ്രസർക്കാർ 4000 കോടി സമർപ്പിച്ചിരുന്നു. ഇവ കൂടാതെ 10000 കോടിയുടെ പദ്ധതിക്ക് കൂടി അനുമതി നൽകുമെന്ന് കേന്ദ്ര ഊർജ്ജവകുപ്പ് മന്ത്രി ഉറപ്പുനൽകിയതായി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

ചെന്നൈ : ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇടതുപക്ഷവും ഡിഎംകെയും തമ്മിൽ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള സഖ്യമല്ല ആശയപരമായ സഖ്യമാണുള്ളതെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

‘ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ചേർന്ന് ബിജെപിയെ പരാജയപെടുത്തും. സി.എ ജി നരേന്ദ്രമോദിയുടെ 7 അഴിമതികൾ കണ്ടെത്തിയതിനാൽ നരേന്ദ്രമോദിക്ക് അഴിമതിയെ പറ്റി സംസാരിക്കാൻ അർഹതയില്ലെന്നും സ്റ്റാലിൻ പ്രതികരിച്ചു.

‘ജനങ്ങൾക്ക് നൽകിയ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പോലും നടപ്പിലാക്കാതെ രാജ്യത്തെ വിഭജിക്കുന്ന പ്രക്രിയയാണ് മോദി ചെയ്യുന്നത്. അടുത്ത ഇന്ത്യ മുന്നണി യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകും.’ സ്റ്റാലിൻ വിശദമാക്കി.

തിരുവനന്തപുരം : ഓണത്തിരക്ക് കലശലായി നടക്കുന്നതിനിടെ റേഷൻ കടയിലെ ഇ പോസ് മെഷീൻ തകരാറിലായി. ബയോമെട്രിക് രീതിയിലുള്ള വിതരണം പരാജയപ്പെട്ടതിനാൽ മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ ടി പി വഴിയാണ് റേഷൻ വിതരണം നടക്കുന്നത്. മിക്ക ജില്ലകളിലും ഈ പോസ് മെഷീൻ തകരാറിലായതോടെ ഓണക്കിറ്റ് വിതരണവും സ്പെഷ്യൽ അരിവിതരണവും മുടങ്ങുമെന്നാണ് സർക്കാർ ആശങ്കപ്പെടുന്നത്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആശങ്ക തുടരുന്നതിനിടെയാണ് ഇ പോസ് മെഷീനിന്റെ തകരാർ.

ഓണത്തിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോൾ 10% കിറ്റ് വിതരണം മാത്രമാണ് നടന്നിരിക്കുന്നത്. 587691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് സംസ്ഥാനത്താകെ കിറ്റ് നൽകാനുള്ളത്. 62231 കിറ്റുകളാണ് ഇതുവരെയുമുള്ള കണക്ക് പ്രകാരം വിതരണം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മുമ്പായി മുഴുവൻ കിറ്റുകളും പാക്ക് ചെയ്ത് റേഷൻ കടകളിൽ എത്തിക്കണമെന്ന് സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്. റെയ്ഡോയുടെ കറി പൊടികളും മിൽമയുടെ പായസം മിക്സും കിട്ടാത്ത സാഹചര്യമുണ്ട്. ഇനിയും ഇവ കിട്ടാത്ത സാഹചര്യത്തിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിങ് പൂർത്തിയാക്കാനാണ് ഗവണ്മെന്റ് തീരുമാനം.

ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയുണ്ടെന്നറിയിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. 2025-ലാണ് ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിലെ എഎപി നേതാക്കളും പ്രവർത്തകരുമായി എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിഹാറിൽ പാർട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ സന്ദീപ് ഉയർത്തിക്കാട്ടി. ഡൽഹിയിൽ നിന്നുള്ള എഎപി എംഎൽഎയും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും പാർട്ടി ശക്തിപ്പെടുത്തുന്നതിനായി കമ്മിറ്റി രൂപീകരണമെന്ന നിർദ്ദേശം യോഗം മുന്നോട്ടുവെച്ചു. ബിഹാറിൽ മത്സരിക്കുമെങ്കിലും എപ്പോൾ വേണമെന്നത് പാർട്ടി തീരുമാനിക്കും. നേരിട്ട് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാവില്ല. അതിനായി ആദ്യം സംഘടനയെ ശക്തിപ്പെടുത്തണം. എല്ലാ ഗ്രാമങ്ങളിലും പാർട്ടിക്ക് സ്വന്തമായി കമ്മിറ്റിയുണ്ടാക്കണം. അതിനായി ഇപ്പോൾ മുതൽ തന്നെ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടന ശക്തമായിത്തീരുന്ന മുറയ്ക്ക്, ബിഹാറിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായങ്ങൾ പലതാണെങ്കിലും രാജ്യം ആദ്യം വരണമെന്ന് ഇന്ത്യാ സഖ്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം : ജനങ്ങൾക്ക് ഈ വട്ടത്തെ ഓണം സന്തോഷകരമായിരിക്കും എന്ന് വ്യവസായ മന്ത്രി പി രാജീവ്. ജനങ്ങളുടെ സന്തോഷം കാണാൻ കഴിയാത്തവർക്കാണ് ഈ വട്ടം സങ്കടകരമായ ഓണം. സംസ്ഥാനം പ്രതിസന്ധിയിൽ ആയിട്ടും ധനവകുപ്പ് ശരിയായ രീതിയിൽ കാര്യങ്ങൾ നടത്തിവരുന്നുണ്ട്. കളമശ്ശേരിയിൽ വച്ച് നടന്ന കാർഷികോത്സവത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം ഓണം എത്തിയിട്ടും ഓണക്കിറ്റ് പോലും ശരിയായ രീതിയിൽ വിതരണം ചെയ്യാതെ ഇരിക്കുകയാണ് സർക്കാർ. ഈ വട്ടം മഞ്ഞക്കാർഡ് കാർക്ക് മാത്രമാണ് കിറ്റ് നൽകുന്നതെങ്കിലും 10 ശതമാനം കിറ്റ് വിതരണം മാത്രമേ ഇതുവരെയും പൂർത്തി ആയിട്ടുള്ളൂ. 62231 കിറ്റുകളുടെ വിതരണമാണ് കഴിഞ്ഞ രാത്രി വരെ നടന്നത്. മിൽമയുടെ പായസം മിക്സും റെയ്ഡ് കോയുടെ കറിപ്പൊടികളും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. തുടർന്ന് മറ്റ് കമ്പനികളുടേത് വാങ്ങി കിറ്റ് വിതരണം ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

വ്യാഴാഴ്ച പ്രഖ്യാപിച്ച 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ കനക്കുകയാണ്. തമിഴിൽ നിന്നുള്ള മികച്ച ചിത്രങ്ങളെ ജൂറി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. കർണ്ണൻ, ജയ് ഭീം എന്നീ ചിത്രങ്ങളെ ജൂറി പൂർണമായും തള്ളിയെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ. ഇതിനെതിരെ പ്രതികരിച്ച് നടൻ പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുകയാണ്.’ ഗാന്ധിയെ കൊന്ന ആളുകൾക്ക് ഭരണഘടന ഉണ്ടാക്കിയ അംബേദ്കറും അത് പോലെ തന്നെയാണ്. അംബേദ്കറിന്റെ തത്വങ്ങൾ നശിപ്പിക്കാൻ നോക്കുന്നവർ ജയ് ഭീമിന് ഒരിക്കലും അവാർഡ് നൽകില്ല’. ജയ് ഭീം എന്ന മറാത്തി കവിത എഴുതി അതിനോടൊപ്പം ആയിരുന്നു പ്രകാശ് രാജ് എക്സിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

അതേസമയം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് ദ കശ്മീർ ഫയൽസിന് നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയനേട്ടത്തിനായി ദേശീയ അവാർഡ്ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേ സമയം ദേശീയ അവാർഡിൽ നിന്ന് ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നീ സിനിമകൾ ഒഴിവാക്കപ്പെട്ടതാണ് തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. ജയ് ഭീമിൽ ലിജോ മോളുടെ അഭിനയത്തിന് ദേശീയ അവാർഡ് നൽകണമെന്നും ആരാധകരുടെ വാദിക്കുന്നുണ്ട്.

ആലപ്പുഴ: വിശ്വാസങ്ങളെ അതിന്റെ രീതിയിൽ തന്നെ വിടുന്നതാണ് നല്ലതെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കാര്യങ്ങളെ കുറിച്ച് വേണ്ടത്ര ബോധ്യമില്ലെങ്കിൽ അതിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഗണപതി ഭഗവാൻ മിത്താണെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശത്തിന് പ്രസക്തിയേറുന്നത്.

പലരും തോന്നിയത് വിളിച്ചുപറയുന്നത് പ്രത്യയ ശാസ്ത്ര ബോധമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മുതുകുളത്ത് നടന്ന ഓണപ്പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

തിരുവനന്തപുരം : പൗര പ്രമുഖർക്കായി നിയമസഭയിൽ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കറുടെ ഓണസദ്യയുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് പ്രോട്ടോകോൾ വകുപ്പിന്റെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കിയത്.

നിയമസഭയിൽ തന്നെയാണ് ചോറും വിഭവങ്ങളും പാചകം ചെയ്തത്. രണ്ടുതരം പഴവും അഞ്ചുതരം പായസവും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം എൻ ഷംസീറും ഹാളിനു മുന്നിൽ നിന്നാണ് അതിഥികളെ വരവേറ്റത്.

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മന്ത്രിസഭ പുതുക്കി ബിജെപി സർക്കാർ. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്ന് മാസം മാത്രമുളളപ്പോഴാണ് മന്ത്രിസഭാ വിപുലികരണം നടന്നത്. മൂന്ന് പേരെ കൂടി പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശ് ഗവർണർ മംഗു ഭായ് പട്ടേൽ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാഹുൽ ലോധി.ഗൗരിശങ്കർ ബൈസൻ,രാജേന്ദ്ര ശുക്ല തുടങ്ങിയവരാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗൗരിശങ്കർ ബൈസൻ മഹാകൗശൽ മേഖലയിലും രാജേന്ദ്ര ശുക്ല വിന്ധ്യാ മേഖലയിലെയും പ്രമുഖ നേതാക്കളാണ്.

സംസ്ഥാനത്ത് 45 ശതമാനത്തോളം ഒബിസി വിഭാഗത്തിലുളളവരെ ഉൾപ്പെടുത്തുക എന്നതാണ് ബിജെപി മന്ത്രിസഭാ പരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ന്യൂ ഡൽഹി : 2024ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യോഗത്തിൽ കൂടിയാലോചിച്ചെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങൾ പ്രതിഫലിക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എല്ലാ പാർട്ടികൾക്കും സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

‘രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നത് വെറും 31 ശതമാനം വോട്ടിനാണ്. ബാക്കിയുള്ള 69% വോട്ടും അദ്ദേഹത്തിന് എതിരാണ്. ബംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുശേഷം ബിജെപി വിരണ്ടിട്ടുണ്ട്. നരേന്ദ്രമോദിയെ പോലെ ഒരു പ്രധാനമന്ത്രിയും അഹങ്കാരി ആകാൻ പാടില്ല.’ എന്നുമായിരുന്നു ഗെഹ് ലോട്ട് പറഞ്ഞത്.

ഇനി വരാൻ പോകുന്ന 2024 ലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടി നരേന്ദ്രമോദി ജയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാൻ ആർക്കും കഴിയില്ല. 2014 ൽ ബിജെപി അധികാരത്തിൽ എത്താൻ കാരണം കോൺഗ്രസ് തന്നെയാണെന്ന മോദിയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.