കൊച്ചി : കേരളത്തിന്റെ കൃഷി മന്ത്രി പി പ്രസാദടക്കമുള്ള മന്ത്രിമാരെ മുന്നിലിരുത്തി കർഷകർക്ക് വേണ്ടി സംസാരിച്ച് നടൻ ജയസൂര്യ. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് നൽകിയ കർഷകർക്ക് പണം ലഭിക്കാത്തതിനാൽ അവർ തിരുവോണദിവസം ഉപവാസ സമരം ഇരിക്കുകയാണെന്നാണ് നടൻ പറഞ്ഞത്. കർഷകരുടെ സമരത്തെപ്പറ്റി ഈ വേദിയിൽ സംസാരിക്കുന്നത് പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണെന്നും നടൻ അഭിപ്രായപ്പെട്ടു . കളമശ്ശേരി കാർഷികോത്സവത്തിൽ ആയിരുന്നു ജയസൂര്യ ഇക്കാര്യം ഉന്നയിച്ചത്. പുതിയ തലമുറയിൽ യുവാക്കൾ ആരും കൃഷിയിലേക്ക് തിരിയാത്ത കാര്യം മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിന് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും നടൻ അഭ്യർത്ഥിച്ചു.
‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ് സപ്ലൈകോയ്ക്ക് നെല്ല് കൊടുത്തിട്ട് ഇതുവരെയും പണം ലഭിച്ചിട്ടില്ല. കർഷകർ തിരുവോണദിവസം പട്ടിണികിടന്ന് സമരം ചെയ്യുമ്പോൾ അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്’ എന്നായിരുന്നു നടൻ പറഞ്ഞത്. താൻ പറഞ്ഞതിനെ തെറ്റിദ്ധരിക്കരുതെന്നും പ്രത്യേകം കണ്ടു പറയുന്നതിനേക്കാൾ വേദിയിൽ പറയുമ്പോൾ ഗൗരവമായി എടുക്കുമെന്ന് കരുതിയാണ് ഇവിടെ ഇക്കാര്യം ഉന്നയിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

