ശാസ്ത്രം മുന്നേറുമ്പോഴാണ് ഇത്തരത്തിൽ അപമാനിക്കുന്ന സംഭവം: ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയതിൽ എം വി ഗോവിന്ദൻ

കോഴിക്കോട്: ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയതിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശാസ്ത്രം മുന്നേറുമ്പോഴാണ് ഇത്തരത്തിൽ അപമാനിക്കുന്ന സംഭവമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാൻ -3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടു. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തിൽ അപമാനിക്കുന്ന രീതി. ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് ചില നേതാക്കളുടെ പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ വിഭജിക്കുന്നതിനുവേണ്ടിയുള്ള വർഗീയ ധ്രുവീകരണമാണ് സംഘപരിവാർ നടത്തുന്നത്. മണിപ്പുർ ഇന്ത്യയിലെവിടെയും നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഇതാണെന്നും അദ്ദേഹം വിമർശിച്ചു.

വി എസ് അച്യുതാനന്ദൻ പാടം നികത്തുന്നതിനെതിരെ സമരം നടത്തിയപ്പോൾ വെട്ടിനിരത്തലെന്നു പറഞ്ഞ് മാധ്യമങ്ങൾ അധിക്ഷേപിച്ചു. ആ വെട്ടിനിരത്തൽ കാരണമാണ് കേരളം ഇങ്ങനെ നിലനിൽക്കുന്നത്. മണ്ണ് മാഫിയയെ ശക്തമായി നേരിടണമെന്നാണ് എപ്പോഴത്തെയും നിലപാടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.