ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന തന്നെ മാറ്റും; മമത ബാനർജി

കൊൽക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തിന് വഴിമാറേണ്ടി വരുമെന്ന് മമത ബാനർജി പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അവർ ഭരണഘടന തന്നെ മാറ്റുമെന്നും മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിന്റെ റാലിയിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം അറിയിച്ചത്.

ഈ ഡിസംബറിൽ തന്നെ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താൻ സാദ്ധ്യതയുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്ലിനെ സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമർശം.

ഇടത് മുന്നണിയെ ബംഗാളിൽ നിന്ന് നീക്കം ചെയ്യാൻ തങ്ങൾക്ക് കഴിയുമെന്ന് ആരും വിചാരിച്ചില്ല. എന്നാൽ തങ്ങളവരെ നീക്കി. ബിജെപിയെ കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ തങ്ങൾ അത് ചെയ്യും. ഇന്ന് ബിജെപിക്ക് മാത്രമാണ് സ്വാതന്ത്ര്യം. മറ്റാർക്കും സംസാരിക്കാൻ സ്വാതന്ത്ര്യമില്ല. തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും മമത ആരോപിക്കുന്നു.