Politics (Page 104)

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നതോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റംവരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ശൈലിയിലുള്ള യൂണിഫോമാകും പുതുതായി വരികയെന്ന് ഉന്നതതല വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ മുദ്രയുള്ള ഷര്‍ട്ടും കാക്കി നിറത്തിലുള്ള അയഞ്ഞ പാന്റും നെഹ്രു ജാക്കറ്റും പുതിയ യൂണിഫോമായി വരും. പ്രത്യേകം തയ്യാറാക്കിയ സാരിയാവും വനിതാ ജീവനക്കാരുടെ പുതിയ യൂണിഫോം. മണിപ്പൂരി തലപ്പാവും കന്നഡ തലപ്പാവും രാജ്യസഭയിലെയും ലോക്‌സഭയിലെയും മാര്‍ഷല്‍മാരുടെ യൂണിഫോമിന്റെ ഭാഗമാകും
യൂണിഫോമില്‍ മാത്രമല്ല മാറ്റം. പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കമാന്‍ഡോ പരിശീലനം നല്‍കുകയും അവരുടെ സഫാരി സ്യൂട്ടിനുപകരം സൈനികരുടേതിന് സമാനമായ യൂണിഫോം വരികയും ചെയ്യും. പുതിയ പാര്‍ലമെന്റില്‍ രാജ്യസഭയിലെ കാര്‍പെറ്റിലും താമരയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാന മുദ്രയാവും യൂണിഫോമിലും ഉണ്ടാകുക എന്നാണ് സൂചന. ദേശീയ പുഷ്പമാണ് താമര എങ്കിലും അത് ബിജെപിയുടെ ചിഹ്നംകൂടി ആയതിനാല്‍ ജീവനക്കാരുടെ യൂണിഫോമിലടക്കം താമരയുടെ മുദ്ര ആലേഖനം ചെയ്യപ്പെടുന്നത് രാഷ്ട്രീയ വിമര്‍ശനത്തിന് വഴിതെളിച്ചേക്കും

കേരളത്തില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഐ.എസ്. തീവ്രവാദി നബീല്‍ ഈ മാസം 16 വരെ എന്‍.ഐ.എ. കസ്റ്റഡിയില്‍. വിശദമായി ചോദ്യം ചെയ്യാന്‍ ഏഴുദിവസത്തെ കസ്റ്റഡിയാണ് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നത്. ഭീകരാക്രമണപദ്ധതിയില്‍ സെയ്ത് നബീല്‍ അഹമ്മദ് എന്ന നബീലിനു മുഖ്യപങ്കാളിത്തമുണ്ടെന്ന് എന്‍.ഐ.എ. കോടതിയില്‍ അറിയിച്ചിരുന്നു.തൃശൂര്‍ സ്വദേശിയായ നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്തതെന്നാണ് എന്‍ ഐ എ യുടെ കണ്ടെത്തല്‍. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. പ്രതിയെ ഗൂഢാലോചന നടന്ന കേന്ദ്രങ്ങളിലടക്കമെത്തിച്ചു തെളിവെടുപ്പു നടത്തും. പെറ്റ് ലവേര്‍സ് എന്നപേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടന്നത്.കേസിലെ രണ്ടാം പ്രതിയായ നബീലിനെ കഴിഞ്ഞ ആറിനു ചെെന്നെ വിമാനത്താവളത്തില്‍ നിന്നാണ് എന്‍.ഐ.എ. പിടികൂടിയത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നേപ്പാളിലേക്കു കടക്കാനെത്തിയതായിരുന്നു. കേരളത്തിലെ ഐ.എസ്. മൊഡ്യൂളിന്റെ പ്രധാനികളില്‍ ഒരാളാണ് നബീലെന്നും പാലക്കാടും തൃശൂരും നടന്ന ഗൂഢാലോചനകളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു കണ്ടെത്തല്‍.ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും പദ്ധതിയുണ്ടായിരുന്നു. ഐഎസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. കൊച്ചി പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നേരത്തെ റിമാന്റ്് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇതുവരെ 34 തവണ മാറ്റിവച്ച കേസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീർഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26ാം ഇനമായാണ് കോടതി ഇന്ന് കേൾക്കുക. ഇതുവരെ കേസ് മാറ്റിവയ്ക്കാനായി ആരും അപേക്ഷ നൽകിയിട്ടില്ല എന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ,​ മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ജൂലൈയിലാണ് അവസാനമായി കേസ് പരിഗണിച്ചത്. അന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കേസ് മാറ്റുകയായിരുന്നു. കേരള ഹൈകോടതിയിൽ ഈ കേസില്‍ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ തവണ മുതൽ ലാവലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയിരുന്നു.2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.

ജി 20 ഉച്ചകോടി അവസാനിച്ചു ഇനിയെങ്കിലും ബിജെപി സർക്കാർ ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം മറച്ചുവെക്കാൻ കഠിനമായി ശ്രമിക്കുന്നുവെന്നും എന്നാൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് പകരം പൊതുജനങ്ങൾ അത് അറിയാനാണ് ആഗ്രഹിക്കുന്നത് എന്നും ഖാർഗെ പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങി നിരവധി പ്രമുഖ ലോക നേതാക്കൾ പങ്കെടുത്ത രണ്ട് ദിവസത്തെ ജി 20 ഉച്ചകോടി ഞായറാഴ്ച അവസാനിച്ചിരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ വിമർശഞങ്ങളുമായി രംഗത്തുവന്നത്.

ഇപ്പോൾ ജി 20 ഉച്ചകോടി യോഗം അവസാനിച്ചതിനാൽ, മോദി സർക്കാർ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. പണപ്പെരുപ്പം: ഒരു സാധാരണ പ്ലേറ്റ് ഭക്ഷണത്തിന്റെ വില ഓഗസ്റ്റിൽ 24 ശതമാനം വർദ്ധിച്ചു. തൊഴിലില്ലായ്മ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനമാണ്. യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാണ്. അഴിമതികൾ: മോദി സർക്കാരിന്റെ ദുർഭരണം അഴിമതിയിലേക്ക് നയിച്ചു, സിഎജി നിരവധി റിപ്പോർട്ടുകളിൽ ബിജെപിയെ തുറന്നുകാട്ടി, ജമ്മു കശ്മീരിൽ 13,000 കോടി രൂപയുടെ ജൽ ജീവൻ കുംഭകോണം പുറത്തുവന്നു, അഴിമതി വെളിപ്പെടുത്തിയതിന് ദളിത് ഐഎഎസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കപ്പെട്ടു എന്നും അദ്ദേഹം
എക്സ് പ്ലാറ്റ്ഫോമിലൂടെ കേന്ദ്ര സർക്കാരിന്റെ ഉദ്ധരിച്ച് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്ത് നടത്തിയ കൊള്ള ഈയിടെ വീണ്ടും വെളിച്ചത്തുവന്നതായും അദ്ദേഹം പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആർബിഐ ട്രഷറിയിൽ നിന്ന് 3 ലക്ഷം കോടി രൂപ മോദി സർക്കാരിന് കൈമാറാനുള്ള സർക്കാർ സമ്മർദ്ദത്തെ മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ ചെറുത്തിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരിൽ വീണ്ടും അക്രമം ഉണ്ടായി, ഹിമാചൽ പ്രദേശിൽ ഒരു ദുരന്തമുണ്ടായി, എന്നാൽ ധിക്കാരിയായ മോദി സർക്കാർ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കുകയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ദല്ലാൾ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുൻപ് ദല്ലാള്‍ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഹൗസില്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയിലേക്ക് കടന്നുവന്ന നന്ദുമാറിനോട് ഇറങ്ങിപ്പോകാന്‍ താന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷനേതാവിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. സോളര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നു മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2016- ജൂലൈ 22-നാണ് പരാതി വരുന്നത്. അധികാരത്തിൽ വന്നതിന്റെ മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ് അത്. സിബിഐയ്ക്ക് കേസ് വിട്ട സംഭവത്തിലെ പരാതി കൈയിൽ കിട്ടുന്നത് 12- 1 – 2021-നാണ്. 15 – 1 – 2021 നാണ് അതിൽ നിയമോപദേശം തേടുന്നത്. അതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരേ പരാതി എഴുതിവാങ്ങാൻ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇതിൽനിന്ന് വ്യക്തമാകും. സോളാർ തട്ടിപ്പു കേസ് കേരളത്തിലെ ഭരണരംഗത്ത് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റേയും അഴിമതിയുടേയും അരാജകത്വത്തിന്റേയും സ്വാധീനം എത്ര വലുതായിരുന്നു എന്ന് തുറന്നു കാട്ടുന്ന ഒന്നായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊർജ്ജ പദ്ധതിയാണ് കോടികൾ തട്ടിയെടുക്കുന്ന അഴിമതിയാക്കി മാറ്റിയത്. അത് തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. യു.ഡി.എഫ്. സർക്കാർ തന്നെ നിയമിച്ച ജൂഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലാണ്. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളിൽ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

സോളാര്‍ കേസിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഭയില്‍ മറുപടി പറഞ്ഞ് കെ.ബി ഗണേഷ്‌കുമാര്‍. കേസുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്നത് അനാവശ്യ പരാമര്‍ശങ്ങളാണ്. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയമായി എതിര്‍പ്പുണ്ടായിരുന്നുവെന്നത് യഥാര്‍ത്ഥ്യമാണ്. 2013ല്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ചത് വ്യക്തിപരമായ, കുടുംബപരമായ കാരണങ്ങളാലാണ്.
ഉമ്മന്‍ ചാണ്ടി തന്നെകുറിച്ച് എന്തോ വലിയ രഹസ്യം സൂക്ഷിച്ചുവെന്ന് അംഗങ്ങള്‍ പറയുന്നു. എന്നാല്‍ കപട സദാചാരം വച്ചുപുലര്‍ത്തുന്ന ആളല്ല താന്‍. അഞ്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നയാളാണ് താന്‍. തുറന്ന പുസ്താകമാണ് താന്‍. സോളാര്‍ കേസ് നടക്കുന്ന സമയത്ത് പല കോണ്‍ഗ്രസ് നേതാക്കളും സഹായം തേടി തന്റെ പിതാവിനെ സമീപിച്ചിരുന്നു. എന്നും രാഷ്ട്രീയത്തില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താന്‍. തനിക്കു തോന്നുമ്പോള്‍ ഈ രംഗം വിട്ടുപോകും,
താന്‍ ഇടതുപക്ഷത്തെ വഞ്ചിച്ച് യുഡിഎഫിന്റെ കൂടെ വരുമെന്ന് ആരും കരുതേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും വരാഷ്ട്രീയ വഞ്ചനയ്ക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നന്ദി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചതിനാലാണ് ക്ലീന്‍ ചിറ്റ് കിട്ടിയത്.
റിപ്പോര്‍ട്ടില്‍ പറയുന്ന മനോജ്കുമാര്‍ കോണ്‍ഗ്രസുകാരനാണ്. ചാണ്ടി ഉമ്മന്റെ പ്രചാരണ വേദികളില്‍ സംസാരിച്ചിട്ടുണ്ട്.
ഈ നിയമസഭയില്‍ ഇരിക്കുന്ന പലരും തന്നെ വിളിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പല രഹസ്യങ്ങളുംതനിക്കറിയാം. വേണ്ടിവന്നാല്‍ അത് താന്‍ വെളിപ്പെടുത്താമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു

ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വിഡി സതീശൻ പറഞ്ഞു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ
ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തത് എൽഡിഎഫാണ്. കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാൻ ആയിരുന്നു ശ്രമം. സോളാർ തട്ടിപ്പ് കേസിൽ അന്ന് യുഡിഎഫ് പൊലീസ് നടപടി അഭിനന്ദനാർഹമാണ്. സ്വർണ്ണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായപ്പോൾ ഞങ്ങൾ സെക്രട്ടേറിയറ്റിൽ സമരം ചെയ്തോ. അന്ന് ഉമ്മൻചാണ്ടിയുടെ അറിവോടെ കോൺഗ്രസ് പാർട്ടി അറിവോടെ ആയിരുന്നു സോളാർ തട്ടിപ്പ് കേസിലെ അറസ്റ്റുകൾ. സോളാർ കേസിൽ ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ല. തട്ടിപ്പ് കേസിനു ഒപ്പം പീഡന കേസ് കൂടി ചേർത്തത് ഹൈക്കോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും എന്ന് മുഖ്യമന്ത്രിയോട് ഞാൻ പറഞ്ഞിരുന്നു. സ്വർണ്ണക്കടത്തിലെ ആരോപണ വിധേയായ എൽഡിഎഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങൾ ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലെ വ്യത്യാസമെന്നും സതീശൻ കൂട്ടിച്ചേർത്തു

തിരുവനന്തപുരം :

സോളര്‍കേസിന്‍റെ ശില്‍പികളും പിതാക്കളും കോണ്‍ഗ്രസുകാരാണെന്ന് കെ.ടി ജലീൽ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ രക്തത്തില്‍ ഭരണപക്ഷത്തിന് പങ്കില്ലെന്നും ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഒപ്പം ഇരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ എത്തുക കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിലാണ് എന്നും അദ്ദേഹം ആരോപിച്ചു. ഗ്രൂപ്പിസത്തെ തുടർന്ന് ആളുകളെ രാഷ്ട്രീയ ഉന്മൂലനം ചെയ്യാൻ വേണ്ടി, മരിച്ചാൽ പോലും നിങ്ങൾ അവരെ വെറുതെ വിടില്ല, അതിന് തെളിവാണ് ഈ ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.

രക്തപങ്കിലമായ കരങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിന്റേതാണ്. വ്യക്തിഹത്യ നടത്തി ഒരാളെ രാഷ്ട്രീയത്തില്‍ നിന്നും നിഷ്കാസിതമാക്കുന്നതിന് ഇടതുപക്ഷം യോജിക്കാത്തവരാണ്. അത്തരം സമീപനങ്ങളെ നിശിതമായി എതിര്‍ക്കുന്നവരാണ് ഇടതുപക്ഷമെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെന്നും ജലീല്‍ അവകാശപ്പെട്ടു. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തെറിപ്പിക്കാനാണ് ഐഎസ്ആർഒ ചാരക്കേസ് കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്തത്. അതിനുശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്ത മറ്റൊരു വിവാദമാണ് സോളർ കേസ് എന്നും ജലീൽ അരോപിച്ചു.

ജയിലില്‍ നിന്നും പരാതിക്കാരി എഴുതിയെന്ന് പറയുന്ന കത്ത് ഒരു മാധ്യമം പണം കൊടുത്താണ് വാങ്ങിയത്. ഇടതുപക്ഷ സംഘടനകള്‍ക്കെതിരായി ആരും കേസ് കൊടുത്തിട്ടില്ല. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുപക്ഷ സര്‍ക്കാരിന്റെ പങ്കാളിത്തത്തെ കുറിച്ചോ ഗൂഢാലോചനയെ കുറിച്ചോ പറയുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ പറയണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. സോളര്‍ കേസില്‍ പരാതി കൊടുത്ത ശ്രീധരന്‍നായര്‍ ഏതെങ്കിലും ഇടതുപാര്‍ട്ടിയില്‍ അംഗമായിരുന്നോ? പരാതി നല്‍കുന്ന കാലത്ത് അദ്ദേഹം കെപിസിസി അംഗമായിരുന്നു എന്നുള്ള സത്യം നിങ്ങൾക്ക് അറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവൽ നിൽക്കുന്നുവെന്ന് വിമർശനം. ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും, പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. .മാസപ്പടി വിവാദം സഭയിൽ ആദ്യം ഉന്നയിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന നിലയിലേക്ക് സി പി ഐ എം അധഃപതിച്ചിരിക്കുന്നു.അഴിമതിക്ക് കുടപിടിക്കുന്ന പാർട്ടിയായി CPIM മാറി . അനധികൃതമായി വന്ന പണം എവിടെപ്പോയി? മുഖ്യമന്ത്രിയുടെ കുടുംബത്തിലോ അലമാരയിലോ ബാങ്കിലോ ഈ പണം കാണും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് മുഖത്തുനോക്കി മാത്യു കുഴൽനാടൻ തുറന്നടിച്ചു. സഭയിൽ അംഗമല്ലാത്ത ഒരാളെ കുറിച്ച് സഭയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നു. സഭാതലം ദുരുപയോഗം ചെയ്യുകയാണെന്നും മാത്യുവിന്റെ പരാമർശം സഭാ രേഖകളിൽ നിന്ന് ഒഴിവാക്കണമെന്നും എംബി രാജേഷ് മറുപടി നൽകി. ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം കോടതി ചവറ്റുകൊട്ടയിൽ തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ ചട്ടങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ ഭിന്നത. ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലിയാണ് സഖ്യത്തിൽ ഭിന്നത ഉണ്ടായത്. മമത ബാനർജിയുടെ സാന്നിധ്യത്തിനെതിരായ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് രംഗത്തെത്തി. ബിഹാർ, തമിഴ് നാട് മുഖ്യമന്ത്രിമാർ പങ്കെടുത്തതിലും സഖ്യത്തിൽ അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.

രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിക്കാത്തതിൽ നേരത്തെ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയെ ക്ഷണിക്കാത്തിലുള്ള പ്രതിഷേധം രാഹുൽ ഗാന്ധിയും പി ചിദംബരവും അറിയിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമംബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവരെല്ലാം അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.

തുടർന്നാണ് മമത ബാനർജിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ലോക് സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തിയത്. ക്ഷണം കിട്ടാൻ കാത്തിരുന്നത് പോലെയാണ് മമത ബാനർജി ഡൽഹിയ്ക്ക് പാഞ്ഞതെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.