തിരുവനന്തപുരം :
സോളര്‍കേസിന്‍റെ ശില്‍പികളും പിതാക്കളും കോണ്‍ഗ്രസുകാരാണെന്ന് കെ.ടി ജലീൽ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ രക്തത്തില്‍ ഭരണപക്ഷത്തിന് പങ്കില്ലെന്നും ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഒപ്പം ഇരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ എത്തുക കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിലാണ് എന്നും അദ്ദേഹം ആരോപിച്ചു. ഗ്രൂപ്പിസത്തെ തുടർന്ന് ആളുകളെ രാഷ്ട്രീയ ഉന്മൂലനം ചെയ്യാൻ വേണ്ടി, മരിച്ചാൽ പോലും നിങ്ങൾ അവരെ വെറുതെ വിടില്ല, അതിന് തെളിവാണ് ഈ ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.
രക്തപങ്കിലമായ കരങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിന്റേതാണ്. വ്യക്തിഹത്യ നടത്തി ഒരാളെ രാഷ്ട്രീയത്തില്‍ നിന്നും നിഷ്കാസിതമാക്കുന്നതിന് ഇടതുപക്ഷം യോജിക്കാത്തവരാണ്. അത്തരം സമീപനങ്ങളെ നിശിതമായി എതിര്‍ക്കുന്നവരാണ് ഇടതുപക്ഷമെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെന്നും ജലീല്‍ അവകാശപ്പെട്ടു. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തെറിപ്പിക്കാനാണ് ഐഎസ്ആർഒ ചാരക്കേസ് കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്തത്. അതിനുശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്ത മറ്റൊരു വിവാദമാണ് സോളർ കേസ് എന്നും ജലീൽ അരോപിച്ചു.
ജയിലില്‍ നിന്നും പരാതിക്കാരി എഴുതിയെന്ന് പറയുന്ന കത്ത് ഒരു മാധ്യമം പണം കൊടുത്താണ് വാങ്ങിയത്. ഇടതുപക്ഷ സംഘടനകള്‍ക്കെതിരായി ആരും കേസ് കൊടുത്തിട്ടില്ല. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുപക്ഷ സര്‍ക്കാരിന്റെ പങ്കാളിത്തത്തെ കുറിച്ചോ ഗൂഢാലോചനയെ കുറിച്ചോ പറയുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ പറയണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. സോളര്‍ കേസില്‍ പരാതി കൊടുത്ത ശ്രീധരന്‍നായര്‍ ഏതെങ്കിലും ഇടതുപാര്‍ട്ടിയില്‍ അംഗമായിരുന്നോ? പരാതി നല്‍കുന്ന കാലത്ത് അദ്ദേഹം കെപിസിസി അംഗമായിരുന്നു എന്നുള്ള സത്യം നിങ്ങൾക്ക് അറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

