Politics (Page 105)

എഐ കാമറ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മോഷ്ടിക്കാന്‍ കാമറ വയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണെന്ന് പി.സി വിഷ്ണുനാഥ് ആരോപിച്ചു. ടെണ്ടര്‍ വ്യവസ്ഥകള്‍ എല്ലാം മറികടന്നാണ് കാമറ സ്ഥാപിക്കാനുള്ള കരാറും ഉപകരാറും നല്‍കിയത്. 60 ശതമാനം നോക്കുകൂലി വാങ്ങിയാണ് പദ്ധതി നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കാളിത്തമുണ്ടെന്നും പി.സി വിഷ്ണുനാഥ് ആരോപിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അത് പരിഗണിക്കാമെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ചിറ്റയം ഗോപകുമാര്‍ അറിയിച്ചു

കരുവന്നൂര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായി. ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ നിന്നും അദ്ദേഹം കൊച്ചിയില്‍ എത്തുകയായിരുന്നു. രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും പല തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയ മൊയ്തീന് ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടി വരുമായിരുന്നു. മുമ്പു രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യമുണ്ടെന്നു കാട്ടി ഒഴിവാകുകയായിരുന്നു. ഹാജരായില്ലെങ്കില്‍ ഒളിച്ചോടിയെന്നാകും പറയുകയെന്നു എ.സി. മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. സാക്ഷികള്‍ക്കു നല്‍കുന്ന നോട്ടീസാണു ചോദ്യംചെയ്യലിനു ഹാജരാവാന്‍ മൊയ്തീനു നല്‍കിയിട്ടുള്ളത്. പത്തു വര്‍ഷത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുമായി എത്താനാണു മൊയ്തീന് ഇ.ഡി. നിര്‍ദേശം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ താന്‍ ഉത്തരവാദിയാണെന്നതിനു തെളിവില്ലെന്നാണു മൊയ്തീന്റെ വാദം. അതേസമയം, റിമാന്‍ഡിലായ രണ്ടുപ്രതികള്‍ ഇ.ഡിക്കു നല്‍കിയ മൊഴി പുറത്തുവന്നിട്ടില്ല.വടക്കാഞ്ചേരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, സി.പി.എം. കൗണ്‍സിലര്‍ അനൂപ് ഡേവിസ് എന്നിവരും ഇന്നു കൊച്ചി ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിനു ഹാജരാകും. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രന്‍, ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍,സ്വര്‍ണ വ്യാപാരി അനില്‍ സേട്ട് എന്നിവരെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യംചെയ്തിരുന്നു. . മൊയ്തീന്റെ ബിനാമികളെന്നു കരുതുന്ന സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവര്‍ റിമാന്‍ഡിലാണ്.

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം നിഷേധിച് വിജയവാഡയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു. നായിഡുവിനെ രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും മാറ്റുക. കോടതിയിൽ നിന്ന് ഏതാണ്ട് 3 കിലോമീറ്റർ ദൂരത്തുള്ള ജയിലിലേക്കുള്ള പാത മുഴുവൻ പൊലീസിന്‍റെയും പാരാമിലിറ്ററിയുടെയും വലയത്തിലാണുള്ളത്.
ഹൈക്കോടതിയെ സമീപിക്കാൻ അഡ്വ. സിദ്ധാർഥ് ലുത്ര ഹൈക്കോടതിയില്‍ നായിഡുവിന് വേണ്ടി ഹാജരാകും. . സംസ്ഥാനമെമ്പാടും കനത്ത പൊലീസ് ജാഗ്രതയും കാവലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ മുതിർന്ന പല ടിഡിപി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്.. 24-ാം തീയതി വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്
ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നും മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗം കണ്ടെത്തൽ.

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സമരം ഒരിക്കലും അര്‍ഹരായ
കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. കൂടാതെ റേഷ്യന്‍ വ്യാപാരികള്‍ ഇത്തരത്തിലുള്ള സമരപരിപാടികളില്‍ നിന്ന്് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതേസമയം റേഷന്‍ വ്യാപാരി സംയുക്ത സമിതി സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു

പ്രവർത്തക സമിതി തിരഞ്ഞെടുപ്പില്‍ മനോവിഷമം ഉണ്ടാക്കിയെന്നും എന്നാല്‍ ഒരു പദവിയില്ലെങ്കിലും താന്‍ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷമം ഉണ്ടായത് സത്യമാണെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ ചില അസ്വാഭാവികത തോന്നിയെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം വിട്ട ശേഷം രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ ഒരു പദവിയും ഇല്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ നന്ദിയുണ്ടെന്നും 19 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ച അതേ പദവിയാണ് ഇതെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തിപരമായ സ്ഥാനങ്ങള്‍ക്കല്ല പ്രാധാന്യമെന്നും പാര്‍ട്ടിയെ താന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി ജീവശ്വാസമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കേരളത്തില്‍ നിന്നും ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ വിജയത്തില്‍ അഭിമാനിക്കുന്നു എന്നും അതില്‍ ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും, 20 ദിവസം തുടര്‍ച്ചയായി പുതുപ്പള്ളി മണ്ഡലത്തില്‍ ചെലവഴിച്ച് ചാണ്ടി ഉമ്മന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. തന്റെ സുഹൃത്തായ ഉമ്മന്‍ചാണ്ടിയുടെ മകന്റെ വിജയത്തിനായി പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിറവേറ്റാനുമായി കോട്ടയത്തെ മൂന്‍ എംപി എന്ന നിലയില്‍ പുതുപ്പള്ളിയിലെ ജനങ്ങളുമായുള്ള ബന്ധം ഉപയോഗിക്കാനും കഴിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.
വിജയത്തില്‍ അഹങ്കരിക്കാനില്ലെന്നും തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും കൂറ്റന്‍ വിജയങ്ങള്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിയിരിക്കുകയാണ് എന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. . പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. . രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കായിരുന്നു നിയമസഭയിലെ സത്യപ്രതിജ്ഞ. . ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്കെത്തുന്നത് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 37.719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെയാണ്.
മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടിന്റെ 61 ശതമാനവും ചാണ്ടി ഉമ്മന്‍ വാരി കൂട്ടി. 14.726 വോ്ട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ യു ഡി എഫിന് കൂടിയപ്പോള്‍ 12,684 വോട്ടുകള്‍ എല്‍ ഡി എഫിന് കുറഞ്ഞു. ബിജെപിക്കാവട്ടെ വെറും 6447 വോട്ടുകല്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.പുതുപ്പള്ളിയില്‍ എല്ലാ വിഭാഗം ജനങ്ങളും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം. തന്റെ കൂടെ നിയമസഭയില്‍ വന്ന ഉമ്മന്‍ചാണ്ടി ഇന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്നും എകെ ആന്റണി പറഞ്ഞു. എംഎല്‍എ ആയതിന് ശേഷം തിരുവനന്തപുരത്തെ എകെ ആന്റണിയുടെ വീട്ടില്‍ സന്ദര്‍ശിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. തന്റെ പിതാവിന് നല്‍കിയ പിന്തുണ എ.കെ. ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
53 വര്‍ഷം പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനെയും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം. ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ലെന്നത് ശ്രദ്ധേയമാണ്.

ന്യൂഡൽഹി: രാജ്യത്തെ അഞ്ചിടങ്ങളിൽ സംയുക്ത റാലികൾ നടത്താൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നടപടി. ഓരോ റാലിയും ഓരോ ലക്ഷ്യത്തോടെയായിരിക്കും സംഘടിപ്പിക്കുന്നതെന്നാണ് വിവരം. ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, അസം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും റാലി നടക്കുന്നത്.

ബിഹാറിലെ പട്‌നയിൽ ഗാന്ധി മൈതാനത്താണ് ആദ്യ റാലി സംഘടിപ്പിക്കുന്നത്. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഈ റാലിയിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. ഹിന്ദു വോട്ട്ബാങ്കിൽ ബിജെപിക്കുള്ള മേൽക്കൈ അവസാനിപ്പിക്കാൻ ഒബിസി വിഭാഗങ്ങളെ ഒപ്പംനിർത്തിയുള്ള ജാതി രാഷ്ട്രീയമാണ് ഏറ്റവും മികച്ച മാർഗമെന്നു വിലയിരുത്തലിന്റെ അടിസ്ഥാനമാണിത്.

മാഹാരാഷ്ട്രയിലെ നാഗ്പൂരിൽ റാലി നടത്തുന്നത് വഴി ബിജെപിയെ അതിന്റെ മടയിൽ ചെന്നു നേരിടുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കെതിരായ സമര കാഹളം മുഴക്കുമെന്നും ഇന്ത്യ മുന്നണി വൃത്തങ്ങൾ അറിയിച്ചു.

ഫെഡറൽ സംവിധാനത്തിന്റെ രക്ഷയ്ക്കായാണ് ചെന്നൈയിൽ റാലി സംഘടിപ്പിക്കുക. സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുന്നതിനെതിരെ പ്രതിഷേധം നടത്തും. കേരളം, തമിഴ്‌നാട്, ബംഗാൾ എന്നിവയടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന ആരോപണവും നടത്തുന്നതാണ്.

അസമിലെ ഗുുവാഹത്തിയിൽ നടക്കുന്ന റാലിയിൽ മണിപ്പുർ കലാപം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടങ്ങിയവ ഉന്നയിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഡൽഹിയിൽ റാലി നടത്തുന്നത്.

പുതുപ്പള്ളി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തരംഗമായി ചാണ്ടിഉമ്മൻ മാറുമ്പോൾ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് സിപിഎം നേതാവ് ഇപി ജയരാജൻ. ബിജെപി വോട്ടുകൾ കോൺഗ്രസിന് പോയെന്നാണ്‌ ഇപി ജയരാജന്റെ ആരോപണം. പാർട്ടിയുടെ മുഴുവൻ വോട്ടുകളും ജയ്‌ക്കിനു ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഇപി ജയരാജൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ നിലംതൊടാതെയാണ് ബിജെപിയുടെ സ്ഥിതിയുള്ളത്. പുതുപ്പള്ളിയില്‍ ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ കൂട്ടാം എന്ന ബിജെപി കണക്കുകൂട്ടലാണ് പാളിയത്. പതിനായിരത്തോളം ഉറച്ച വോട്ടുകള്‍ ബിജെപിക്ക് മണ്ഡലത്തിലുണ്ടെന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പതിനായിരത്തിൽ കൂടുതൽ വോട്ടുകൾ കിട്ടിയതുമാണ്. എന്നാൽ ഇത്തവണ ബിജെപി ചിത്രത്തിൽ പിലും ഇല്ലാത്ത ആവസ്ഥയാണ്.

2016ല്‍ ജോര്‍ജ് കുര്യന് 15993 ഉം 2021ല്‍ എന്‍ ഹരിക്ക് 11694 വോട്ടുമാണ് പുതുപ്പള്ളിയില്‍ നേടിയത്. അതേസമയം ഏറ്റവും ഒടുവിലെ കണക്കനുസരിച് 6342 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ജി ലിജിന്‍ ലാലിന് നേടാനായത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വളരെ വലിയ അന്തരമാണ് ബിജെപിക്ക് ലഭിച്ച വോട്ടിൽ കാണാവുന്നത്. സ്വന്തം തട്ടകത്തിൽ പോലും ജയ്ക്കിന് തിരിച്ചടിയാണ്. മണര്‍ക്കാടും പോലും ജെയ്ക്ക്നെ കൈവിട്ട അവസ്ഥയാണ്. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക്ക് ഇവിടെ ലീഡ് ചെയ്തത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ ചൊല്ലി കേന്ദ്രസംസ്ഥാന പോര് തുടരുന്ന സാഹചര്യത്തിൽ കേരളത്തിനായി തുക അനുവദിച്ചെന്നും എന്നാൽ സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. .സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.ഏറ്റവും കൂടുതൽ കേന്ദ്രഫണ്ട് കിട്ടാനുള്ള സംസ്ഥാനമാണ് കേരളം.സംസ്ഥാനം ഒരു മേഖലയ്ക്കും നൽകിയ പണവും വെട്ടികുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2021-22 വർഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡൽ അക്കൗണ്ടിലേക്ക് കൈമാറണം . എന്നാൽ സർക്കാർ ഇത് ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്‍റെ വാദം. തുക അടയ്ക്കാൻ കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചു. സംസ്ഥാനവിഹിതം ഉൾപ്പെടെ തുക ചെലവഴിക്കാത്തതിനാൽ ഈ വർഷത്തെ തുക അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്. 2023–24 വർഷത്തെ പിഎം പോഷൻ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നടപ്പാക്കാൻ നിർദേശിച്ചു ഓഗസ്റ്റ് 8ന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയെന്നും കേന്ദ്രം പറയുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേന്ദ്രം ഫണ്ട് തടയുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും താൻ ആരോപിച്ചു.
കേന്ദ്രവിഹിതം ലഭിക്കാൻ വൈകിയതിനാൽ 2021 -22ലെ കേന്ദ്രവിഹിതം ഉൾപ്പെടെ 209 കോടി രൂപ സംസ്ഥാനം ചെലവഴിച്ചെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഈ കണക്കുകൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി ചെലവഴിച്ച തുക എന്ന നിലയിലാണ് 132.9 കോടി രൂപ നൽകിയതെന്നാണ് സംസ്ഥാനസർക്കാർ വിശദീകരിക്കുന്നത്. ഒരിക്കൽ ചെലവഴിച്ച തുക നോഡൽ അക്കൌണ്ടിൽ നിക്ഷേപിക്കാനാകില്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. ഈക്കാര്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതാണെന്ന് സംസ്ഥാനം പറയുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വാദം.

തിരുവനന്തപുരം: 53 വർഷത്തിന് ശേഷമാണ് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരാൾ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ മകന് തന്നെ ആ ഭാഗ്യം ലഭിച്ചുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സെപ്തംബർ 11 ന്‌ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

എൻഎസ്‌യുവിന്റെ സജീവ പ്രവർത്തകൻ എന്ന നിലയിലാണ് ചാണ്ടി ഉമ്മൻ ആദ്യമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തിരുവനന്തപുരം കാർമൽ, ലയോള, സെന്റ് തോമസ് എന്നിവടങ്ങളിൽ നിന്നാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബി എ ഓണേഴ്സും എം എ ഹിസ്റ്ററിയും ഡൽഹി സർവകലാശാലയിൽ നിന്ന് എൽ എൽ ബിയും ഡൽഹി നാഷണൽ ലോ സ്‌കൂളിൽ നിന്ന് ക്രിമിനോളജിയിലും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിലും എൽ എൽ എമ്മും ചാണ്ടി ഉമ്മൻ കരസ്ഥമാക്കി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സമ്മർ കോഴ്സും അദ്ദേഹം പാസായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനും കെപിസിസി അംഗവുമായി നിലവിൽ പ്രവർത്തിക്കുന്ന അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്, എഎസ്‌യുഐ ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി അംഗം, മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ ചാണ്ടി ഉമ്മൻ സുപ്രീം കോടതി അഭിഭാഷകനാണ്.