ദല്ലാൾ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുൻപ് ദല്ലാള്‍ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഹൗസില്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയിലേക്ക് കടന്നുവന്ന നന്ദുമാറിനോട് ഇറങ്ങിപ്പോകാന്‍ താന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷനേതാവിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. സോളര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നു മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2016- ജൂലൈ 22-നാണ് പരാതി വരുന്നത്. അധികാരത്തിൽ വന്നതിന്റെ മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ് അത്. സിബിഐയ്ക്ക് കേസ് വിട്ട സംഭവത്തിലെ പരാതി കൈയിൽ കിട്ടുന്നത് 12- 1 – 2021-നാണ്. 15 – 1 – 2021 നാണ് അതിൽ നിയമോപദേശം തേടുന്നത്. അതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരേ പരാതി എഴുതിവാങ്ങാൻ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇതിൽനിന്ന് വ്യക്തമാകും. സോളാർ തട്ടിപ്പു കേസ് കേരളത്തിലെ ഭരണരംഗത്ത് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റേയും അഴിമതിയുടേയും അരാജകത്വത്തിന്റേയും സ്വാധീനം എത്ര വലുതായിരുന്നു എന്ന് തുറന്നു കാട്ടുന്ന ഒന്നായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊർജ്ജ പദ്ധതിയാണ് കോടികൾ തട്ടിയെടുക്കുന്ന അഴിമതിയാക്കി മാറ്റിയത്. അത് തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. യു.ഡി.എഫ്. സർക്കാർ തന്നെ നിയമിച്ച ജൂഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലാണ്. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളിൽ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
2023-09-11

