ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇതുവരെ 34 തവണ മാറ്റിവച്ച കേസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീർഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26ാം ഇനമായാണ് കോടതി ഇന്ന് കേൾക്കുക. ഇതുവരെ കേസ് മാറ്റിവയ്ക്കാനായി ആരും അപേക്ഷ നൽകിയിട്ടില്ല എന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ജൂലൈയിലാണ് അവസാനമായി കേസ് പരിഗണിച്ചത്. അന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കേസ് മാറ്റുകയായിരുന്നു. കേരള ഹൈകോടതിയിൽ ഈ കേസില്‍ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ തവണ മുതൽ ലാവലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയിരുന്നു.2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.
2023-09-12