എന്‍. വി രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍. വി രമണ അധികാരമേല്‍ക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സ്ഥാനമൊഴിയുന്നതിലേക്കാണ് പുതിയ ഉത്തരവ്. ഏപ്രില്‍ 23നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തില്‍ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് എന്‍.വി രമണ ജനിച്ചത്. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായി 2000 ജൂണ്‍ 27ന് നിയമിതനായി. 2013 മാര്‍ച്ച് 10 മുതല്‍ മേയ് 20 വരെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2013 സെപ്തംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി.