Latest News (Page 3,148)

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ രാജിയ്ക്ക് കാരണമായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ലെന്നും മൗനം തുടരുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ജലീലിനോട് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്ന പ്രത്യേക വാത്സല്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ ജലീല്‍ വ്യക്തമാക്കിയിരുന്നു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം എന്താണ് എന്നതിനെപ്പറ്റി മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ജലീല്‍ കുറ്റവാളിയാണെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി കൂടി കുടുങ്ങും അതുകൊണ്ടല്ലേ അങ്ങനെയൊരു നിലപാട് എടുത്തത്. എന്തുകൊണ്ടാണ് ജലീലിനെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കേണ്ട എന്ന നിലപാട് എടുത്തു.

എന്നാല്‍ സമാന ആരോപണം വന്നപ്പോള്‍ ജയരാജന് എതിരെ വിജിലന്‍സ് അന്വേഷണം നടന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാതിരിക്കാനാണെന്നും മുരളീധരന്‍ ആരോപിച്ചു.ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമനത്തില്‍ കെ.ടി ജലിലിന് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമായതിന് ശേഷം ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ ജലീല്‍ രാജിവെച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല. നിയമവേദികളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും മുരളീധരന്‍.

covid

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ആശങ്ക കൂട്ടുന്നു. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇരുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

കൊവിഡ് രോഗവ്യാപന തീവ്രതയും വൈറസിന്റെ ജനിതക വ്യതിയാനവും തമ്മിൽ ബന്ധമുണ്ടാകാമെന്നും പരിശോധിച്ച സാമ്പികളുകളിൽ നല്ലൊരു ശതമാനത്തിലും ജനിതക വ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യമുണ്ടെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ വിജയരാഘവനും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ രോഗം അതി തീവ്രമായി വ്യാപിച്ച പല സംസ്ഥാനങ്ങളിലും വൈറസിന്റെ ജനിതക വ്യതിയാനം പ്രകടമാണെന്നായിരുന്നു അദ്ദേഹവും അഭിപ്രായപ്പെട്ടത്.

പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ദില്ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവിൽ തുടക്കത്തിൽ രോഗം വ്യാപനത്തിന് കാരണമായ വൈറസിനെതിരായ വാക്സീൻ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ച്ച് അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി നിർദ്ദേശിച്ചു. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് നമ്പി നാരായണനും കൈമാറില്ല. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരാകും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരികയെന്നാണ് നിഗമനം. ജയിന്‍ കമ്മറ്റിയുടേത് പ്രാഥമിക റിപ്പോര്‍ട്ട് ആണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്തണമെന്നുമാണ് കോടതി അറിയിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി പ്രത്യേക നിര്‍ദേശം നല്‍കി.ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിച്ചത്. മുദ്രവച്ച കവറിലാണ് ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

2018 സെപ്റ്റംബറിലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. 2020 ഡിസംബര്‍ 14, 15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

covid

ബ്രസീലിയ: ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ പി1 കൂടുതല്‍ ശക്തിയുള്ളതെന്ന് ശാസ്ത്രജ്ഞര്‍. യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ പി1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതല്‍് പകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്രാന്‍സ് നിര്‍ത്തിവച്ചു.ബ്രസീലില് നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

കോഴിക്കോട്/ കണ്ണൂര്‍: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലീഗ് നേതാവ് കെ എം ഷാജിക്ക് വിജിലന്‍സ് നോട്ടീസ്. കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും. അനധികൃതസ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഒന്നരമണിക്കൂറോളം വീടിന് പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ എം ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.2012 മുതല്‍ 2021 വരെയുള്ള 9 വര്‍ഷം കൊണ്ട് ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനയുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ആ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും, ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടില്‍ കൊണ്ടുവച്ച പണമാണെന്നും, രേഖ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലന്‍സിനോട് പറഞ്ഞത്. പരിശോധനാ റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിജിലന്‍സ് കറന്‍സി തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്.വീട്ടില്‍ നിന്ന് 400 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെ എം ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍, ി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വന്തം കൈവശമുള്ളതായി 160 ഗ്രാം സ്വര്‍ണം മാത്രമാണ് കാണിച്ചിട്ടുള്ളത്. ഈ വൈരുദ്ധ്യങ്ങള്‍ക്കെല്ലാം ഷാജി വിജിലന്‍സിന് വിശദീകരണം നല്‍കേണ്ടി വരും

ന്യൂഡൽഹി; ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അനുവാദമില്ലാതെ നടത്തിയ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. ദക്ഷിണ ചൈനാ കടലില്‍ യുഎസ് സേന നടത്താറുള്ള കപ്പല്‍ വിന്യാസത്തിനു സമാനമാണ് ലക്ഷദ്വീപിലെ യുഎസിന്റെ സ്വതന്ത്ര കപ്പല്‍ വിന്യാസമെന്നും ശശി തരൂർ എംപി പറയുന്നു. രാജ്യാന്തര നിയമങ്ങൾ കാറ്റിൽ പറത്തിയെന്നല്ല മറിച്ച് ഇന്ത്യയുടെ വികാരങ്ങളെ മാനിക്കാത്തതിനാലാണ് യുഎസ് പ്രതിക്കൂട്ടിലാകുന്നതെന്നും തരൂർ കുറിച്ചു.

യുഎസ് നടപടിയിൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനമില്ലെങ്കിലും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യൻ പരിധിക്കുള്ളിൽ കയറിയതെന്ന് യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. ഇതിനു മുൻപും യുഎസ് ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നുമായിരുന്നു യുഎസിന്റെ നിലപാട്.

സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ദക്ഷിണ ചൈനാ കടലിടുക്കിൽ ചൈനയുടെ കടന്നുകയറ്റം ഉൾപ്പെടെ എതിർക്കുന്ന യുഎസിന്റെ നടപടി ഇന്ത്യയെ ഞെട്ടിച്ചു. യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യൻ പരിധിക്കുള്ളിൽ കയറിയതെന്ന് യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

ഇതിനു മുൻപും യുഎസ് ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നുമായിരുന്നു യുഎസിന്റെ നിലപാട്. സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ദക്ഷിണ ചൈനാ കടലിടുക്കിൽ ചൈനയുടെ കടന്നുകയറ്റം ഉൾപ്പെടെ എതിർക്കുന്ന യുഎസിന്റെ നടപടി ഇന്ത്യയെ ഞെട്ടിച്ചു. ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അനുവാദമില്ലാതെ നടത്തിയ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസത്തിനെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രസ്താവന.

തിരുവനന്തപുരം: മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നും ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. നെഗറ്റീവായ ഉടന്‍ വീട്ടിലെത്തി ക്വാറന്റൈനില്‍ തുടരുകയാണെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോയിട്ടില്ലെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു.കോവിഡ് പോസിറ്റീവായതോടെ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ നടക്കുന്ന കൊറോണ പ്രതിരോധവും വാക്സിന്‍ വിതരണവും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഗവര്‍ണര്‍മാരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്ക്കെതിരേ കഴിഞ്ഞ വര്‍ഷം മുഴുവന്‍ നടന്ന പോരാട്ടത്തില്‍ ജനങ്ങള്‍ ഏറെ സഹകരിച്ചു. അവരുടെ കര്‍ത്തവ്യമായിട്ടാണ് അവര്‍ അതിനെ കണ്ടതെന്നും അതില്‍ നന്ദിയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ നടന്ന ആശയവിനിമയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് ബന്ധമുളള സാമൂഹ്യശൃംഖലകള്‍ വഴി പ്രതിസന്ധിഘട്ടത്തില്‍ ആശുപത്രികളിലേക്കുളള ആംബുലന്‍സുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ സംവിധാനങ്ങളും ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനേഷനെക്കുറിച്ചുളള സന്ദേശങ്ങള്‍ സമൂഹത്തില്‍ വ്യാപകമാക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കണം. അതുപോലെ തന്നെ ആയുഷ് ചികിത്സകള്‍ക്കും പ്രചാരം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചെന്നൈ: വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അന്യന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റീമേക്കിന് ഒരുങ്ങുന്നത്. ഹിന്ദിയില്‍ രണ്‍വീര്‍ സിംഗാണ് നായകനായെത്തുന്നത്. ശങ്കറും രണ്‍വീര്‍ സിംഗും ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്പി, റെമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് ഭാവ പകര്‍ച്ചയില്‍ നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രമാണ് അന്യന്‍.
നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്യന്‍ നേരത്തെ അപരിചിത് എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

മലപ്പുറം: മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്നും പിതൃ വാല്‍സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്നും കെ ടി ജലീല്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

‘നന്ദി നന്ദി നന്ദി…..

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടില്‍ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വര്‍ഷത്തെ എം എല്‍ എ ശമ്പളവും അഞ്ചു വര്‍ഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി അക്കൗണ്ടില്‍ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുള്‍പ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികര്‍ക്കുള്ള ലോണ്‍ വകയില്‍ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാല്‍ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപ. ഒരു നയാപൈസ സര്‍ക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എന്റെ കയ്യില്‍ പറ്റാത്തത്ര സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കത് പരസ്യമായി പറയാം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. പിതൃ വാല്‍സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഞാന്‍ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എന്റെ പേഴ്‌സണല്‍ സ്റ്റാഫും സെക്രട്ടേറിയേറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ് പ്രവര്‍ത്തിച്ചത്. അവരുടെ നിസ്സീമമായ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ പല പരിഷ്‌കാരങ്ങളും നിയമ നിര്‍മ്മാണങ്ങളും യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. എല്ലാവരോടുമുള്ള സ്‌നേഹവും നന്ദിയും വാക്കുകള്‍ക്കതീതമാകയാല്‍ അതിവിടെ രേഖപ്പെടുത്താതെ പോകലാകും ഭംഗി.

ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയില്‍ പരമാവധി ഉപകാരം ജനങ്ങള്‍ക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്. ചിലതെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്. മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ സദയം പൊറുത്താലും.

എന്റെ നിയോജക മണ്ഡലത്തിലേതുള്‍പ്പെടെ ഞാന്‍ സ്‌നേഹിച്ച എന്നെ സ്‌നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്‌നേഹവും മനസ്സിന്റെ മണിച്ചെപ്പില്‍ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും. അല്‍പം വൈകിയെങ്കിലും എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു.’

അതേസമയം, രാജിക്കാര്യം അറിയിക്കാന്‍ എന്തുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കായി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാന്‍ ഒരു സര്‍ജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നെന്നും മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് അദ്ദേഹം അറിയിച്ചത്.

മാധ്യമങ്ങള്‍ക്കായി ജലീല്‍ കഴിഞ്ഞദിവസം നല്‍കിയ കുറിപ്പ് ഇങ്ങനെ, ‘ കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാന്‍ ഒരു സര്‍ജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂര്‍ണമായും ഭേദമാകുന്ന മുറക്ക് നേരില്‍ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങള്‍ എഫ് ബിയില്‍ കുറിക്കാനേ കഴിയൂ. പലരും വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് എടുക്കാതിരിക്കുന്നത്. ക്ഷമിക്കുമല്ലോ? ദയവു ചെയ്ത് മാധ്യമ പ്രവര്‍ത്തകരാരും ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്കു മാത്രമായി അഭിമുഖം കൊടുക്കുന്നത് ശരിയല്ലല്ലോ? സംസാരിക്കുമ്പോള്‍ എല്ലാവരോടും ഒരുമിച്ചേ സംസാരിക്കൂ. സ്‌നേഹപൂര്‍വ്വം, ഡോ: കെ.ടി. ജലീല്‍’.

തൃശൂര്‍ അമല ആശുപത്രിയില്‍ സര്‍ജറി പൂര്‍ത്തിയാക്കി ഏപ്രില്‍ പന്ത്രണ്ടാം തിയതിയാണ് ജലീല്‍ ആശുപത്രി വിട്ടത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ജലീലിനെ താടിയെല്ലിനു താഴെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിക്കായി ഇവിടെ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവനും കോസ്മറ്റിക് സര്‍ജറി വിദഗ്ദനുമായ ഡോ ജയകൃഷ്ണന്‍ കോലാടിയുടെ ചികിത്സയില്‍ ആയിരുന്നു.