ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 8 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി 8 പേർ കുഴഞ്ഞുവീണ് മരിച്ചു. മരണപ്പെട്ടവരിൽ 32 വയസായ യുവാവും ഉൾപ്പെടുന്നുണ്ട്.

കോഴിക്കോട് ആദ്യം വന്ന മരണവാർത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു. ആലപ്പുഴയിൽ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണു മരിച്ചു. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ ആണ് മരിച്ചത്. 76 വയസായിരുന്നു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു. പാലക്കാട് രണ്ട് പേരാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്.

ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെയാണ് ചന്ദ്രൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാൻ കഴിഞ്ഞില്ല. തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. പിന്നീട് ശബരിയും മരണത്തിന് കീഴടങ്ങി.