ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലും തമ്മിലുളള ആലോചനാ യോഗത്തിന് ശേഷമാണ് തീരുമാനം. ഏപ്രില്‍ 17മുതല്‍ കര്‍ഫ്യു നിലവില്‍ വരുമെന്നും വെളളിയാഴ്ച രാത്രി 10ന് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിവരെ നീളുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നിരോധനാജ്ഞ നിലവിലുളളപ്പോള്‍ അവശ്യ സര്‍വീസുകളെ മാത്രമേ അനുവദിക്കൂ. അന്തര്‍സംസ്ഥാന സര്‍വീസുകളും നടത്താം. ചന്തകള്‍, മാളുകള്‍, സ്പാ, ജിമ്മുകള്‍,എന്നിവ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങുമെന്നും വരുംദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ വാരാന്ത്യ കര്‍ഫ്യൂ നീട്ടിയേക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ യോഗം ഇന്ന് വിളിച്ചുകൂട്ടിയിട്ടുണ്ട്.