വിവാഹ സമയം വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ല; സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ സമയം വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന സുപ്രധാനനിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചു നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തനിക്ക് ലഭിച്ച സ്ത്രീധനം ഭർത്താവും വീട്ടുകാരും ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹ സമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89 പവൻ സ്വർണം ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നത്. ഈ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെൺവീട്ടുകാർ നൽകുന്ന എല്ലാ വസ്തുവകകളുടെയും പൂർണമായ അവകാശം വധുവിന് തന്നെയാണ്. ഭർത്താവിന് അവകാശം ഉന്നയിക്കാൻ കഴിയില്ല. നിയന്ത്രിക്കാനും ഭർത്താവിന് അവകാശമില്ല. പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാന തന്നെയെന്നുള്ള അഭിപ്രായവും കോടതി മുന്നോട്ടുവെച്ചു.