National (Page 864)

india

ചെന്നൈ: ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പേ വിരാട് കോലിക്ക് വമ്പന്‍ ഓഫറുമായി ചൈനീസ് കമ്പനിയായ വിവോ. വിവോയുടെ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോലിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ബ്രാന്‍ഡുകളുടെ പരസ്യത്തിനായി 15 കോടി രൂപയിലധികം പ്രതിഫലം പറ്റുന്ന കളിക്കാരനാണ് വിരാട് കോലി. വിവോയുടെ ബ്രാന്‍ഡ് അംബാസഡറായതോടെ എത്ര രൂപയാണ് ഇതിലൂടെ ലഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.വിവോയുടെ പുതിയ ബ്രാന്‍ഡുകള്‍ക്കെല്ലാം ഇനി കോലിയായിരിക്കും അംബാസഡര്‍.

വിരാട് കോലിയുടെ വരവിനെ ആവേശപൂര്‍വമാണ് കാണുന്നതെന്നും വിവോയുടെ വിപണി കുതിച്ചുയരുമെന്നും കമ്പനിയുടെ ഇന്ത്യയുടെ ഡയറക്ടര്‍ നിപുണ്‍ മാര്യ പറഞ്ഞു.വിവോയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ കോലിയും നന്ദി പറഞ്ഞു. എല്ലാ ഐപിഎല്‍ സീസണുകള്‍ക്ക് മുന്‍പും കളിക്കാര്‍ക്ക് വമ്പന്‍ കമ്പനികളുടെ കരാര്‍ ലഭിക്കാറുണ്ട്.

കൊച്ചി: കർഷക സമരത്തിനിടയിലും കാർഷികോത്പന്ന കയറ്റുമതിയിൽ 26 ശതമാനത്തിന്റെ മികച്ച നേട്ടം.അഗ്രികൾച്ചറൽ ആൻഡ് പ്രോസസഡ് ഫുഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (അപെഡ) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020 21) ഏപ്രിൽ ഫെബ്രുവരിയിൽ 1,750 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ലഭിച്ചത്. മുൻവർഷത്തെ സമാനകാലത്ത് വരുമാനം 1,450 കോടി ഡോളറായിരുന്നു. പോത്തിറച്ചി, മട്ടൻ, സംസ്‌കരിച്ച ഇറച്ചി, കോഴി, താറാവ് എന്നിവയുടെ കയറ്റുമതി മൂല്യവും കയറ്റുമതി അളവും കുറഞ്ഞു.

പ്രമുഖ വിപണിയായ അമേരിക്കയിൽ നിന്നുൾപ്പെടെ ഇവയ്ക്ക് ഡിമാൻഡ് ഇടിഞ്ഞത് തിരിച്ചടിയായി. ക്ഷീരോത്പന്നങ്ങളുടെ കയറ്റുമതി 11 ശതമാനം ഉയർന്ന് 28.50 കോടി ഡോളറിലെത്തി.രൂപക്കണക്കിൽ, കയറ്റുമതി 26 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 1.03 ലക്ഷം കോടി രൂപയിൽ നിന്ന് 1.30 ലക്ഷം കോടി രൂപയായാണ് കുതിപ്പ്. ബസുമതി അരി, ബസുമതി ഇതര അരി, നിലക്കടല, പയറുകൾ, ക്ഷീരോത്പന്നങ്ങൾ, പഴം, പച്ചക്കറികൾ എന്നിവയ്ക്കാണ് വിദേശത്തുനിന്ന് മികച്ച ഡിമാൻഡ് ലഭിച്ചത്. അതേസമയം ഇറച്ചി കയറ്റുമതി കുത്തനെ കുറഞ്ഞു.

ധക്ക: ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്‌സിന്‍ നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എംഎം നരവനെയാണ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അവിടുത്തെ സൈനികമേധാവിയായ ജനറല്‍ അസീസ് അഹമ്മദിന് വാക്‌സിന് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാമേധാവിയുടേയും സന്ദര്‍ശനം. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചും ഭാവിയില്‍ വേണ്ട സഹകരണത്തെക്കുറിച്ചുമാണ് സൈനികമേധാവികളുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഹിങ്ക്യന്‍് അഭയാര്‍ത്ഥി വിഷയത്തില്‍ നയപരമായ പരിഹാരം കാണുന്നതിന് ഇന്ത്യ ബംഗ്ലാദേശിനെ പിന്തുണയ്ക്കുമെന്ന് ചര്ച്ചയ്ക്ക് ശേഷം ജനറല്‍ അസീസ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

n95

ഭുവനേശ്വര്‍ : കോവിഡ് പശ്ചാത്തലത്തില്‍ പുതിയ പഠനങ്ങളുമായി ഭുവനേശ്വര്‍ ഐഐടി. സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ശ്വാസം വിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം ഇവ നാലടിയോളം ദൂരമെത്തുമെന്നും ലീക്ക് വരുന്ന മാസ്‌കുകള്‍ വെല്ലുവിളിയാണുയര്‍ത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ അഞ്ച് ലെയറുള്ള മാസ്‌കാണ് ധരിക്കേണ്ടതെന്നും അത്രയും ലെയറുകളുള്ളതിനാല്‍ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കുമെന്നും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍-95 മാസ്‌ക് ഉപയോഗിക്കുന്നതുവഴി സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയാന്‍ കഴിയും.

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്ന പഠനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികള്‍ പോലും സര്‍ജിക്കല്‍ മാസ്‌കുകളുടെയും ഷീല്‍ഡുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണെന്നും പഠനം നിരീക്ഷിക്കുന്നു.

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റലിയുടെ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബവും ബോട്ട് ഉടമയും സമ്മതിച്ചുവെന്ന് കേരളം അറിയിച്ചു.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇറ്റലി നല്‍കുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, രാജ്യാന്തര ട്രിബ്യുണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കടല്‍കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ചിരുന്ന കേരളത്തിന്റെ നിലപാടില്‍ മാറ്റം. പത്ത് കോടി രൂപ നഷ്ടപരിഹാരം നല്കി കേസിലെ നടപടികള്‍ അവസാനിപ്പിക്കാമെന്ന വ്യവസ്ഥയോട് തങ്ങള്‍ക്ക് യോജിപ്പ് ആണെന്ന് കേരളം അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി : പരീക്ഷ ചര്‍ച്ച കഴിഞ്ഞുവെങ്കില്‍ ഇനി ഇന്ധനവില വര്‍ധനവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉള്‍ച്ചേരുക, സ്വാംശീകരിക്കുക, ബന്ധപ്പെടുത്തുക, ഭാവനയില്‍ കാണുക എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നടത്തിയ പരീക്ഷാ പേ ചര്‍ച്ച വലിയ ശ്രദ്ധ നേടിയിരുന്നു.
കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നതു രക്ഷിതാക്കളും അധ്യാപകരും ഒഴിവാക്കണം. അവരുടെ കുറവുകള്‍ മനസ്സിലാക്കി മികവുകളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ അന്തരീക്ഷവും രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ന് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തും. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 11ാം വട്ട ചര്‍ച്ചയാണ് നടക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഹോട്ട് സ്പ്രിംഗ്സ്, ദോഗ്ര, ദെസ്പാഞ്ച് സമതലം എന്നിവിടങ്ങളില്‍ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ട്.

ഇന്ത്യയും, ചൈനയും വീണ്ടും ചര്‍ച്ച നടത്തുമെന്ന സൂചനകള്‍ കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യ വക്താവ് പുറത്തുവിട്ടിരുന്നു.പാംഗോംഗ് സോയിലെ സൈനിക പിന്മാറ്റമായിരുന്നു 10ാം വട്ട ഇന്ത്യ- ചൈന ചര്‍ച്ചയിലെ പ്രധാന വിഷയം.

modi

ന്യൂഡൽഹി; കോവിഡ് രണ്ടാം വ്യാപനം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നു മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ശ്രദ്ധ വേണം.മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള്‍ക്കാണു നമ്മൾ പ്രാധാന്യം നൽകേണ്ടത്. ഇവിടങ്ങളിൽ‌ കൂടുതൽ ശ്രദ്ധ വേണം. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതു കൊറോണക്കാലത്താണു ജീവിക്കുന്നതെന്നു ജനത്തെ ഓർമിപ്പിക്കും. കർഫ്യൂവിനെ ‘കൊറോണ കർഫ്യു’ എന്നു വിശേഷിപ്പിക്കുന്നതു നല്ലതായിരിക്കും.പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം. വൈറസിനെതിരെ പോരാടാൻ ഇന്ന് രാജ്യത്തിന് കൂടുതൽ സാഹചര്യങ്ങളുണ്ട്.

ഏപ്രിൽ 11നും 14നും ഇടയിൽ ‘വാക്സീൻ ഫെസ്റ്റിവലുകൾ’ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 1.26 ലക്ഷം പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രതികരണം. സംസ്ഥാനങ്ങൾ 70 ശതമാനം ആർടിപിസിആർ പരിശോധനകളെന്ന ലക്ഷ്യം പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് തിരിച്ചറിയാനും പോരാടാനും ഇതുമാത്രമാണു വഴി. സ്വയം മുൻകൈയെടുത്തു പരിശോധിക്കുന്നതും പ്രധാനമാണ്.

ഇപ്പോള്‍ കൂടുതൽ കേസുകളിലും ലക്ഷണങ്ങളില്ല. ചെറിയ രോഗങ്ങളായിരിക്കുമെന്നാണ് ആൾക്കാർ കരുതുന്നത്. അങ്ങനെ ആ കുടുംബത്തിനാകെ കോവിഡ് ബാധിക്കാൻ ഇടയാകുന്നു.രണ്ടാം തരംഗം നേരിടാൻ യുദ്ധസമാനമായ നടപടികളാണ് ആവശ്യം. പരിശോധന കൂട്ടണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ അതീവശ്രദ്ധ വേണം. അതെസമയം കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സംഘത്തെ അയക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.

ന്യൂഡല്‍ഹി : കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതില്‍ യുകെ ആസ്ഥാനമായ ആസ്ട്രാസെനെക അതിന്റെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നിയമപരമായ നോട്ടീസ് നല്‍കി എന്ന് സിഇഒ അഡാര്‍ പുനവല്ല.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് യുകെയിലേക്ക് വാക്‌സിനുകള്‍ കയറ്റുമതി വൈകിയതിനെത്തുടര്‍ന്നാണ് കമ്പനി നിയമപരമായ മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് കോവാക്‌സ് പ്രോഗ്രാമിന്റെ ഭാഗമായ മറ്റ് രാജ്യങ്ങളിലേക്കുള്ള വിതരണവും ശരിയായി നടത്താന്‍ കഴിഞ്ഞില്ല.

കയറ്റുമതി നിര്‍ത്തലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണ് വാക്‌സിന്‍ ലഭ്യതയില്‍ കാലതാമസമുണ്ടാക്കിയതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നു. കോവിഡ് -19 കേസുകളില്‍ വന്‍ കുതിച്ചുചാട്ടത്തിനിടയിലാണ് വാക്‌സിന്‍ കയറ്റുമതി മന്ദഗതിയിലാക്കാന്‍ മാര്‍ച്ച് പകുതിയോടെ കേന്ദ്രം തീരുമാനിച്ചത്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് വിപുലീകരിച്ചതിനുശേഷം വാക്‌സിനുകള്‍ക്കായുള്ള ആവശ്യവും ഉയര്‍ന്നു.ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകളില്‍ ഭൂരിഭാഗവും കോവിഷീല്‍ഡ് ആണ്. ബാക്കിയുള്ളത് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ്.

സെറം ഇതുവരെ 100 ദശലക്ഷം ഡോസുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്, അതേസമയം 60 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്തു. അതേസമയം, സിഇഒ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് താല്‍ക്കാലികമായി മുന്‍ഗണന നല്‍കുമെന്ന ആരോപണവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അഡാര്‍ പുനവല്ല ആരോപിച്ചു.ഇക്കാര്യം ഉടന്‍ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാരിന് ഇത് അറിയാമെന്നും കമ്പനി വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചില രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കാരണം വാക്‌സിനുകളുടെ പരിമിതമായ വിതരണവും ഡിമാന്‍ഡും വര്‍ദ്ധിക്കുന്നതിനാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും വിതരണ പരിമിതികളും ഉണ്ടാകുന്നതെന്ന് അഡാര്‍ പുനവല്ല പറഞ്ഞു.

ന്യൂഡൽഹി: സിബഐ അന്വേഷണത്തിനെതിരെ മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് നൽകിയ ഹർജി തള‌ളി സുപ്രീംകോടതിവിധി.മുംബൈ മുൻ സി‌റ്റി പൊലീസ് കമ്മിഷണർ പരം ബീർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ ദേശ്‌മുഖിനെതിരെ ഗൗരവമേറിയ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിച്ചു.വ്യവസായികളിൽ നിന്നും മാസം 100 കോടി രൂപ പൊലീസുകാരെ ഉപയോഗിച്ച് അനിൽ ദേശ്‌മുഖ് പിരിച്ചെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരം ബീർ സിംഗ് ഉന്നയിച്ച ആരോപണം.

ഇതിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് ദേശ്‌മുഖ് സുപ്രീംകോടതിയെ സമീപിച്ചത്. എൻസിപിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായ അനിൽ ദേശ്‌മുഖ് സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചത്. പതിനഞ്ച് ദിവസത്തിനകം ദേശ്‌മുഖിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തണമെന്നാണ് സിബിഐയോട് ഞായറാഴ്‌ച ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.