അനിൽ ദേശ്‌മുഖ് നൽകിയ ഹർജി സുപ്രീംകോടതി തള‌ളി

ന്യൂഡൽഹി: സിബഐ അന്വേഷണത്തിനെതിരെ മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് നൽകിയ ഹർജി തള‌ളി സുപ്രീംകോടതിവിധി.മുംബൈ മുൻ സി‌റ്റി പൊലീസ് കമ്മിഷണർ പരം ബീർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ ദേശ്‌മുഖിനെതിരെ ഗൗരവമേറിയ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിച്ചു.വ്യവസായികളിൽ നിന്നും മാസം 100 കോടി രൂപ പൊലീസുകാരെ ഉപയോഗിച്ച് അനിൽ ദേശ്‌മുഖ് പിരിച്ചെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരം ബീർ സിംഗ് ഉന്നയിച്ച ആരോപണം.

ഇതിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് ദേശ്‌മുഖ് സുപ്രീംകോടതിയെ സമീപിച്ചത്. എൻസിപിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായ അനിൽ ദേശ്‌മുഖ് സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചത്. പതിനഞ്ച് ദിവസത്തിനകം ദേശ്‌മുഖിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തണമെന്നാണ് സിബിഐയോട് ഞായറാഴ്‌ച ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.