കാർഷികോത്പന്ന കയറ്റുമതിയിൽ 26 ശതമാനത്തിന്റെ മികച്ച നേട്ടം

കൊച്ചി: കർഷക സമരത്തിനിടയിലും കാർഷികോത്പന്ന കയറ്റുമതിയിൽ 26 ശതമാനത്തിന്റെ മികച്ച നേട്ടം.അഗ്രികൾച്ചറൽ ആൻഡ് പ്രോസസഡ് ഫുഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (അപെഡ) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020 21) ഏപ്രിൽ ഫെബ്രുവരിയിൽ 1,750 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ലഭിച്ചത്. മുൻവർഷത്തെ സമാനകാലത്ത് വരുമാനം 1,450 കോടി ഡോളറായിരുന്നു. പോത്തിറച്ചി, മട്ടൻ, സംസ്‌കരിച്ച ഇറച്ചി, കോഴി, താറാവ് എന്നിവയുടെ കയറ്റുമതി മൂല്യവും കയറ്റുമതി അളവും കുറഞ്ഞു.

പ്രമുഖ വിപണിയായ അമേരിക്കയിൽ നിന്നുൾപ്പെടെ ഇവയ്ക്ക് ഡിമാൻഡ് ഇടിഞ്ഞത് തിരിച്ചടിയായി. ക്ഷീരോത്പന്നങ്ങളുടെ കയറ്റുമതി 11 ശതമാനം ഉയർന്ന് 28.50 കോടി ഡോളറിലെത്തി.രൂപക്കണക്കിൽ, കയറ്റുമതി 26 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 1.03 ലക്ഷം കോടി രൂപയിൽ നിന്ന് 1.30 ലക്ഷം കോടി രൂപയായാണ് കുതിപ്പ്. ബസുമതി അരി, ബസുമതി ഇതര അരി, നിലക്കടല, പയറുകൾ, ക്ഷീരോത്പന്നങ്ങൾ, പഴം, പച്ചക്കറികൾ എന്നിവയ്ക്കാണ് വിദേശത്തുനിന്ന് മികച്ച ഡിമാൻഡ് ലഭിച്ചത്. അതേസമയം ഇറച്ചി കയറ്റുമതി കുത്തനെ കുറഞ്ഞു.