National (Page 850)

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി.ഈ പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യം ഉത്തരവാദിത്തമുള്ള പൗരന്മാരെയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് എല്ലാ സഹായവും നല്‍കാനും അവരുടെ വേദന ലഘൂകരിക്കാനും കോണ്‍ഗ്രസിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ഥിക്കുകയാണ്. ഇത് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മമാണ്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന.

രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

oxygen

ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (പിഎസ്എ) ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തുള്‍പ്പെടെ കനത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക.ഈ പ്ലാന്റുകള്‍ വഴി അതത് ജില്ലകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ യാതൊരു തടസവും കൂടാതെ ലഭ്യമാക്കും. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് വ്യാപനം, വാകസിനേഷന്‍ എന്നീ കാര്യങ്ങളില്‍ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസാന്ത്യ റേഡിയോ പ്രോഗ്രാമായ മന്‍കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് സൗജന്യ വാക്സീനേഷന്‍ പദ്ധതി തുടരുമെന്നും പ്രധാനമന്ത്രിഅറിയിച്ചു. വാക്സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യര്‍ത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് തരംഗം നേരിടാന്‍ എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.

രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാല്‍ ഈ തരംഗത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം അര്‍പ്പിച്ചു.

vaccine

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ വില എത്രയെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ കൊവാക്‌സിന് 1200 രൂപയാണ് നല്‍കേണ്ടത്.

കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളര്‍ ഈടാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. ഡോസിന് 150 രൂപയ്ക്കാണ് കമ്പനി കേന്ദ്ര സര്‍ക്കാരിന് വാക്‌സിന്‍ നല്‍കിയത്. ഇനി നിര്‍മ്മിക്കാനിരിക്കുന്ന പകുതിയില്‍ അധികം വാക്‌സിനും കേന്ദ്രത്തിന് തന്നെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിന്‍ വില സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിടെയാണ് വലിയ വിലയ്ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് തീരുമാനിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപ എന്ന നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം.

ദില്ലി: ലോകത്താകെ സർക്കാറിന്റെ വാക്സിനേഷൻ വിതരണത്തിനായി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വാക്സിൻ നൽകാറുള്ളതെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്.നിലവിലെ ഗുരുതര സാഹചര്യത്തിൽ വാക്‌സിൻ ഉത്പാദനം ഇതേ അളവിൽ തുടർന്നുകൊണ്ടുപോകാൻ വില ഉയർത്തിയെ മതിയാകൂ എന്നും, ഒരു നിശ്ചിത അളവ് വാക്സിൻ മാത്രമേ സ്വാകാര്യ ആശുപത്രികൾക്ക് നൽകൂ എന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട്.

ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കും തുടക്കത്തിൽ കോവിഷീൽഡും കുറഞ്ഞ വിലയ്ക്ക് തന്നെയാണ് നൽകിയത്.എന്നാൽ കൊവിഷീൽഡ് വാക്സിന് പല വില ഈടാക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. രാജ്യത്ത് എല്ലാവർക്കും വാക്സീൻ ഒരേ വില ഈടാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരും ഉന്നയിച്ചിട്ടുണ്ട്.

oxygen

ന്യൂഡല്‍ഹി: മൂന്ന് മാസത്തേക്ക് മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കും. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

covid

ഔറംഗബാദ്: രണ്ട് തവണ കോവിഡിനെ പൊരുതി തോല്‍പ്പിച്ച് 90കാരന്‍. ബീഡ് ജില്ലയിലെ അഡാസ് സ്വദേശിയായ പാണ്ഡുരംഗ് ആത്മറാം അഗ്ലേവ് എന്നയാളാണ് കോവിഡിനെ ദൃഢനിശ്ചയം കൊണ്ട് തോല്‍പ്പിച്ചത്. മികച്ച ആരോഗ്യ ശീലങ്ങള്‍, ആരോഗ്യകരമായ ജീവിതശൈലി, ക്രിയാത്മക മനോഭാവം എന്നിവയാണ് ഈ 90കാരന്‍ വീണ്ടും ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ കാരണം.2020 നവംബറിലാണ് ഇദ്ദേഹത്തിന് ആദ്യമായി കൊറോണ വൈറസ് ബാധിച്ചത്.നിയ്ക്ക് ആദ്യമായി അണുബാധയുണ്ടായപ്പോള്‍ അതിന്റെ തീവ്രത കുറവായിരുന്നുവെന്നും എന്നാല്‍ രണ്ടാം തവണ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ മാസം ആദ്യം പാണ്ഡുരംഗ് വീണ്ടും കോവിഡ് പോസിറ്റീവ് ആയതോടെ അദ്ദേഹത്തെ അംബജോഗൈയിലെ ലോഖണ്ടി സവര്‍ഗാവിലെ ഒരു കോവിഡ് -19 കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 17ന് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
താന്‍ പതിവായി നടക്കുകയും സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തായാണെന്നും ഇത് രോഗത്തില്‍ നിന്ന് രക്ഷപെടാന്‍ വളരെയധികം സഹായിച്ചുവെന്നും തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പാണ്ഡുരംഗ് പറഞ്ഞു.
തനിക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നെന്നും ഈ സമയത്ത് ആരോഗ്യത്തിലും ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി രാമണാനന്ദ് തീര്‍ത്ഥ് മെഡിക്കല്‍ കോളേജില്‍ പാണ്ഡുരംഗിനെ ചികിത്സിച്ച ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫുകളെയും ഈ തൊണ്ണൂറുകാരന്റെ പോസിറ്റീവ് മനോഭാവം ഏറെ സ്വാധീനിച്ചു.

ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന് ക്ഷാമം നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ മരുന്ന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ തീരുമാനം. നേരത്തെ ഒരു മാസം 40 ലക്ഷമായിരുന്നു ഉത്പാദനം. ഇനി ദിനംപ്രതി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി മാന്‍സുക് മന്ദാവിയ പറഞ്ഞു. ഇതിനായി 25 പുതിയ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞു.
കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ റെംഡെസിവിര്‍ ഇറക്കുമതി ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് അനുമതി തേടിയിരുന്നു.രോഗികളുടെ എണ്ണം അനുസരിച്ച് ഒരു ദിവസം മഹാരാഷ്ട്രയ്ക്ക് 70,000 റെംഡെസിവിറാണ് ആവശ്യം. പക്ഷേ ഇപ്പോള്‍ 27,000 എണ്ണം മാത്രമാണു ലഭിക്കുന്നത്.റെംഡെസിവിറിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് കൃത്യമായി അറിയില്ലെങ്കിലും ആശുപത്രിവാസത്തിന്റെ കാലയളവ് കുറയ്ക്കാമെന്നതാണ് അതുകൊണ്ടുള്ള ഉപയോഗമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം. എട്ട് പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ആറ് പേരുടെ നില ​ഗുരുതരം. 384 പേരെ സൈന്യം രക്ഷപ്പെടുത്തി. നേരത്തെ അപകടമുണ്ടായ ചമോലി പ്രദേശത്തിന് അടുത്തുള്ള സുംന എന്ന സ്ഥലത്താണ് ഇപ്പോൾ പ്രളയം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഈ ഭാഗത്ത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ രണ്ടു തൊഴിലാളി ക്യാമ്പുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രദേശത്ത് കനത്ത മഴയും മഞ്ഞു വീഴ്ചയുമാണ് അനുഭവപ്പെട്ടത്. ഇതാണ് മഞ്ഞിടിച്ചിലിന് കാരണമായത്.

ഇനിയും 150 ലധികം പേരെ രക്ഷപ്പെടുത്താനുണ്ടെന്നാണ് കണക്കാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ റോഡ് നിര്‍മ്മാണങ്ങള്‍ എല്ലാം തന്നെ നിര്‍ത്തി വച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ഐടിബിപി സേനയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലും ചമോലിയില്‍ അപകടമുണ്ടായിരുന്നു.

vaccine

ന്യൂഡൽഹി: ലോകത്ത് കൊവിഷീൽഡ് വാക്‌സിൻ ഏറ്റവും ഉയർന്ന തുകയ്‌ക്ക് വിതരണം ചെയ്യുന്നത് ഇന്ത്യയിലെന്ന് വിവരം. ഡോസിന് അറുന്നൂറ് രൂപയ്‌ക്ക് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുമെന്നാണ് സെറം അറിയിച്ചിട്ടുളളത്.ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച വാക്‌സിൻ ആണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് അറുന്നൂറു രൂപയ്‌ക്കും സംസ്ഥാന സർക്കാരുകൾക്ക് നാന്നൂറ് രൂപയ്‌ക്കുമാണ് മേയ് ഒന്ന് മുതൽ വാക്‌സിൻ നൽകുക.

അമേരിക്കയിൽ ഒരു ഡോസ് വാക്‌സിന് നൽകേണ്ടത് നാലു ഡോളർ മാത്രമാണ്. ബ്രിട്ടനിൽ ഇത് മൂന്നു ഡോളറും. ബംഗ്ലാദേശിൽ സെറം ഇൻസ്റ്റിറ്ര്യൂട്ട് തന്നെ നാലു ഡോളറിനാണ് വാക്‌സിൻ നൽകുന്നത്. സൗദി അറേബ്യയിൽ ഒരു ഡോസ് വാക്‌സിന്റെ വില അഞ്ചേകാൽ ഡോളറാണ്. ദക്ഷിണ ആഫ്രിക്കയിലും ഇതേ വിലയ്‌ക്ക് വാക്‌സിൻ കിട്ടും.സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വില പോലും ആസ്ട്രാ സെനക്ക വാക്‌സിൻ മറ്റു രാജ്യങ്ങളിൽ ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ്.

അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവ ആസ്ട്രാ സെനക്കയിൽ നിന്നും നേരിട്ടാണ് വാക്‌സിൻ വാങ്ങുന്നത്.പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന് ഉറപ്പുനൽകാത്ത കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരിക്കുന്നതിനിടെയാണ് വാക്‌സിൻ വില താരതമ്യം ചെയ്തുകൊണ്ടുളള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.