National (Page 849)

covid

ന്യൂഡൽഹി : ഏറ്റവും ഉയർന്ന നിരക്കില്‍ രാജ്യത്ത് ആർടിപിസിആർ പരിശോധന നടത്തുന്നത് കേരളത്തില്‍. ഒരു പരിശോധനയ്ക്ക് സംസ്ഥാനത്ത് 1700 രൂപയാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും.

വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.

ആർടിപിസിആർ പരിശോധനയ്ക്കു ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്. വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ.

ബംഗ്ലൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാളെ രാത്രി ഒന്‍പത് മുതല്‍ പതിനാല് ദിവസത്തേക്കായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. അവശ്യസേനവനങ്ങള്‍ രാവിലെ ആറു മുതല്‍ പത്തു മണി വരെ അനുവദനീയമായിരിക്കും.

നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ ആറുവരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം വാരാന്ത്യങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ഇന്നലെ 34,804 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി.

covid

ന്യൂഡല്‍ഹി : കോവിഡ് ബോധവത്ക്കരണത്തിനായി നൂതനമാര്‍ഗങ്ങള്‍ ആശ്രയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലൂടെ പുതിയ ഒരു സ്റ്റിക്കര്‍ പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രാലയം. കൊവിഡ് പ്രതിരോധ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകള്‍. അതില്‍ മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കാര്യങ്ങളുടെ സ്റ്റിക്കര്‍ ലഭ്യമാണ്.

ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ലിങ്കും ട്വീറ്റിനൊപ്പം നല്കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ കൊവിഡിനെതിരായ ബോധവത്കരണം വീണ്ടും ശക്തമാക്കുവാന്‍ ഉതകുന്നതാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കരുതുന്നത്. ഏപ്രില്‍ ആദ്യം, വാക്‌സീന്‍ ഫോര്‍് ഓള്‍ എന്ന സ്റ്റിക്കര്‍ വാട്ട്‌സ്ആപ്പ് തന്നെ പുറത്തിറക്കിയിരുന്നു.

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍. ‘കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു’യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

‘ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ അന്തരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാന്‍ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്’അദ്ദേഹം വ്യക്തമാക്കി.600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.

അതേസമയം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദഗ്ധ ഡോക്ടടര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: റെംഡെസിവിർ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍, ദോഷം ചെയ്യുമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഓക്‌സിജന്‍ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും പൂഴ്ത്തിവെയ്ക്കരുതെന്നും ഡോ. ഗുലേറിയ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ഗുരുതരമല്ലാത്ത രോഗലക്ഷണമുളളവര്‍ക്ക് റെംഡെസിവിർ ആവശ്യമില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ന് മുകളിലാണെങ്കില്‍ റെംഡെസിവിർ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വൈറസ് ഗുരുതരമായി ബാധിക്കുന്നവരില്‍ മാത്രമേ റെംഡെസിവിര്‍ മരുന്ന് ശുപാര്‍ശ ചെയ്യാമെന്നും ഓക്‌സിജന്‍ സാച്ചുറേഷനില്‍ 93ന് താഴെയുള്ളവര്‍ക്ക് മാത്രമേ റെംഡെസിവിര്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ കേവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.

pinarayi

മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് പതിനൊന്ന് എം.പിമാർ സംയുക്തമായി കത്ത് നൽകി.

മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്.സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.

സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണം.

ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും എം.പിമാരായ കെ. സുധാകരൻ,കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി,എൻ.കെ പ്രേമചന്ദ്രൻ,പി വി അബ്ദുൽ വഹാബ് തുടങ്ങിയവർ ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന അഭ്യർത്ഥിച്ചു.

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം മൂലം എയിംസ് അടച്ചു എന്ന കമ്മ്യൂണിസ്റ്റുകാരുടെ പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് പ്രചരിച്ചത്.എന്നാല്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ തന്നെ ഇതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.ഇവിടെ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതോടെ പലരും ട്വീറ്റുകളും മെസ്സേജുകളും പിന്‍വലിച്ചു.

കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ കള്ളം പ്രചരിപ്പിച്ച് ജനരോഷം തിരിച്ചുവിടാന്‍ കമ്മ്യൂണിസ്റ്റുകളും പരിസ്ഥിതിവാദികളും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. അതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് കള്ളം പ്രചരിച്ചത്. അതിന് തുടക്കമിട്ടവരില്‍ ഒരാള്‍ സിപി ഐ(എംഎല്‍) പൊളിറ്റ് ബ്യൂറോ അംഗവും ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ ( എ ഐപി ഡബ്ല്യുഎ) സെക്രട്ടറി കവിതാ കൃഷ്ണനാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം എയിംസിന്‍റെ എമര്‍ജന്‍സി വാര്‍ഡ് അടച്ചു എന്നായിരുന്നു .

മംഗളൂരു: കന്യാകുമാരിയില്‍നിന്നു മീന്‍ പിടിക്കാന്‍ പോയ ബോട്ട് അപകടത്തില്‍പെട്ട് 11 മത്സ്യത്തൊഴിലാളികളെ കാണാതായി. ഏപ്രില്‍ 6നാണു കന്യാകുമാരി തെങ്കപട്ടണ തുറമുഖത്തുനിന്ന് ബോട്ട് മത്സ്യബന്ധനത്തിനു പുറപ്പെട്ടത്. വെള്ളിയാഴ്ചയാണ് വൈകിട്ടാണ് ഇതിലുണ്ടായിരുന്നവര്‍ അവസാനമായി തീരവുമായി ആശയ വിനിമയം നടത്തിയത്. ഇന്ത്യന്‍ തീരത്തുനിന്നു പുറപ്പെട്ട രക്ഷാ കപ്പലുകള്‍ അപകടം നടന്നതായി കരുതുന്ന മേഖലയിലെത്താന്‍ 4 ദിവസത്തോളമെടുക്കും.ഗോവ തീരത്തുനിന്ന് 600 നോട്ടിക്കല്‍ മൈല്‍ (1100 കിലോമീറ്റര്‍) അകലെ ഒമാനു സമീപം അറബിക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് അപകടം ഉണ്ടായാത്.

കന്യാകുമാരിയിലെ ജോസഫ് ഫ്രാങ്ക്‌ലിന്റെ ഉടമസ്ഥതയില്‍ ഐഎന്‍ഡി-ടിഎന്‍-15-എംഎം-4775 നമ്പര്‍ മെഴ്‌സിഡസ് എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. കപ്പലിടിച്ച് ബോട്ട് തകര്‍ന്നതായാണു സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.വള്ളവിളൈ സ്വദേശികളായ ജോസഫ് ഫ്രാങ്ക്‌ലിന്‍(47), ഫ്രെഡി(42), യേശുദാസന്‍(42), ജോണ്‍(20), സുരേഷ്(44), ജെബീഷ്(18), വിജീഷ്(20), ജനിസ്റ്റണ്‍(20), ജഗന്‍(29), സ്റ്ററിക്, മെല്‍വിന്‍(20) എന്നിവരാണു ബോട്ടില്‍ ഉണ്ടായിരുന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേര്‍ത്ത യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതായി അസം ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മ.

കൊറോണ വ്യാപനത്തിന് ശേഷം ഇതുവരെ എട്ട് ഓക്സിജന്‍ പ്ലാന്റുകളാണ് അസം നിര്‍മിച്ചത്. 2020 ഡിസംബറില്‍ എട്ട് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് ഡല്‍ഹിക്കു പിഎം കെയര്‍ ഫണ്ട് വഴി ലഭിച്ചതാണ്. ഒരെണ്ണം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലയെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മ പറഞ്ഞു. മാത്രമല്ല, കരയുന്നൊരു കുട്ടിയെ പോലെയാണ് കെജ്രിവാള്‍ പെരുമാറുന്നതെന്ന് കേന്ദ്രസോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും വിമര്‍ശിച്ചിരുന്നു.എനിക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാമെങ്കിലും ഉത്തരവാദിത്വ ബോധം ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. മേയിലും ജൂണിലും വന്‍ വര്‍ധനയുണ്ടാകാമെന്നും ഏറ്റവും മോശം സാഹചര്യം നേരിടാന്‍ രാജ്യം ഒരുങ്ങിയിരിക്കണമെന്നും കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച അമ്പത്തിരണ്ടോളം ട്വീറ്റുകൾ ട്വിറ്റർ ഐ.ടി. വകുപ്പിന്‍റെ നിർദേശ പ്രകാരം നീക്കം ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തു. ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരങ്ങൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.കോൺ​ഗ്രസ് എം.പി രേവന്ത് റെഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതില്‍ ഉള്‍പ്പെടുന്നു.

എന്നാൽ കേന്ദ്ര സര്‍ക്കാർ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ബ്ലോക്ക് ചെയ്ത ട്വീറ്റുകളില്‍ ഭൂരിപക്ഷവും രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതകുറവും കൊവിഡ് മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളാണ്. നേരത്തെ സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര സ‌ർക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകള്‍ ഇന്ത്യയുടെ ഐ.ടി. നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചതിനു പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ പ്രവർത്തകർ, മാദ്ധ്യമ പ്രവ‌ർത്തകർ എന്നിവരുടേതടക്കമുളള ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതേ സമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ട്വീറ്റ് ചെയ്ത ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ഇന്ത്യന്‍ ഐ.ടി. ആക്ട് 2000 പ്രകാരമാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയിട്ടുളളത്.