National (Page 847)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി (ഭേദഗതി) ആക്ട് 2021ലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍. 2021 ഏപ്രില്‍ 27ന് ആക്ട് പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത് അനുസരിച്ച് ഡല്‍ഹിയില്‍ ഇനിമുതല്‍ ഭരണം നിയന്ത്രിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സര്‍ക്കാരിനു മേല്‍ ഇനി മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടായിരിക്കും. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏപ്രില്‍ 27 മുതല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നു.
നിയമനിര്‍മ്മാണം അനുസരിച്ച്, ഡല്‍ഹിയിലെ സര്‍ക്കാര്‍ എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യുഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ്, ആര്‍എംഎല്‍ പോലുള്ള ആശുപത്രികളിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ചികില്‍സയ്ക്ക് ശേഷം കാപ്പന്‍ മഥുര ജയിലിലേക്ക് പോകണമെന്നും ജാമ്യത്തിനായി കാപ്പന്‍് വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കേസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു.കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന കോടതി നിരീക്ഷണത്തെ യുപി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.

vaccine

പതിനെട്ടിനും 45 നും മദ്ധ്യേ പ്രായമായവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. ഇവര്‍ക്ക് വാക്‌സിന്‍ യജ്ഞത്തിന്റെ മൂന്നാം ഘട്ടത്തില്‍ അടുത്തമാസം ഒന്ന് മുതല്‍ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങും. വൈകിട്ട് നാല് മുതല്‍ www.cowin.gov.in, www.umang.gov.in എന്നീ പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്യാം. സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയും, സർക്കാർ തലങ്ങളിൽ നിന്ന് ലഭ്യമാകുന്ന മുറക്ക് സൗജന്യമായും വാക്സിൻ ലഭിക്കും.ഓരോരുത്തരുടേയും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഒരു ഫോണിൽ നിന്ന് നാലു പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.

ഈ ഘട്ടത്തിലും 45-നു മേല്‍ പ്രായമായവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കുമുള്ള സൗജന്യ വാക്‌സിന്‍ കുത്തിവയ്പ്പ് തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ന്യൂഡൽഹി: രാജ്യത്തുടനീളമുളള ഓക്‌സിജൻ വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഓക്‌സിജൻ, കിടക്കകൾ, അവശ്യ മരുന്നുകളായ റെംഡെസിവിർ, ഫാവിപ്രിവീർ എന്നിവയുടെ ലഭ്യത തുടങ്ങിയ, കൊവിഡ് പ്രതിസന്ധിയുടെ വിവിധ വശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് വിവിധ അവശ്യ വസ്തുക്കളുടെ അഭാവവുമായി ബന്ധപ്പെട്ട ഹർജികൾ പല ഹെെക്കോടതികളും കേൾക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കഴിഞ്ഞ ആഴ്ച സ്വയം കേസെടുത്തിരുന്നു.

ദേശീയ വിപത്തിന്റെ വേളയിൽ തങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.ഇതിനെ അടിസ്‌ഥാനത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും സജീവവും നിരന്തരവുമായ മേൽനോട്ടത്തിൽ നൂതന നടപടികൾ നടപ്പാക്കുന്നതായി കേന്ദ്രത്തിന്റെ 201 പേജുളള സത്യവാങ്‌മൂലത്തിൽ പറയുന്നു.

നിലവിലെയും ഭാവിയിലെയും ആവശ്യകത കണക്കിലെടുത്ത് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുകയും ദിവസവും ലഭ്യമാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കുന്നതിനും നയതന്ത്ര ചാനലുകൾ രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ വ്യക്തിപരമായ ഇടപെടൽ എന്നിവ ഉപയോ​ഗിച്ച് ഇറക്കുമതി ചെയ്യുന്നതിനും ഉളള ശ്രമങ്ങൾ ഇതിൽ ഉൾപ്പെടുന്നെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സുരക്ഷിതയിടങ്ങള്‍ തേടി ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍. യുറോപ്പിലേക്കും മാലിദ്വീപിലേക്കുമാണ് ഇവര്‍ പലായനം ചെയ്യുന്നത്. സമ്പന്നരില്‍ ബിസിനസുകാര്‍ മാത്രമല്ല ബോളിവുഡ് സൂപ്പര്‍ താരങ്ങളുമുണ്ടെന്ന് പ്രൈവറ്റ് ജെറ്റ് ദാതാക്കള്‍ പറയുന്നു. അതേസമയം, കാനഡ, ചൈന, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യാക്കാര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിനായി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് സംഭാവന നൽകിയതിന് പിന്നാലെ ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയും. 41 ലക്ഷം രൂപ വിലമതിക്കുന്ന 1 ബിറ്റ്‌കോയിൻ ഇന്ത്യക്കായി ക്രിപ്‌റ്റോ റിലീഫിന് ബ്രെറ്റ് ലീ സംഭാവന നല്‍കി.

കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവിനെതിരെ രാജ്യം പോരാടുന്നതിനാല്‍ ഇന്ത്യയിലുടനീളമുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ വാങ്ങാനാണ് സഹായമെന്ന് ലീ അറിയിച്ചു. ഇന്ത്യ എല്ലായ്‌പ്പോഴും എനിക്ക് രണ്ടാമത്തെ വീട് പോലെയാണ്.

എന്റെ ഔദ്യോഗിക ജീവിതത്തിലും വിരമിച്ച ശേഷവും ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും വാത്സല്യവും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. നിലവിലുള്ള പകര്‍ച്ചവ്യാധി മൂലം ആളുകള്‍ ദുരിതമനുഭവിക്കുന്നത് കാണുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു- ലീ ട്വീറ്റ് ചെയ്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ‘നിങ്ങളിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അക്കാര്യം പറയൂ. കേന്ദ്ര സര്‍ക്കാരിനോട് ഇടപെടാന്‍ ആവശ്യപ്പെടാം,’ ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി. രോഗികളെ ചികിത്സിക്കുന്നതിനുള്ള അവശ്യ മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയില്‍ വിറ്റഴിക്കപ്പെടുന്നത് തടയുന്നതില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്‍റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഓഫീസിലിരുന്ന് അപ്രായോഗിക ഉത്തരവുകള്‍ ഇറക്കിയാല്‍ ഈ യുദ്ധം ജയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതേണ്ട. നിങ്ങള്‍ മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം, ഹൈക്കോടതി ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ചികിത്സയ്ക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉടന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണോ ജഡ്ജിമാര്‍ക്ക് 100 ഹോട്ടല്‍ മുറികള്‍ ഒരുക്കുന്നത്. ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പഴിചാരിയ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയേയും ഹൈക്കോടതി വിമര്‍ശിച്ചു. ഔദ്യോഗിക ഉത്തരവിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

supreme court

ന്യൂഡല്‍ഹി : കൊവിഡ് സാഹചര്യം നേരിടാന്‍ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാക്‌സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്‌സിജന്‍ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി. അഞ്ചു കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കമ്പനികള്‍ വ്യത്യസ്ത വില കൊവിഡ് വാക്‌സീന് എങ്ങനെ ഈടാക്കും. രണ്ട്- 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ എപ്പോള്‍ നല്കാനാവും. മൂന്ന്- ഓക്‌സിജന്‍ ലഭ്യത എങ്ങനെ ഉറപ്പാക്കും. നാല്- അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്തൊക്കെ. അഞ്ച്- ജില്ലാകളക്ടര്‍മാര്‍ വരെയുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം.രാജ്യം ഒറ്റക്കെട്ടായി നില്‌ക്കേണ്ട ഈ സമയത്ത് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഓക്‌സിജന്‍ ലഭ്യതയില്‍ കോടതി ഇടപെടരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്.

പാറ്റ് കമ്മിന്‍സിന്റെ വാക്കുകള്‍

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടമായിരിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സ്‌നേഹവും കാരുണ്യമുള്ളവരാണ് ഇന്ത്യക്കാര്‍. ഈ വേളയില്‍ വളരെയധികം പേര്‍ കഷ്ടപ്പെടുന്നു എന്നത് എന്നെ ഏറെ ദുഃഖിപ്പിക്കുന്നു.
കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഐ.പി.എല്‍ തുടരുന്നതിനെപ്പറ്റി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോക്ക്ഡൗണിലായിരിക്കുന്ന ജനതയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏതാനും മണിക്കൂറുകളുടെ മാനസികോല്ലാസമാണ് ഐ.പി.എല്‍ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കാര്‍ എന്ന നിലയില്‍, ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതിനുള്ള ഒരു വേദിയുണ്ടെന്ന ഉണ്ടെന്ന അനുഗ്രഹം ഞങ്ങള്‍ക്കുണ്ട്. അത് നന്മക്കായി ഉപയോഗിക്കാം. അത് മനസിലാക്കി, പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഞാന്‍ ഒരു തുക സംഭാവന നല്‍കുന്നു.
പ്രത്യേകിച്ചും ഇന്ത്യയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് തുക നല്‍കുന്നത്. മറ്റ് ഐ.പി.എല്‍ താരങ്ങളോടും, ഇന്ത്യയുടെ മഹാമനസ്‌കതയും സ്‌നേഹവും അനുഭവിച്ചിട്ടുള്ള ലോകത്തിന്റെ വിവിധ കോണുകളില്‍ ഉളളവരോടും സംഭാവന നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 50000 ഡോളര്‍ സംഭാവന നല്‍കി കൊണ്ട് ഞാന്‍ അതിനു തുടക്കമിടുന്നു.
ഇത്തരം വേളകളില്‍ നിസഹായരെന്ന് തോന്നാന്‍ എളുപ്പമാണ്. ഇത് അല്പം വൈകിപ്പോയോ എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ, ഈ പ്രവൃത്തി കൊണ്ട് നമ്മുടെ വികാരങ്ങള്‍ പ്രവൃത്തിയിലേക്ക് വഴിമാറുമെന്നും, ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ സാധിക്കുമെന്നും ഞാന്‍ കരുതുന്നു. ഇത് വലിയൊരു കര്‍മ്മപദ്ധതിക്കുളള തുകയില്ലെന്ന് എനിക്ക് അറിയാം, പക്ഷേ ഇത് ആരുടെയെങ്കിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂഡല്‍ഹി : കൊറൊണ പ്രതിരോധത്തില്‍ രോഗികളുടെ പരിചരണത്തിനായി പ്രധാന പങ്ക് വഹിച്ച് ഇന്ത്യന്‍ റെയില്‍വേ. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യത്തെ തുടര്‍ന്ന് നാലായിരം കോച്ചുകള്‍ കൊറോണ കെയര്‍ കോച്ചുകളാക്കി. 64,000 കിടക്കകളാണ് ഇതില്‍ ഒരുക്കിയത്.
നേരിയ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയാണ് കോച്ചുകളില്‍ പരിചരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും നേരിയ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ക്കാണ് കോച്ചുകളില്‍ ഐസൊലേഷന്‍ അനുവദിച്ചിരുന്നത്.ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് കോച്ചുകള്‍ കൊറോണ വാര്‍ഡുകളാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടത്. നിലവില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ , ശകുര്‍ബസ്തി സ്റ്റേഷനുകളില്‍ 1200 കിടക്കളാണ് കൊറോണ രോഗികള്‍ക്കായി റെയില്‍വേ ഒരുക്കിയിരിക്കുന്നത്.