ന്യൂഡല്‍ഹി : കൊവിഡ് സാഹചര്യം നേരിടാന്‍ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാക്‌സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്‌സിജന്‍ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി. അഞ്ചു കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കമ്പനികള്‍ വ്യത്യസ്ത വില കൊവിഡ് വാക്‌സീന് എങ്ങനെ ഈടാക്കും. രണ്ട്- 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ എപ്പോള്‍ നല്കാനാവും. മൂന്ന്- ഓക്‌സിജന്‍ ലഭ്യത എങ്ങനെ ഉറപ്പാക്കും. നാല്- അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്തൊക്കെ. അഞ്ച്- ജില്ലാകളക്ടര്‍മാര്‍ വരെയുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം.രാജ്യം ഒറ്റക്കെട്ടായി നില്‌ക്കേണ്ട ഈ സമയത്ത് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഓക്‌സിജന്‍ ലഭ്യതയില്‍ കോടതി ഇടപെടരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
2021-04-27

