National (Page 848)

ന്യൂഡൽഹി: തീവ്ര കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് കേരളമടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് രണ്ടിനും തൊട്ടടുത്ത ദിവസങ്ങളിലും ആഹ്ളാദപ്രകടനങ്ങൾ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങൾക്കും വിലക്ക് ബാധകമാണ്.

രാജ്യത്ത് തീവ്ര കൊറോണ വ്യാപനത്തിന് തിരഞ്ഞെടുപ്പുകൾ കാരണമായതായി വിമർശനം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതി ഉൾപ്പെടെ ഇക്കാര്യത്തിൽ രൂക്ഷവിമർശനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയത്. കമ്മീഷൻ ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വരെ മദ്രാസ് ഹൈക്കോടതി പറയുന്ന സാഹചര്യവുമുണ്ടായി.

ഇതെല്ലാം കണക്കിലെടുത്താണ് വോട്ടെണ്ണൽ ദിവസം കർശന നിയന്ത്രണങ്ങൾ ഏർപെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കേരളത്തിൽ റാലികളും ആഹ്ലാദ പ്രകടനങ്ങളും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

vaccine

എന്തെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ കോവിഡ് വാക്സീൻ ഒഴിവാക്കണമെന്നായിരുന്നു തുടക്കത്തിൽ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ അലർജി വിദഗ്ധർ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത്. ചില ആഹാര പദാർഥങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ലാറ്റക്സ്, തേനീച്ച കുത്ത്, സർപ്പ വിഷം എന്നിവയോട് കടുത്ത അലർജി ഉള്ളവർക്കും സുരക്ഷിതമായി കോവിഡ് വാക്സീൻ എടുക്കാമെന്ന് പഠനറിപ്പോർട്ട് പറയുന്നു.കോവിഡ് വാക്സീൻ മൂലം കടുത്ത അലർജി പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത അപൂർവമാണ്.

അതിനാൽ ഉയർന്ന അലർജി റിസ്ക്കുള്ളവർക്കും സുരക്ഷിതമായി വാക്സീൻ എടുക്കാം എന്നാണ് ഇവരുടെ പക്ഷം. അലർജി പ്രതികരണങ്ങളോടുള്ള ഭയം മൂലം പലരും കോവിഡ് വാക്സീൻ ഒഴിവാക്കുന്ന അവസ്ഥയുണ്ട്. ഇത്തരം അനാവശ്യ ഭയത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി യൂണിറ്റ് ക്ലിനിക്കൽ ഡയറക്ടർ അലീന ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പഠനം.

ഫൈസർ, മൊഡേണ വാക്സീനുകൾ എടുത്ത 65000 ഓളം പേരുടെ ഡേറ്റ സാധ്യമായ അലർജി പ്രതികരണങ്ങൾക്കായി ഗവേഷണ സംഘം പരിശോധിച്ചു. ഈ രണ്ട് mRNA കോവിഡ് വാക്സീനുകളിലും PEG സാന്നിധ്യമുണ്ട്.യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 10 ലക്ഷം mRNA കോവിഡ് വാക്സീൻ ഡോസുകൾ നൽകുമ്പോൾ അതിൽ 4.5 കേസുകളിൽ മാത്രമാണ് അനാഫിലാക്സിസ് എന്ന മരണകാരണമായ അലർജി പ്രതികരണം ഉണ്ടായിട്ടുള്ളത്. ഇതിൽ 89 ശതമാനത്തിനും വാക്സീൻ നൽകി 15- 30 മിനിറ്റുകൾക്കുള്ളിൽ അലർജി പ്രതികരണം ഉണ്ടായി.

കൊറോണയുടെ രണ്ടാം അതിവ്യാപനം പ്രതിരോധിക്കുന്നതിനായി കൂടുതല്‍ പരിചയമുള്ള ഡോക്ടര്‍മാരുടെ സേവനം രാജ്യത്തിന് ആവശ്യമാണ്.അതിനാൽ വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കുമെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. സൈനിക ഡോക്ടര്‍മാരുടെ വീടിന് സമീപമുളള കൊറോണ ചികിത്സാകേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ നിയോഗിക്കുക.

പ്രതിരോധത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കാന്‍ സൈന്യത്തിനാകുമെന്നും അദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. കൊറോണ പ്രതിരോധത്തില്‍ സൈന്യം സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനാണ് സംയുക്തസേനാമേധാവിയെ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് വിളിപ്പിച്ചത്. ഓക്സിജനും മറ്റു അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി വ്യോമസേന സ്വീകരിച്ച നടപടികളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തി.

കൊറോണ പ്രതിരോധ രംഗത്ത് സൈന്യം മുന്നിട്ടിറങ്ങുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. കര,നാവിക,വ്യോമസേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സൈന്യത്തിലെ നഴ്സിങ് ഓഫീസര്‍മാരേ കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളില്‍ നിയോഗിക്കുന്നുണ്ട്. സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്സിജന്‍ സിലിണ്ടറുകള്‍ കൊറോണ രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ)യോടും, ഭാരത് ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മരുന്ന് കമ്പനികൾ വില വർദ്ധിപ്പിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രനടപടി.വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കാനിരിക്കെ വാക്‌സിന്റെ വിലയെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആര്‍ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്‍ രാജ്യത്ത് നിര്‍മിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കുമെന്ന് കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിന്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെകും അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിനുകള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിച്ചതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്ത് വരികയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്തു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാക്‌സിന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു.

ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് വാക്‌സിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ വരുന്നത്.അതേസമയം ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് മൂന്നരലക്ഷത്തിലധികം പേർ കൂടി കൊവിഡ് രോഗികളായി. രോഗവ്യാപനം തീവ്രമായതിനാൽ വീട്ടിലും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശിച്ച ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവഗുരുതരമാണെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗബ്രീയേസസ്. ഇന്ത്യയിലെ നിലവിലെ അവസ്ഥ ഹൃദയം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പലരാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയുന്നുവെന്നത് സന്തോഷം പകരുന്നു. എന്നാല്‍ ചില രാജ്യങ്ങളിലത് അതിരൂക്ഷമാണ്. ഇന്ത്യയിലേത് ഹൃദയഭേദകമായ സാഹചര്യമാണ്,’- ടെഡ്രോസ് പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പല ആശുപത്രികളിലും ഓക്‌സിജന്‍ വിതരണം നിലച്ചതുകൊണ്ട് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മരിച്ചവരെ സംസ്കരിക്കാന്‍ പോലും ഇടമില്ലാതെ ആയിരിക്കുന്നു. ഓക്സിജന്‍ ലഭിക്കാതെ നിരവധിപേരാണ് രാജ്യത്ത് മരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം മൂന്നരലക്ഷം പിന്നിട്ടിരിക്കുകയാണ്. മരണവും കൂടുന്നു. മെയ് പകുതി വരെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്തവിധം കൂടിക്കൊണ്ടിരിക്കുമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്.

ഡല്‍ഹി: ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.

നിലവിലെ കോവിഡ് അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തും. പരിഭ്രാന്തി മൂലം നിരവധി പേര്‍ ആശുപത്രി കിടക്കകള്‍ കൈവശം വെയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മാത്രം ആശുപത്രിയില്‍ പ്രവേശനം നേടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ന്യൂഡൽഹി: കൊവിഡ്-19 വ്യാപനം രൂക്ഷമായ ഇന്ത്യക്ക് യുഎസ് സഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. രണ്ട് രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യങ്ങൾ ഫോണിലൂടെ സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ഇന്ത്യയ്ക്ക് യുഎസ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി ട്വിറ്ററിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതും സംഭാഷണത്തിൽ ചർച്ചയായി.

അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ കൈമാറുമെന്ന് വ്യക്തമാക്കിയ യുഎസ് വെന്റിലേറ്റർ, പിപിഇ കിറ്റുകൾ, പരിശോധനാ കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ തകർന്നു പോയ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നതിനു പിന്നാലെയാണ് യുഎസും സഹായം വാഗ്ദാനം ചെയ്തത്.

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമില്ലായ്മയാണ് കോവിഡ് രൂക്ഷമായതിന് കാരണമെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ലംഘിച്ചപ്പോള്‍ കമ്മിഷന്‍ ഇടപെട്ടില്ലെന്നും ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവര്‍് അടങ്ങുന്ന ബെഞ്ച് വിലയിരുത്തി.
മേയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കണം. അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പൊതുജനാരോഗ്യം വളരെയധികം പ്രാധാന്യമുള്ളതാണ്. ഒരു ഭരണഘടനാ സ്ഥാപനത്തെ ഇക്കാര്യം ഓര്‍മപ്പെടുത്തേണ്ടി വരുന്നുവെന്നത് ദുഃഖകരമാണെന്നും ഹൈക്കോടതി ബെഞ്ച് കുറ്റപ്പെടുത്തി.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉൾപ്പെടുന്നു.

‘പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ചിലവുകൾക്കായി പണം നൽകി സഹായം നൽകും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും’ ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.

ഗൂഗിൾ ജീവനക്കാർ ക്യാമ്പയിനിലൂടെ നൽകിയ സംഭാവനയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിൾ ജീവനക്കാർ സംഭവന ചെയ്‌തത്.മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലയും കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.‌

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് ഓക്‌സിജന്‍ സഹായം നല്‍കാന്‍ കേരളം. ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഡല്‍ഹി മലയാളികളുടേയും അഭ്യര്‍ത്ഥന അനുസരിച്ചാണ് ഓക്‌സിജന്‍ നല്‍കാന്‍ കേരളം ഒരുങ്ങുന്നത്. ഓക്‌സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള കാര്യങ്ങളില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി എന്ന ഡല്‍ഹിയിലെ മലയാളി സംഘടന കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡല്‍ഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തില്‍ ജനസംസ്‌കൃതി അഭ്യര്‍ത്ഥിച്ചു.