രാജ്യത്തുടനീളമുളള ഓക്‌സിജൻ വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ന്യൂഡൽഹി: രാജ്യത്തുടനീളമുളള ഓക്‌സിജൻ വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഓക്‌സിജൻ, കിടക്കകൾ, അവശ്യ മരുന്നുകളായ റെംഡെസിവിർ, ഫാവിപ്രിവീർ എന്നിവയുടെ ലഭ്യത തുടങ്ങിയ, കൊവിഡ് പ്രതിസന്ധിയുടെ വിവിധ വശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് വിവിധ അവശ്യ വസ്തുക്കളുടെ അഭാവവുമായി ബന്ധപ്പെട്ട ഹർജികൾ പല ഹെെക്കോടതികളും കേൾക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കഴിഞ്ഞ ആഴ്ച സ്വയം കേസെടുത്തിരുന്നു.

ദേശീയ വിപത്തിന്റെ വേളയിൽ തങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.ഇതിനെ അടിസ്‌ഥാനത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും സജീവവും നിരന്തരവുമായ മേൽനോട്ടത്തിൽ നൂതന നടപടികൾ നടപ്പാക്കുന്നതായി കേന്ദ്രത്തിന്റെ 201 പേജുളള സത്യവാങ്‌മൂലത്തിൽ പറയുന്നു.

നിലവിലെയും ഭാവിയിലെയും ആവശ്യകത കണക്കിലെടുത്ത് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുകയും ദിവസവും ലഭ്യമാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കുന്നതിനും നയതന്ത്ര ചാനലുകൾ രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ വ്യക്തിപരമായ ഇടപെടൽ എന്നിവ ഉപയോ​ഗിച്ച് ഇറക്കുമതി ചെയ്യുന്നതിനും ഉളള ശ്രമങ്ങൾ ഇതിൽ ഉൾപ്പെടുന്നെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.