ബിഗ് ബാസ്കറ്റിന്റെ ഓഹരികൾ വാങ്ങാൻ ടാറ്റ ഡിജിറ്റലിന് അനുവാദം

ദില്ലി: ബിഗ് ബാസ്കറ്റിന്റെ 64.3 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റ ഡിജിറ്റലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുവാദം. ഓൺലൈൻ ഗ്രോസറി മാർക്കറ്റിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ബിഗ് ബാസ്കറ്റ്. ഒരു ബില്യൺ ഡോളർ വാർഷിക വരുമാനം ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതോടെ, ആമസോൺ, റിലയൻസ്, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോർക്കാൻ ടാറ്റ സൺസിന് സാധിക്കും. കൊവിഡ് 19 മഹാമാരി ഇന്ത്യയടക്കം ലോകത്തെമ്പാടും പടർന്നുപിടിച്ച സാഹചര്യമാണ് പുതിയ ബിസിനസ് നീക്കത്തിലേക്ക് ടാറ്റ സൺസിനെ എത്തിച്ചത്. ഇതോടെ ലോകത്തെമ്പാടും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് വൻ ആവശ്യക്കാരുണ്ടായി.

റിലയൻസിന്റെ ജിയോ മാർട്ടിലേക്ക് വലിയ നിക്ഷേപങ്ങൾ വന്നതും ടാറ്റ സൺസിന്റെ തിരക്കിട്ട ആലോചനകൾക്ക് കാരണമായിരുന്നു.ഒന്നോ അതിലധികമോ ഘട്ടത്തിലൂടെയാവും കമ്പനിയുടെ മേൽനോട്ട ചുമതലയടക്കം ടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുക. ഇതോടെ ഇന്നൊവേറ്റീവ് റീടെയ്ൽ കൺസെപ്റ്റ്സ് എന്ന ബിഗ് ബാസ്കറ്റിനെ നയിക്കുന്ന കമ്പനിയുടെ നിയന്ത്രണം തന്നെ സൂപ്പർമാർക്കറ്റ് ​ഗ്രോസറി സപ്ലൈസ് എന്ന കമ്പനിക്കാവും.ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ ലിമിറ്റഡാണ് ബിഗ് ബാസ്കറ്റിൽ നിക്ഷേപം നടത്തുന്നത്.