വാക്സിനുകളുടെ പേറ്റന്റ് ഇളവിന് ഇന്ത്യ

vaccine

ന്യൂഡൽഹി:കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ആഗോള വാക്സിനേഷൻ ദൗത്യം ഊർജ്ജിതമാക്കാൻ വാക്സിനുകളുടെ പേറ്റന്റ് അവകാശവും ബൗദ്ധിക സ്വത്തവകാശവും ഇളവു ചെയ്യണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോക വ്യാപാര സംഘടനയിൽ ആവശ്യപ്പെട്ടിരുന്നു. മന്ദഗതിയിൽ പോയാൽ ലോകജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് വാക്സിൻ കിട്ടാൻ രണ്ട് വർഷം വരെ വൈകുമെന്നും ഈ കാലയളവിൽ വൈറസിന് കൂടുതൽ ജനിതകമാറ്റം വന്ന് അതീവ മാരകമാവുമെന്നും യോഗത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.

വാക്സിൻ അസംസ്‌കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ അമേരിക്കയും ചില പാശ്ചാത്യരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെയാണ് പേറ്റന്റ് ഇളവിനുള്ള ചർച്ചകളും സജീവമായത്. ലോകാരോഗ്യ സംഘടനയും നിരവധി ലോക നേതാക്കളും ഇതിന് സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.ഇളവു ചെയ്താൽ കൂടുതൽ സ്ഥാപനങ്ങൾക്ക് വാക്സിൻ ഉൽപ്പാദിപ്പിക്കാനും ആഗോള വാക്സിനേഷൻ വിപുലമാക്കാനും കഴിയും. കഴിഞ്ഞയാഴ്ച ചേർന്ന സംഘടനയുടെ യോഗത്തിലും ഇന്ത്യൻ നിർദ്ദേശത്തെ അംഗങ്ങൾ ശക്തമായി എതിർത്തു.

പാകിസ്ഥാൻ,​ ഈജിപ്റ്റ്,​ ബൊളീവിയ,​ വെനിസ്വേല,​ കെനിയ,​ സിംബാബ്‌വേ തുടങ്ങിയ 58 രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്.അതേസമയം,​ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം അമേരിക്ക സൂചിപ്പിച്ചു. ലോകവ്യാപാര സംഘടനയുടെ ഇന്നത്തെ യോഗത്തിൽ ഇന്ത്യൻ ഗ്രൂപ്പ് ഈ ആവശ്യം വീണ്ടും ഉന്നയിക്കും.വാക്സിൻ ഉൽപാദനം ലോകവ്യാപകമായി വർദ്ധിപ്പിക്കാനുള്ള വഴിയാണ് പേറ്റന്റ് ഇളവെന്നും യു.എസ് അക്കാര്യം പഠിക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു.