National (Page 817)

ദില്ലി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങളുയരുമ്പോള്‍ ദ്വീപിലേക്ക് യാത്രാനുമതി നല്‍കണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കി. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനായി അനുമതി തേടിയത്.

അനുമതി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും എം.പിമാര്‍ അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ പുതിയ നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് എംപിമാരുടെ നീക്കവും ഉണ്ടായിരിക്കുന്നത്.അതേസമയം, ലക്ഷദ്വീപില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗണ്‍സിലറും എംപിയും നിയമവിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. ലക്ഷദ്വീപിലെ ജനതാത്പര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവന വിശ്വാസത്തിലെടുക്കണോയെന്ന് യോഗം ചര്‍ച്ച ചെയ്യും. അഡ്മിനിസ്‌ട്രേഷനെതിരായ നിയമപോരാട്ടങ്ങള്‍ എങ്ങനെ വേണമെന്നും കോര്‍കമ്മിറ്റിയില്‍ ധാരണയാകും.

ന്യൂഡല്‍ഹി : മാഗി അടക്കമുള്ള തങ്ങളുടെ അറുപത് ശതമാനം ഉത്പന്നങ്ങളും അനാരോഗ്യകരമാണെന്ന് സമ്മതിച്ച് നെസ്ലേയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ പ്രത്യേകം ആവിഷ്‌ക്കരിക്കുമെന്നും, എന്നാല്‍ ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

ഉത്പന്നങ്ങളുടെ പോഷകാഹാരവും ആരോഗ്യനിലവാരവും ഉയര്‍ത്താനുള്ള ശ്രമമാണെന്നാണ് വിശദീകരണം. ഉത്പന്നങ്ങള്‍ കൂടുതല്‍ ആരോഗ്യകരമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും നെസ് ലേ അറിയിച്ചു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് തങ്ങള്‍ അവതരിപ്പിച്ചത്. ഇതെല്ലാം പോഷകസമൃദ്ധമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ഫുഡ് കമ്പനി പറയുന്നു.

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചവരില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം കാവേരി നദിയില്‍ ഒഴുക്കി ര്‍ണാടക റവന്യൂമന്ത്രി ആര്‍. അശോക. ഉത്തരേന്ത്യയില്‍ മൃതദേഹങ്ങള്‍ നദിയില് ഒഴുകി നടന്നതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു. കാവേരി പുണ്യനദിയാണെന്നാണ് കരുതപ്പെടുന്നതെന്നും ചിതാഭസ്മം അതില്‍ ഒഴുക്കുന്നതോടെ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിഷയമാണിത്. അതുകൊണ്ടാണ് കര്‍ണാടകത്തിലെ എല്ലാവര്‍ക്കും വേണ്ടി താന്‍ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് – മന്ത്രി പറഞ്ഞു.കര്‍ണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നുവെങ്കിലും ആശ്വസിക്കാവുന്ന തരത്തിലല്ല സ്ഥിതിഗതികള്‍.

rent

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മാതൃകാ വാടക നിയമത്തിന്(മോഡല്‍ ടെനന്‍സി ആക്ട്) അംഗീകാരം നല്‍കി.ഈ നിയമം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിലവിലുള്ള വാടക നിയമങ്ങള്‍ ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാം. നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാന്‍ പാടുള്ളു. അതേസമയം താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ ഈടാക്കാമെന്നും നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാന്‍ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.ഈ നിയമം എല്ലാ വരുമാനക്കാര്‍ക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് ഉപകാരപ്പെടും. കൂടാതെ, വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞ വീടുകള്‍ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം ഉപകാരപ്പെടുമെന്നും പറയുന്നു. വന്‍തോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

covid

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അതികഠിനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാവുന്നതാണെന്നും മികച്ചരീതിയില്‍ തയ്യാറെടുത്താല്‍ ഇന്ത്യയില്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിന്റെ ആധിക്യം അന്താരാഷ്ട്ര ശരാശരിയെക്കാള്‍ കുറവായതിനാല്‍ ഒരുപക്ഷെ മൂന്നാം തരംഗവും മറ്റു ലോകരാജ്യങ്ങളില്‍ അനുഭവപ്പെട്ടതു പോലെ അത്ര തീവ്രമായേക്കില്ലെന്നും റിപ്പോര്‍ട്ട്സൂചിപ്പിക്കുന്നു.പ്രതിദിനകേസുകള്‍ 4.14ലക്ഷംവരെ രേഖപ്പെടുത്തിയ രണ്ടാംതരംഗത്തിനുശേഷം കൊവിഡ് മഹാമാരിയുടെ മൂന്നാംതരംഗം നേരിടുന്നതിനുളള മുന്നൊരുക്കങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന അവസരത്തിലാണ് ഈ റിപ്പോര്‍ട്ട് ഒരു മുന്നറിയിപ്പായി വരുന്നത്.

insurance

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമാണ് പുതിയ സംവിധാനം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലാകളക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും,ഈ സര്‍ട്ടഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, ഇന്‍ഷുറന്‍സ് കമ്പനി 48 മണിക്കൂറിനുള്ളില്‍ ക്ലെയിമുകള്‍ അംഗീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും.

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സുപ്രധാന നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇതിനെ തുടര്‍ന്ന്, തദ്ദേശീയമായ വാക്‌സിന് പരീക്ഷണവും സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി നല്‌കേണ്ട അനുമതിയും ഡ്രഗ്‌സ് കണ്ട്രോളര്‍് ഒഴിവാക്കി.വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ വിദേശത്തെ അംഗീകൃത വാക്‌സിനുകള്‍ കൂടി രാജ്യത്ത് ലഭ്യമാക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത്.അമേരിക്കയിലെ എഫ് ഡി ഐ, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച് ആര്‍ എ, പി എം ഡി എ ജപ്പാന്‍, ലോകോരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗ പട്ടിക എന്നിങ്ങനെ വിവിധ തലത്തില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്ട്രോളര്‍ ഇളവ് അനുവദിച്ചത്. ഇതോടെ മൊഡേണ, ഫൈസര്‍ പോലുള്ള വിദേശ വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് വിവരം.

cbse

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോള്‍ അവസരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യാര്‍ത്ഥമാണ് പരീക്ഷ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും അടച്ചുപൂട്ടല്‍ തുടരുന്നുണ്ട്.

വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരും സ്വാഭാവികമായും വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഹാജരാക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ക്കനുസൃതമായി ന്യായമായും സമയബന്ധിതമായും ഫലം തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചു . സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ഇന്ന് ചുമതലയേല്‍ക്കും.കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതി അരുണ്‍ മിശ്രയെ തെരഞ്ഞെടുത്തത്. ജമ്മുകശ്മീര്‍ ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍കുമാര്‍, ഇന്റലിജന്‍സ് മുന് മേധാവി രാജീവ് ജെയിന്‍ എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്.

മുംബൈ: വിര്‍ച്വല്‍ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ ഇടപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ബാങ്കുകള്‍. അക്കൗണ്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്നുകാട്ടിയാണ് അറിയിപ്പ്. എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ. എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്കിന്റെ 2018 – ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴി അറിയിപ്പുനല്‍കിയിരിക്കുന്നത്.വിര്‍ച്വല്‍ കറന്‍സി ഇടപാടിലെ വെല്ലുവിളികളില്‍ കരുതലുണ്ടാകണമെന്ന് നിര്‍ദേശിച്ചാണ് എസ്.ബി.ഐ.യുടെ അറിയിപ്പ്.

വിര്‍ച്വല്‍ കറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ എസ്.ബി.ഐ. കാര്‍ഡ് ഉപയോഗിച്ചാല്‍ കാര്‍ഡ് റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുതയില്ലാത്ത ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനാണ് ബാങ്കുകളുടെ തീരുമാനം.ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളാണ് സുപ്രധാനമെന്നും സുപ്രീംകോടതി വിധി വന്നെങ്കിലും ആര്‍.ബി.ഐ. ഉത്തരവ് തിരുത്തിയിട്ടില്ലെന്നും ബാങ്കധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.ബി.ഐ. ഉത്തരവില്‍ മാറ്റം വരുത്തുന്നതുവരെ അത് പിന്തുടരാനാണ് ബാങ്കുകളുടെ തീരുമാനമെന്നറിയുന്നു.