മുംബൈ : വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി വിജയ് മല്യ യുടെ സ്വത്തുക്കൾ വിറ്റ് ബാങ്കുകൾക്ക് പണം നൽകാൻ തീരുമാനം. വിജയ് മല്യയുടെ 5,646 കോടി രൂപയുടെ സ്വത്തുക്കൾ വിറ്റ് ബാങ്കുകൾക്ക് പണം നൽകാനാണ് ധാരണയായിരിക്കുന്നത് .
മുംബൈയിലെ പ്രത്യേക കോടതിയാണ് ഇതുസംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. എസ് ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി. 11 ബാങ്കുകളടങ്ങിയ കൺസോർഷ്യമാണ് വിജയ് മല്യക്ക് വായ്പ നൽകിയത്. ഈ കൺസോർഷ്യത്തിലെ പ്രധാന ബാങ്കാണ് എസ്ബിഐ.
വിജയ് മല്യയുടെ 5646.54 കോടി രൂപയുടെ സ്വത്തുക്കൾ വിറ്റ് പണമാക്കി ബാങ്കുകൾക്ക് ഉപയോഗിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് സ്വത്തുക്കളും സെക്യൂരിറ്റികളും വിറ്റ് പണമാക്കി അത് വായ്പാ തിരിച്ചടവായി ബാങ്കുകൾ കണക്കാക്കും. 6,900 കോടിയോളം രൂപയാണ് വിജയ് മല്യ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയായി എടുത്തിരിക്കുന്നത്. എസ് ബി ഐ യിൽ നിന്നും 1600 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 800 കോടി രൂപയും ഐഡിബിഐ ബാങ്കിൽ നിന്ന് 800 കോടിയും ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 650 കോടിയും ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 550 കോടിയും സെൻട്രൽ ബാങ്കിൽ നിന്ന് 410 കോടിയും വായ്പ നൽകിയിട്ടുണ്ട്.