കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ ഇനിയും വൈകുമെന്ന് സൂചന

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കല്‍ ഇനിയും വൈകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസിലാക്കിയ ശേഷമായിരിക്കും അധ്യക്ഷനെ പ്രഖ്യാപിക്കു. ഇതിനായി കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയേക്കുമെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തീരുമാനം എടുക്കുകയെന്നതാണ് ഹൈക്കമാന്‍ഡിന്റെ നയം.രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ കെ സുധാകരന് മുന്‍തൂക്കമുണ്ടെങ്കിലും കൊടിക്കുന്നില്‍ സുരേഷിനെ പിന്‍തുണയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇവരാരുമല്ലാതെ പുതിയ തലമുറയില്‍പ്പെട്ട ജനകീയ അടിത്തറയുള്ളവരെ അദ്ധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.