ജൻധൻ അക്കൗണ്ട് ഉടമകൾക്കായി കേന്ദ്ര സർക്കാർ നൽകുന്നത് ഒരു ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ; ചെയ്യേണ്ടത് ഇത്രമാത്രം; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി ജൻധൻ യോജന. ഓരോ പൗരനും സേവിംഗ്‌സ് അക്കൗണ്ടുകൾ, ഡിപ്പോസിറ്റ്, പണമയയ്ക്കൽ, വായ്പകൾ, ഇൻഷുറൻസ്, പെൻഷനുകൾ എന്നിവ ഉറപ്പാക്കുന്ന പദ്ധതിയാണ് പിഎംജെഡിവൈ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏത് ബാങ്ക് ശാഖയിലും സീറോ ബാലൻസ് സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ ഈ പദ്ധതിയിലൂടെ കഴിയും.

ഓവർ ഡ്രാഫ്റ്റുകൾ, റുപേ ഡെബിറ്റ് കാർഡുകൾ തുടങ്ങിയ സൗകര്യങ്ങളും ജൻധൻ അക്കൗണ്ടിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സഹായം ജൻധൻ അക്കൗണ്ട് വഴി ലഭിച്ചിരുന്നു. ഇത്തവണ 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാർ ജൻധൻ അക്കൗണ്ട് ഉടമകൾക്ക് നൽകുന്നത്. ഒരു ലക്ഷം രൂപ അപകട ഇൻഷുറൻസും 30,000 രൂപ ജനറൽ ഇൻഷുറൻസുമാണ് കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ. അക്കൗണ്ട് ഉടമയ്ക്ക് അപകടം സംഭവിക്കുകയാണെങ്കിൽ ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

ഈ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നമ്പറുമായി ജൻധൻ അക്കൗണ്ട് ബന്ധിപ്പിക്കേണ്ടതാണ്. പല ബാങ്കുകളും ഇപ്പോൾ മെസേജുകളിലൂടെ ആധാർ നമ്പറുമായി അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ അക്കൗണ്ടുള്ള ബാങ്ക് ഈ സൗകര്യം നൽകുന്നില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ആധാർ കാർഡിന്റെയും പാസ്ബുക്കിന്റെയും ഫോട്ടോകോപ്പിയുമായി ബാങ്ക് ശാഖയിലെത്തി ആധാറും ജൻധൻ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് യുഐഡി അയച്ചുകൊണ്ട് അവരുടെ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.

സ്വകാര്യ ബാങ്കിലും ജൻധൻ അക്കൗണ്ട് തുറക്കാൻ കഴിയും. സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കിൽ അതിനെ ജൻധൻ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയും. 10 വയസ്സിന് മുകളിലുള്ള ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു പൗരനും ജൻധൻ അക്കൗണ്ട് തുറക്കാം. ആധാർ കാർഡുകൾ, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, എംജിഎൻആർജിഎ തൊഴിൽ കാർഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് എടുക്കാം.