എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ആര്‍ആര്‍ആര്‍ ടീമിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത്. ഇത് വലിയൊരു നേട്ടമാണെന്നും എല്ലാ ഇന്ത്യക്കാരും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു. ഗോള്‍ഡന്‍ ഗ്ലോബിലെ ചരിത്രവിജയത്തിന് ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് നടന്‍ അമിതാഭ് ബച്ചനും രംഗത്തെത്തി. ഇത് അര്‍ഹിച്ച അംഗീകാരമാണെന്നും, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയതിന് ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിക്കുന്നുവെന്നും ബച്ചന്‍ പറഞ്ഞു.
അതേസമയം, ‘നാട്ടു നാട്ടു വിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ച വാര്‍ത്ത കേട്ടാണ് ഇന്ന് ഉറക്കമുണര്‍ന്നത്. ഇനിയും നിരവധി പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിക്കട്ടെ. ഇന്ത്യക്ക് ഇത് അഭിമാന നേട്ടമാണ്’- എന്ന് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍റഹ്മാനും അഭിനന്ദനങ്ങളുമായി എത്തി. ‘ഈ വാര്‍ത്തയറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു’- എന്ന് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ പോസ്റ്റ് ചെയ്തു. ‘ഈ നേട്ടമറിഞ്ഞ് അഭിമാനവും ആവേശവും തോന്നുന്നു’- എന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും കുറിച്ചു. കരീന കപൂറും ആര്‍ആര്‍ആര്‍ ടീമിന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദനം അറിയിച്ചു. ‘ഈ വിജയത്തില്‍ എല്ലാവര്‍ക്കും സന്തോഷം ഉണ്ടെന്നും, ലോകം മുഴുവന്‍ നിങ്ങളുടെ സംഗീതം ആഘോഷമാക്കുന്നത് കണ്ടതില്‍ വലിയ അഭിമാനം തോന്നുന്നുവെന്നും’ തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എന്നാല്‍, ‘പറയാന്‍ വാക്കുകളില്ല’ എന്നാണ് കീരവാണിക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സംവിധായകന്‍ രാജമൗലി കുറിച്ചത്. സംഗീതത്തിന് അതിരുകളില്ലെന്നും ഈ പാട്ട് സൃഷ്ടിച്ച കീരവാണിക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇത് വളരെ സ്‌പെഷ്യല്‍ ആയിട്ടുള്ള ഒരു പുരസ്‌കാരം ആണ്. ‘നാട്ടു നാട്ടു’ ഏറ്റെടുത്ത് ജനപ്രിയമാക്കിയ എല്ലാ ആരാധകര്‍ക്കും നന്ദി’- അദ്ദേഹം പോസ്റ്റ് ചെയ്തു. ചിത്രത്തില്‍ അഭിനയിച്ച ആലിയ ഭട്ടും പുരസ്‌കാര വാര്‍ത്ത പങ്കുവെച്ചു. രാജമൗലിക്കും കീരവാണിക്കും ജൂനിയര്‍ എന്‍ടിആറിനും ഒപ്പമുള്ള ചിത്രം രാംചരണ്‍ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെച്ചു. ‘എന്റെ കരിയറില്‍ ഞാന്‍ നിരവധി പാട്ടുകള്‍ക്ക് നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ നാട്ടു നാട്ടു എന്നെന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും’-എന്ന് ജൂനിയര്‍ എന്‍ടിആറും കുറിച്ചു.

