ന്യൂഡൽഹി: ഭൂമിയിൽ വിള്ളലുകൾ വീണ ജോഷിമഠ് എന്ന പ്രദേശത്തെ കുറിച്ചുള്ള നിർണായക പഠന റിപ്പോർട്ട് പുറത്ത്. വർഷത്തിൽ 2.5 ഇഞ്ച് (6.5 സെന്റീമീറ്റർ) എന്ന കണക്കിൽ ഉത്തരാഖണ്ഡിലെ ജോഷിമഠും ചുറ്റുമുള്ള സ്ഥലങ്ങളും താഴ്ന്നുപോകുകയാണെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ആണ് പഠനം നടത്തിയത്. രണ്ടു വർഷത്തെ പഠനത്തിന്റെ വിവരങ്ങളാണ് നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടത്.
പ്രദേശത്തിന്റെ ഉപഗ്രഹ വിവരങ്ങളെ കുറിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. മേഖലയിൽ ധാരാളം ടെക്ടോണിക് ആക്ടിവിറ്റികൾ നടക്കുന്നുണ്ടെന്നും അവിടം വളരെ സെൻസിറ്റീവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള ഉപഗ്രഹചിത്രങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പഠന വിധേയമാക്കി. ജോഷിമഠിന് 90 കിലോമീറ്റർ അകലെയുള്ള നഗരത്തിലും കെട്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അതേസമയം, ജോഷിമഠിൽ 600 വീടുകൾ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. വീടുകളിൽ വിള്ളലുകളുണ്ടാവുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്തതിനെ തുടർന്നാണ് നടപടി. 4000 ത്തോളം പേരെ പ്രദേശത്ത് നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. മേഖലയിൽ കഴിഞ്ഞ ദിവസം ഉപഗ്രഹ സർവേ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി മേഖലയിലെ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്ടറുകൾ ഉൾപ്പെടെ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ജോഷിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിർമാണപ്രവൃത്തികളും നിർത്തിവെക്കാനും അധികൃതർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ഹെലാങ്- മർവാരി ബൈപ്പാസിന്റെ പ്രവൃത്തിയും എൻ.ടി.പി.സിയുടെ ഹൈഡൽ പ്രൊജക്ടിന്റെ നിർമാണപ്രവൃത്തികളും നിർത്തിവെച്ചു.

