തിരുവനന്തപുരം: മന്ത്രി ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് നിർദ്ദേശവുമായി സിപിഎം. മന്ത്രി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണമെന്ന് സിപിഎം വ്യക്തമാക്കി. മന്ത്രി ഓഫീസുകൾ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന വിമർശനവും പാർട്ടി ഉയർത്തി.
കഴിഞ്ഞ ദിലവസം ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് മന്ത്രി ഓഫീസുകളിലെ പ്രവർത്തനത്തിലെ വീഴ്ച ചർച്ച ചെയ്തത്. രാത്രി ഒൻപത് മണി വരെ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് പാർട്ടി നേരത്തെ എടുത്ത നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഇതിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന കർശന നിർദ്ദേശമാണ് പാർട്ടി മുന്നോട്ടുവെച്ചത്. സർക്കാരിനെ ചുറ്റിപ്പറ്റി ഇപ്പോഴും അധികാര കേന്ദ്രങ്ങളായി മാറുന്നവർ ചിലരുണ്ടെന്നുളള വിമർശനവും യോഗം ഉയർത്തിക്കാട്ടി. ഇത് മാറണമെന്നും യോഗം ആവശ്യപ്പെട്ടു.