തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പാവപ്പെട്ടവർ ജീവിതകാലമാകെ സമ്പാദിച്ച് നിക്ഷേപിച്ച തുക കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളന്മാർ ഇഡിയെ പേടിച്ച് നടക്കുകയാണ്. അന്വേഷണം കേന്ദ്ര വേട്ടയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതി. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതു പാവപ്പെട്ടവരാണ്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മന്ത്രി ചോദിക്കുന്നത് 150 കോടി ചെറിയ തുകയല്ലേ എന്നാണ്. സാധാരണക്കാരൻ അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്ന പണമാണ് കൊള്ളയടിച്ചത്. എ സി മൊയ്തീന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഒളിച്ചുനടക്കുന്നതെന്ന് വി മുരളീധരൻ ചോദിക്കുന്നു.
മൊയ്തീന് ഒരു ഉത്തരവാദിത്തവും ഇക്കാര്യത്തിൽ ഇല്ലെങ്കിൽ ഇഡിയുടെ മുൻപിൽ ഹാജരായിക്കൂടെയെന്നും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൂടെയെന്നും അദ്ദേഹം ചോദിച്ചു. സമാനകേസുകളിൽ ഇഡി ആർക്കെതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. ഈ കള്ളന്മാർ ഇഡിയെ പേടിച്ചു നടക്കുകയാണ്. ഇഡി പിടിച്ചുകഴിഞ്ഞാൽ അകത്താണ്. അറസ്റ്റ് ചെയ്തശേഷം തെളിവ് അന്വേഷിക്കുന്നവരല്ല. തെളിവു കിട്ടയതിനു ശേഷമാണ് ഇഡിയുടെ തുടർനടപടികളെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

