കോട്ടയം: മാത്യൂ കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണ ചുമതല കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിന്. ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് മാത്യു കുഴൽനാടനെതിരെ അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണമാണ് വിജിലൻസ് ഇപ്പോൾ നടത്തുന്നത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നൽകിയത്.
അതേസമയം, റിസോർട്ടിന്റെ ലൈസൻസിൽ പ്രവർത്തിച്ചിരുന്ന നിർമിതിക്ക് ഇപ്പോൾ ഹോം സ്റ്റേ ലൈസൻസ് എന്ന നിലയിൽ പഞ്ചായത്ത് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. മാത്യു കുഴൽ നാടൻറെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിർമിച്ചതെന്നാണ് ഉയരുന്ന ആരോപണം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.