International (Page 214)

ബഹ്‌റൈൻ: ചൈനയ്ക്ക് തിരിച്ചടി. ചൈനയുടെ കോവിഡ് പ്രതിരോധ വാക്സിനുകൾ വാങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നതായി പരാതി. ജനസംഖ്യയുടെ 50 മുതൽ 68 ശതമാനം വരെ ആളുകൾക്ക് വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയ പല രാജ്യങ്ങളിലും കോവിഡ് അതിവേഗത്തിൽ പടർന്നു പിടിക്കുകയാണെന്നാണ് വിവരം.

മംഗോളിയ, ചിലി, സീഷെൽസ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനം വർധിച്ചിരിക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തിയില്ലായ്മയാണ് രോഗവ്യാപനം വർധിക്കുന്നതിന് ഇടയാക്കുന്നതെന്നാണ് ഉയരുന്ന പരാതി. യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ചൈനയുടെ കോവിഡ് വാക്‌സിനായ സീനോഫാം അംഗീകരിച്ചത്. ഇപ്പോൾ മദ്ധ്യേഷ്യയിൽ ഏറ്റവും അധികം രോഗം സ്ഥിരീകരിക്കുന്നത് ഈ രണ്ട് രാജ്യങ്ങളിലാണ്.

കൊവിഡ് നിയന്ത്രണങ്ങളെ പാടേ ഉപേക്ഷിക്കുന്നതാണ് രോഗ വ്യാപനം വർധിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ഫൈസർ വാക്സിൻ വിതരണം ചെയ്ത ഇസ്രയേലാണ് ലോകത്തിൽ വാക്സിൻ നിരക്കിൽ രണ്ടാമതുള്ളത്. ഇവിടെ പത്ത് ലക്ഷം പേരിൽ 4.95 ആണ് രോഗ നിരക്ക്. സീനോഫാം വിതരണ ചെയ്ത സീഷെൽസിൽ രോഗ നിരക്ക് 716 ആണ്. ചൈനയും അവരുടെ വാക്സിൻ ലഭിച്ച 90 രാജ്യങ്ങളും ഭാഗികമായി മാത്രം പ്രതിരോധശേഷി നേടിയതാണ്. ലോകശക്തിയാകാൻ ഒരവസരമായാണ് ചൈന വാക്‌സിൻ നയതന്ത്രത്തെ കണ്ടത്. ചൈനയുടെ ഈ പ്രതീക്ഷകൾക്ക് മേലാണ് നിലവിൽ കരിനിഴൽ വീണിരിക്കുന്നത്.

ജിദ്ദ: യോഗയുടെ പ്രചരണാര്‍ത്ഥം ഇന്ത്യയുമായുള്ള സഹകരണത്തിന് ധാരണാപത്രത്തില്‍ ഒപ്പിച്ച് സൗദി അറേബ്യ. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുമായി സൗദി മിനിസ്ട്രി ഓഫ് സ്‌പോര്‍ട്‌സ് ലീഡേഴ്‌സ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ധാരണാപത്രം ഒപ്പിട്ടത്. രാജ്യത്ത് യോഗ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കും. അന്താരാഷ്ട്ര യോഗാദിനത്തില്‍ റിയാദില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ധാരണയിലെത്തിയത്. ധാരണാപത്രം അനുസരിച്ച് യോഗയുമായി ബന്ധപ്പെട്ട മേഖലയില്‍ ഗവേഷണം, പഠനം, പരിശീലനം എന്നിവയ്ക്കുള്ള സഹകരണം ഉറപ്പാക്കും.

ടോക്കിയോ: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഒളിമ്പിക്‌സില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ഒളിമ്പിക്‌സ് കമ്മിറ്റി. പതിനായിരം കാണികളെ വീതമായിരിക്കും പ്രവേശിപ്പിക്കുക. പക്ഷെ വിദേശ സഞ്ചാരികള്‍ക്ക് അനുമതിയില്ല. ഒളിമ്പിക്സിനെത്തുന്നവര്‍ രണ്ടു വാക്സിനും എടുത്തിട്ടുണ്ടോ എന്നത് വിമാനത്താവളം മുതല്‍ പരിശോധിക്കും.

ജൂലൈ 23ന് ആരംഭിക്കുന്ന ലോകകായിക മാമാങ്കത്തിന് വേദികളില്‍ 50 ശതമാനം പേര്‍ക്കാണ് അനുമതിയുള്ളത്. കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമായി മികച്ച റെസ്റ്റോറന്റുകളും പരിശീലന സൗകര്യവും ജിമ്മുകളും ഒരുക്കിയിട്ടുണ്ട്. 12000 അത്ലറ്റുകള്‍ ക്കായി 23 കെട്ടിടങ്ങളാണ് പണിതീര്‍ന്നിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന കിടപ്പുമുറികളും വിശ്രമമുറികളും ഒരോ രാജ്യത്തിനായും പ്രത്യേകം ബ്ലോക്കുകളാക്കി തയ്യാറാക്കിയിട്ടുണ്ട്.

ബെയ്ജിംഗ്: 28 മണിക്കൂറിനുള്ളിൽ ഉയർന്നത് 10 നില കെട്ടിടം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്ന ഒരു വീഡിയോയിലെ ദൃശങ്ങളാണിത്. ചൈനയിലാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് 10 നില കെട്ടിടം പണിതുയർത്തിയത്. ചാങ്ഷാ നഗരത്തിലാണ് 28 മണിക്കൂറിനുള്ളിൽ പത്ത് നില കെട്ടിടം നിർമ്മിച്ചത്.

ബ്രോഡ് ഗ്രൂപ്പ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് നിർമ്മാണം നടത്തിയത്. കെട്ടിടത്തിനു വേണ്ട മുറികളും മറ്റ് കെട്ടിട മൊഡ്യൂളുകളും നേരത്തെ തന്നെ ഒരു ഫാക്ടറിയിൽ തയാറാക്കിയിരുന്നു. ഈ ഭാഗങ്ങളെല്ലാം ട്രക്കുകളിൽ സൈറ്റിലേക്ക് കൊണ്ടുപോയി യോജിപ്പിച്ചാണ് കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ കെട്ടിട മൊഡ്യൂളിനും ഷിപ്പിംഗ് കണ്ടെയ്നറിന് സമാനമായ അളവുകളായതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും വളരെ എളുപ്പമായിരുന്നു. കെട്ടിട നിർമ്മാണത്തിന് വേണ്ട ഭാഗങ്ങളെല്ലാം നേരത്തെ തന്നെ നിർമാണ സ്ഥലത്ത് എത്തിക്കുകയും പിന്നീട് യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിച്ചു വയ്ക്കുകയുമായിരുന്നു. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ബ്രോഡ് ഗ്രൂപ്പ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

olympics

ടോക്കിയോ: ഒളിമ്പിക്‌സ് വേദിയിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഒളിമ്പിക്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പതിനായിരം പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. ഒളിമ്പിക്സിനെത്തുന്നവർ രണ്ടു വാക്സിനും എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കും. വിമാനത്താവളം മുതൽ ഇക്കാര്യം പരിശോധിക്കും.

വിദേശ സഞ്ചാരികൾക്ക് ഒളിമ്പിക്‌സ് വേദിയിലേക്ക് പ്രവേശം ഉണ്ടാകില്ല. പക്ഷെ അനുമതിയില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ജപ്പാൻ നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 23 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. വേദികളിൽ 50 ശതമാനം പേർക്കാണ് അനുമതിയുള്ളത്.

കാണികളുടെ എണ്ണം പതിനായിരത്തിനപ്പുറം കടക്കരുതെന്നാണ് തീരുമാനം. ഭക്ഷണശാലകളിൽ കൂട്ടം കൂടി നിൽക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നു എന്നുറപ്പു വരുത്താനും വോളണ്ടിയർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. കായിക താരങ്ങൾക്കും പരിശീലകർക്കും താമസിക്കാൻ ബഹുനില മന്ദിരങ്ങൾ ഒരുക്കിയിട്ടുണ്ട്. മികച്ച റെസ്റ്റോറന്റുകളും പരിശീലന സൗകര്യവും ജിമ്മുകളും ഇവർക്കായി തയ്യാറാക്കിയിട്ടുണ്ട്.

കാഠ്മണ്ഡു: യോഗ ഉത്ഭവിച്ചത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നുമുള്ള വിചിത്രവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി. ഇന്ത്യ ഒരു രാജ്യമായി മാറുന്നതിന് വളരെ മുന്‍പുതന്നെ യോഗ നേപ്പാളില്‍ ആചരിച്ചിരുന്നെന്നും അന്ന് ഇന്ത്യയില്‍ ദുര്‍ബലമായ കുറച്ച് ഭരണപ്രദേശങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ശര്‍മ്മ ഒലി പറഞ്ഞു. നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തുളള പ്രദേശങ്ങളിലോ ആണ് യോഗ ഉദ്ഭവിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകം മുഴുവന്‍ അതിന് പ്രചാരം നേടിക്കൊടുക്കാനും ഇന്ത്യക്കായിയെന്നും യോഗാഭ്യാസം കണ്ടെത്തിയ ആചാര്യന്മാര്‍ക്ക് അതിന്റെ അംഗീകാരം നല്‍കുന്നതിന് പകരം ഇന്ത്യ അത് അവര്‍ക്ക് സ്വന്തമാക്കിയെടുത്തുവെന്നും ഒലി പറഞ്ഞു. മുന്‍പ് ശ്രീരാമന്‍ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലല്ല ജനിച്ചതെന്നും നേപാളിലെ ചിത്വന്‍ ജില്ലയില്‍ അയോദ്ധ്യാപുരിയിലാണ് ജനിച്ചതെന്നും കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ ഒലി അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു.

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റം, അഭയാർത്ഥി പ്രശ്നം, അതിർത്തി സുരക്ഷിതത്വം എന്നീ വിഷയങ്ങൾ പഠിച്ചു പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുള്ള ചുമതലകളിൽ നിന്നും വൈസ് പ്രസിഡന്റ് കമലാ ഹരിസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു എസ് ഹൗസ് റിപ്പബ്ലിക്കൻ അംഗങ്ങൾ. ഇക്കാര്യം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുഎസ് റിപ്പബ്ലിക്കൻ അംഗങ്ങൾ കത്തയച്ചുവെന്നാണ് റിപ്പോർട്ട്.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കമലാ ഹാരിസ് തീർത്തും പരാജയമാണെന്നാണ് കത്തിൽ ആരോപിക്കുന്നത്. കഴിഞ്ഞ 85 ദിവസമായി തന്നിൽ അർപ്പിതമായ ചുമതലകൾ ഒന്നും തന്നെ ഇവർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. അതിർത്തി സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബോർഡർ പെട്രോൾ ഏജന്റിനെ സന്ദർശിച്ചു കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനു പോലും കമല ഹാരിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മേയ് മാസം മാത്രം 180,000 കുടിയേറ്റക്കാരാണു അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. സതേൺ ബോർഡറിലൂടെ പ്രവേശിച്ചവരിൽ റഷ്യ, ബ്രസീൽ, ക്യൂബ, ഹേത്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. അതിർത്തി പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കുന്ന ടെക്സസ് – മെക്സിക്കോ അതിർത്തിയിലെ പ്രശ്നങ്ങളെ കുറിച്ചു നാളിതുവരെ കമലാ ഹാരിസ് താനുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ടും പരാതിപ്പെട്ടു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബൈഡൻ ഭരണകൂടം തീർത്തും പരാജയമാണെന്നും റിപ്പബ്ലിക്കൻ അംഗങ്ങൾ ആരോപിക്കുന്നു.

സോള്‍: ഉത്തരകൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം. ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ് (45 ഡോളര്‍). ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളര്‍(ഏകദേശം 5,190 രൂപയോളം), ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളര്‍( 7,414 രൂപയോളം) ആണ് വില. ഭക്ഷ്യക്ഷാമത്തില്‍ ആശങ്ക അറിയിച്ച് കിം ജോങ് ഉന്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19 മഹാമാരി മൂലം അതിര്‍ത്തികള്‍ അടച്ചിട്ടതും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം വന്‍കൃഷിനാശമുണ്ടായത് ധാന്യ ഉത്പാദനത്തെ ബാധിച്ചെന്നും ക്ഷാമം നേരിടുന്നതായും കിം പറഞ്ഞു.

ഭക്ഷ്യക്ഷാമം പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന് കിം ആവശ്യപ്പെട്ടുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ഉത്തര കൊറിയ പ്രതിസന്ധിയില്‍ നിന്ന് മറിക്കടക്കുമെന്നതിന് വ്യക്തതയില്ല. രാജ്യത്ത് ഉത്പാദനമില്ലാത്ത് ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെയാണ് ഉത്തര കൊറിയ ആശ്രയിക്കുന്നത്.

ന്യൂഡൽഹി: പുതിയ ഐടി ചട്ടങ്ങൾ രൂപീകരിച്ചത് സാമൂഹിക മാദ്ധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) നൽകിയ മറുപടിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്നും ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തെ ഐടി ചട്ടങ്ങളിൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് മറുപടി നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണെന്ന് അഭ്യർഥിച്ച് യുഎന്നിലെ പ്രത്യേക സമിതി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഇന്ത്യയുടെ വിശദീകരണം.

വിശാലമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ ഐടി ചട്ടങ്ങൾ കൊണ്ടുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകൾക്ക് പരാതി നൽകാൻ ഒരിടം വേണം. പൊതുജനങ്ങളിൽ നിന്ന് ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങൾ തയ്യാറാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി. ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകൾ തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാദ്ധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും ഇന്ത്യ അറിയിച്ചു.

ടെഹ്‌റാൻ: ഇറാന്റെ പ്രഡിഡന്റായി ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുകൾ നേടിയാണ് റെയ്‌സിയുടെ വിജയം. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്‌സി. ആയത്തുള്ള ഖമേനിയുടെ പിന്തുണയോടെയാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചത്.

ഇറാൻ പ്രസിഡന്റായിരുന്ന ഹസൻ റുഹാനിയുടെ പക്ഷക്കാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനാൽ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മനുഷ്യവകാശ ലംഘനങ്ങളുടെ പേരിൽ അമേരിക്കയുടെ ഉപരോധം നേരിടുന്നയാളാണ് റെയ്സി. ഇറാനിലെ ജുഡീഷ്യറിയുടെ മേധാവി കൂടിയാണ് റെയ്സി. 1980 കളിൽ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്ക് വിധിച്ചെന്ന ആരോപണമാണ് റെയ്സിക്കെതിരെയുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുഎസ് റെയ്‌സിയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.