യോഗയുടെ ഉത്ഭവം നേപ്പാളെന്ന് അവകാശപ്പെട്ട് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി

കാഠ്മണ്ഡു: യോഗ ഉത്ഭവിച്ചത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നുമുള്ള വിചിത്രവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി. ഇന്ത്യ ഒരു രാജ്യമായി മാറുന്നതിന് വളരെ മുന്‍പുതന്നെ യോഗ നേപ്പാളില്‍ ആചരിച്ചിരുന്നെന്നും അന്ന് ഇന്ത്യയില്‍ ദുര്‍ബലമായ കുറച്ച് ഭരണപ്രദേശങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ശര്‍മ്മ ഒലി പറഞ്ഞു. നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തുളള പ്രദേശങ്ങളിലോ ആണ് യോഗ ഉദ്ഭവിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകം മുഴുവന്‍ അതിന് പ്രചാരം നേടിക്കൊടുക്കാനും ഇന്ത്യക്കായിയെന്നും യോഗാഭ്യാസം കണ്ടെത്തിയ ആചാര്യന്മാര്‍ക്ക് അതിന്റെ അംഗീകാരം നല്‍കുന്നതിന് പകരം ഇന്ത്യ അത് അവര്‍ക്ക് സ്വന്തമാക്കിയെടുത്തുവെന്നും ഒലി പറഞ്ഞു. മുന്‍പ് ശ്രീരാമന്‍ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലല്ല ജനിച്ചതെന്നും നേപാളിലെ ചിത്വന്‍ ജില്ലയില്‍ അയോദ്ധ്യാപുരിയിലാണ് ജനിച്ചതെന്നും കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ ഒലി അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു.