International (Page 207)

olympics

ടോക്കിയോ: 2000ല്‍ സിഡ്‌നി ഒളിമ്പിക്‌സിന് ശേഷം ആസ്‌ട്രേലിയന്‍ നഗരം ഒളിമ്പിക്‌സ് വേദിയാകുന്നു. 2032ലെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കുള്ള വേദിയായാണ് ആസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിനെ തിരഞ്ഞെടുത്തത്. 2024ല്‍ പാരിസും 2028ല്‍ ലോസ് ഏഞ്ചല്‍സും ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതിനു ശേഷമായിരിക്കും ബ്രിസ്‌ബേനിന്റെ ഊഴം എത്തുക.

ഒളിമ്പിക്‌സ് പോലുള്ള വന്‍ കായികമേളകള്‍ നടത്താന്‍ സാധിക്കുന്ന നഗരങ്ങളെ മുന്‍കൂട്ടി തിരഞ്ഞെടുത്ത് അവരുടെ പ്രതിനിധികളെ നേരില്‍ ചെന്ന് കണ്ട് അവരോട് സംസാരിച്ചായിരിക്കും ഇനി മുതല്‍ ഐ ഒ സി ഒളിമ്പിക്‌സ് വേദി തീരുമാനിക്കുക. വോട്ട്കച്ചവടം എന്ന ആരോപണവും പ്രചരണ പരിപാടികള്‍ക്ക് ഉണ്ടാകുന്ന വന്‍ സാമ്പത്തിക ബാദ്ധ്യതയും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ടോക്യോ: ഒളിംമ്പിക്‌സ് വില്ലേജില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു. രണ്ട് താരങ്ങള്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ ആകെ 86 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അമേരിക്കന്‍ പുരുഷ ബീച്ച് വോളിബോള്‍ താരം ടെയ്‌ലര്‍ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പര്‍ സ്‌കീറ്റ് ഷൂട്ടര്‍ ആംബര്‍ ഹില്‍സ് എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഡച്ച് സ്‌കേറ്റ്‌ബോര്‍ഡര്‍ കാന്‍ഡി ജേക്കബിനും കോവിഡ് കാരണം ഒളിമ്പിക്‌സ് നഷ്ടമാകും.

covid

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 13 രാജ്യങ്ങളിൽ കൂടി ഡെൽറ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. മറ്റുള്ള എല്ലാ വകഭേദങ്ങൾക്കുമേലും ഡെൽറ്റ ആധിപത്യം സ്ഥാപിക്കുമെന്നും ഇനിയുള്ള മാസങ്ങളിൽ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനിൽ ആദ്യം സ്ഥിരീകരിച്ച ആൽഫ വകഭേദവും ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ബീറ്റയും ബ്രസീലിൽ ആദ്യം സ്ഥിരീകരിച്ച ഗാമ വകഭേദവും ആശങ്കയ്ക്ക് വഴി വെയ്ക്കുന്നുണ്ട്. 180 രാജ്യങ്ങളിലാണ് ആൽഫാ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ബീറ്റ വകഭേദം 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 20 മുതലുള്ള 4 ആഴ്ചകളിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബോട്‌സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്നു ശേഖരിച്ച സാർസ്‌കോവ്-2 സീക്വൻസുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

34 ലക്ഷം കോവിഡ് കേസുകളാണ് ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്താകമാനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻപത്തെ ആഴ്ചയെക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രോഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ അടുത്ത 3 ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി ആളുകളിൽ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങൾ, സുരക്ഷാ മുൻകരുതലുകളിലെ ഇളവുകൾ, സാമൂഹിക ഒത്തുചേരലുകൾ, ഇപ്പോഴും വാക്‌സീൻ സ്വീകരിക്കാത്തവരായുള്ള ആളുകൾ തുടങ്ങിയ കാരണങ്ങൾ മൂലമാണ് രോഗവ്യാപനത്തിന്റെ തോത് ഉയരുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ജെറുസലേം: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ. വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിലാണ് എൻ എസ് ഒയുടെ പ്രതികരണം.

17 മാദ്ധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് ഫോൺ ചോർത്തിയെന്ന വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ മുൻപ് എന്നത്തെയും പോലെ എൻ.എസ്.ഒ. വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ ചാര സോഫ്റ്റ്‌വെയർ തന്നെ നിർത്തലാക്കുമെന്നും കമ്പനി അറിയിച്ചു.

തങ്ങൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം എൻ എസ് ഒ നിഷേധിച്ചു. ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ്‌വെയർ നൽകുന്നതെന്നാണ് എൻ.എസ്.ഒയുടെ അവകാശവാദം. പുറത്തെത്തിയ ലിസ്റ്റ് പെഗാസസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാൻ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും കമ്പനി പറയുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും കമ്പനി വിശദീകരിക്കുന്നു.

വാഷിംഗ്ടൺ: വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാനൊരുങ്ങി നാസ. ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാൻ ആർട്ടിമിസ് എന്ന പദ്ധതിയാണ് നാസ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം പ്രതിസന്ധികൾ സൃഷ്ടിച്ചില്ലെങ്കിൽ 2024 സെപ്റ്റംബർ 24 ന് വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാൻ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. നാസ ഈ നേട്ടം സ്വന്തമാക്കാനുള്ള പ്രയത്‌നം നടത്തുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാനുള്ള ഒരു കാരണമുണ്ട്. ചന്ദ്രനിലേക്ക് പോകുന്നവരിൽ ഒരാൾ ഇന്ത്യൻ വംശജനാകാനാണ് സാധ്യത. യുഎസ് വ്യോമസേനാ കേണൽ രാജാചാരിയ്ക്കാണ് ഈ അവസരം ലഭിക്കാൻ സാധ്യതയുള്ളത്. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തെരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാചാരിയും ഉൾപ്പെട്ടിട്ടുണ്ട്. രാജാചാരിയുടെ പിതാവ് ഇന്ത്യക്കാരനാണ്.

മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് രാജ. യുഎസ് വ്യോമസേനയുടെ 461-ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു അദ്ദേഹം. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് അമേരിക്കക്കാരിയാണ്.

ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് യാത്രികർ. പദ്ധതിയുടെ ആദ്യ ഘട്ടം നവംബറിലായിരിക്കും നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്റെ പദ്ധതി. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ- 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണു യാത്രികർ എത്തുന്നത്. ഓറിയോൺ എന്ന പേടകത്തിലായിരിക്കും യാത്രികർ ഗേറ്റ് വേയിൽ എത്തുക. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഗേറ്റ് വേയ്ക്ക് കഴിയും. കൂടുതൽ സുരക്ഷിതമായ യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ‘വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്’ എന്നതാണ് ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം.

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ച സാറ്റേൺ ഫൈവ് റോക്കറ്റിന്റെ പിൻഗാമിയായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റാണ് ആർട്ടിമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നത്. ഏകദേശം 50000 കോടി രൂപയിൽ നിർമിച്ച ഈ റോക്കറ്റിന്റെ നീളം 365 അടിയാണ്. ഒരു ലക്ഷം കിലോയാണ് റോക്കറ്റിന്റെ ഭാരം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്. യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ ഈ റോക്കറ്റിന് ശേഷിയുണ്ട്.

ബീജിംഗ്: കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകള്‍ തകര്‍ന്നു. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പര്‍പ്പിച്ചിരുന്നതിനാല്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 1.6 ട്രില്യണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അണക്കെട്ടുകളാണ് തകര്‍ന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്നര്‍ മംഗോളിയയിലെ ഹുലുനുബൂര്‍ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ 87 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചിരുന്നു.

ടെക്സസ്: റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശ യാത്രയ്ക്ക് പിന്നാലെ ഏറെ നാളെത്തെ സ്വപ്‌നം സഫലമാക്കി ജെഫ് ബസോസും. ബഹിരാകാശത്തേക്ക് യാത്ര നടത്തിയ ശേഷം ജെഫ് ബെസോസും സംഘവും തിരിച്ചെത്തി. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു ജെഫ് ബെസോസിന്റെ യാത്ര. സഹോദരരനായ മാർക് ബെസോസ്(53), ഒലിവർ ഡീമൻ(18), വാലി ഫങ്ക്(83) എന്നിവരും ജെഫ് ബെസോസിനൊപ്പം ഉണ്ടായിരുന്നു. ടെക്സസിലെ ബാൻ ഹോൺ വിക്ഷേപണത്തറയിൽ നിന്നാണ് ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്സ്യൂളുമായി ബൂസ്റ്റർ റോക്കറ്റ് വിക്ഷേപിച്ചത്.

ഇന്ത്യൻ സമയം വൈകുന്നേരം 6.43 ഓടെ പറന്നുയർന്ന റോക്കറ്റ് ഏഴ് മിനിറ്റും 32 സെക്കന്റും പിന്നിട്ട ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി. യാത്ര വിജയകരമായി പൂർത്തീകരിച്ചതോടെ ആദ്യമായി പൈലറ്റില്ലാതെ യാത്രക്കാരുമായി ബഹിരാകാശം തൊടുന്ന ദൗത്യം എന്ന നേട്ടം കരസ്ഥമാക്കി. ഏറ്റവും കൂടുതലും, കുറവും പ്രായമുള്ള യാത്രക്കാർ ഉണ്ടായി എന്നതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത.

ബഹിരാകാശം എന്ന് അവകാശപ്പെടുന്ന കാർമൻ ലൈൻ(100 കിലോമീറ്റർ) പിന്നിട്ടാണ് ജെഫ് ബെസോസും സംഘവും തിരിച്ചെത്തിയത്. 104 കിലോമീറ്റർ ഇവർ യാത്ര ചെയ്തു.

പാരീസ്: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്. ഫ്രാന്‍സിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 13 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്ത് വിടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ട് മൊറോക്കോ നിഷേധിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

ബാഗ്ദാദ്: തിങ്കളാഴ്ച രാത്രി ബാഗ്ദാദ് മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 35 മരണം. അറുപതോളം പേര്‍ക്ക് പരിക്ക്. ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐഎസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ അറിയിച്ചു.
വഹൈലാത്ത് മാര്‍ക്കറ്റിലായിരുന്നു് സ്‌ഫോടനം. ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാഖ് പ്രസിഡന്റ് ബര്ം സാലിഹ് പറഞ്ഞു.

covid

ലണ്ടൻ: കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വൈറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ. ഇറ്റാലിയൻ നഗരത്തിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ രണ്ടായിലത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. രോഗ തീവ്രതയുമായോ കോവിഡ് ലക്ഷണങ്ങളുമായോ ഇതിന് ബന്ധമില്ലെന്നും പഠനത്തിൽ വിശദീകരിക്കുന്നു.

ഇറ്റലിയിലെ വോ പട്ടണത്തിലെ 3000 താമസക്കാരിൽ 85 ശതമാനത്തിലധികം പേർക്കും കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 2020 മേയ്-നവംബർ മാസങ്ങളിൽ ആന്റിബോഡി നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി ഗവേഷകർ പരിശോധന നടത്തി. ഈ പരിശോധനയിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രോഗ ബാധിതരായ ആളുകളിൽ 98.8 ശതമാനം പേരിലും ആന്റിബോഡികൾ കണ്ടെത്തി. നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായവരിലും ലക്ഷണങ്ങളില്ലാത്തവരിലും ആന്റിബോഡിയുടെ അളവ് ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നതിന് പഠനത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ല. രോഗപ്രതിരോധ ശേഷി രോഗലക്ഷണങ്ങളെയും വൈറസ് ബാധയുടെ തീവ്രതയെയും ആശ്രയിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ചിലരിൽ ആന്റിബോഡിയുടെ അളവ് കൂടിയിരിക്കുന്നതായും ചിലരിൽ കുറഞ്ഞിരിക്കുന്നതായുമാണ് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്. വ്യക്തിപരമായ സവിശേഷതകൾക്ക് അനുസരിച്ചാണ് വ്യതിയാനപ്പെടുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നു. കോവിഡ് വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരിൽ ആന്റിബോഡികൾ കാണുമെന്നതിനാൽ രോഗപ്രതിരോധ ശേഷി ഉണ്ടാകുകയും കോവിഡ് ബാധയിൽ നിന്നും ചെറിയ സംരക്ഷണം നൽകുകയും ചെയ്യുമെന്ന് ഗവേഷകർ പറഞ്ഞു. എന്നാൽ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരിക്കൽ രോഗബാധിതരായവരിൽ വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.