താലിബാനുമായി സൗഹൃദത്തില്‍, ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവസരങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ചൈന !

ബെയ്ജിങ്: അഫ്ഗാന്‍ ഭരണത്തെ തച്ചുടച്ച് അധികാരം കയ്യാളിയ തീവ്രവാദ സംഘടന താലിബാനുമായുള്ള സഹകരണം പരസ്യമായി പ്രഖ്യാപിച്ച് ചൈന. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചു.

അഫ്ഗാനിസ്ഥാനുമായി സഹകരിക്കാനും സൗഹൃദം പുലര്‍ത്താനും ചൈന താല്‍പര്യപ്പെടുന്നുണ്ടെന്നും, അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിങ് പറഞ്ഞു.

അതിനാല്‍ തന്നെ, അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി.

അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുവരുത്തണമെന്നും, അഫ്ഗാനികളുടെയും മറ്റ് വിദേശ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന, തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു മുസ്ലിം സര്‍ക്കാര്‍ ഉണ്ടാവണമെന്നും അഫ്ഗാനോട് ആവശ്യപ്പെടുന്നതായും ഹുവാ ചുനീയിങ് അറിയിച്ചു

മാത്രമല്ല, ചൈനയുമായി സൗഹൃദം പുലര്‍ത്തുന്നതിനുള്ള താല്‍പര്യം താലിബാന്‍ നേരത്തെ പ്രകടമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് വക്താവ് ഇതിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്.