International (Page 198)

ന്യൂഡല്‍ഹി: താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചത് 222 ഇന്ത്യക്കാരെ. സ്വന്തം രാജ്യത്ത് തിരികെയെത്തിയ ആഹ്ലാദത്തില്‍ ‘ഭാരത് മാതാ കി ജയ്’ എന്ന് വിമാന യാത്രികര്‍ ആര്‍ത്തുവിളിച്ചു.

അഫ്ഗാനില്‍ അകപ്പെട്ട ഇവരെ രണ്ടു വിമാനങ്ങളിലായാണ് ഡല്‍ഹിയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 ഇന്ത്യന്‍ പൗരന്മാരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യന്‍ പൗരന്മാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്.

താജികിസ്ഥാന്‍ വഴി വന്ന വിമാനത്തിലുണ്ടായിരുന്നവര്‍ ‘ഭാരത് മാതാ കീ ജയ്’വിളിക്കുന്ന ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

കൂടാതെ, 107 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ മറ്റൊരു പ്രത്യേക വിമാനം കൂടി കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

അഫ്ഗാനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും രക്ഷാ ദൗത്യങ്ങള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ന്യൂഡല്‍ഹി: താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍ എംപി നരേന്ദര്‍ സിംഗ് ഖല്‍സ. താലിബാനില്‍ നിന്ന് ഇന്നലെ രാത്രിയാണ് നരേന്ദര്‍ അടക്കമുള്ളവരെ വ്യോമസേന രക്ഷിച്ചത്.

സമര്‍ത്ഥമായ നയതന്ത്ര നീക്കങ്ങളിലൂടെയാണ് സിഖുകാര്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതമായി ഇന്ത്യ നാട്ടിലെത്തിച്ചത്. 222 ഇന്ത്യാക്കാരെയാണ് സുരക്ഷിതരായി ഇന്ന് ജന്മനാട്ടിലെത്തിച്ചത്.

ശേഷിക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുന്നതായാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.

കാബൂള്‍: അഫ്ഗാന്‍ ഐസിസ് നേതാവിനെ താലിബാന്‍ വെടിവെച്ചു കൊന്നു. ഐസിസ് നേതാവും തെക്കനേഷ്യയിലെ മുന്‍ തലവനുമായ ഉമര്‍ ഖൊറസാനിയെയാണ് താലിബാന്‍ ജയിലില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയത്.

പുലെ ചര്‍ഖി ജയിലില്‍ 2020 മുതല്‍ തടവിലുളള ഖൊറസാനി എന്ന മൗലവി സിയ ഉള്‍ ഹക്ക് 2015 മുതല്‍ അഫ്ഗാനില്‍ ഐസിസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2020ലായിരുന്നു ഇയാളെ അഫ്ഗാന്‍ സുരക്ഷാ സേന പിടികൂടി ജയിലിലടച്ചത്.

നേരത്തെ, താലിബാന്‍ നേതൃത്വം അംഗീകരിക്കണമെന്ന ആവശ്യം ഐസിസ് പലതവണ തളളിയിരുന്നു. ഇത് താലിബാന് ഐസിസിനോട് ശത്രുതയ്ക്കും കാരണമായിരുന്നു.

മാത്രമല്ല, നാല് വര്‍ഷം മുന്‍പ് ജോസ്വാന്‍ പ്രവിശ്യയില്‍ ഇരുവിഭാഗവും തമ്മിലെ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ന്യൂയോര്‍ക്: അഫ്ഗാന്‍ വിഷയത്തില്‍ പ്രതികരണവുമായി ഹോളിവുഡ് നടിയും സംവിധായകയുമായ ആഞ്ജലീന ജോളി. അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വൈകാരികമായ കത്താണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആഞ്ജലീന ജോളി പങ്കുവച്ചിരിക്കുന്നത്.

അഫ്ഗാനിലെ പലര്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും, അവര്‍ക്ക് വേണ്ടിയാണ് ഇത് പങ്കുവയ്ക്കുന്നതെന്നും ആഞ്ജലീന ജോളി പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടിയുടെ കത്തിന് പുറമേ പ്രശസ്ത ഫോടോഗ്രാഫര്‍ ലിയന്‍സി ബില്ലിംഗ് എടുത്ത അഫ്ഗാന്‍ സ്ത്രീകളുടെ ചിത്രങ്ങളും ആഞ്ജലീന ജോളി പങ്കുവച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം;

‘സെപ്തംബര്‍ 11 ആക്രമണത്തിന് രണ്ടാഴ്ച മുന്‍പ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഞാനുണ്ടായിരുന്നു, അന്ന് അഫ്ഗാനിസ്താനില്‍ താലിബാനില്‍ നിന്നും രക്ഷപ്പെട്ട് നിരവധി അഭയാര്‍ഥികള്‍ അവിടെ എത്തിയിരുന്നു, അത് പോലെ തന്നെ 20 കൊല്ലത്തിനിപ്പുറവും സംഭവിക്കുന്നു. ഇത്രയും കാലം വലിയോതില്‍ പണവും സമയവും മുടക്കിയതും രക്തച്ചൊരിച്ചലുണ്ടായതും ഇതിന് വേണ്ടിയാണോ? ഈ പരാജയം മനസിലാക്കാന്‍ കഴിയുന്നില്ല.

വളരെ കഴിവുള്ള അഫ്ഗാന്‍ അഭയാര്‍ഥികളെ ഒരു ഭാരം കണക്കെ കാണുന്നത് ശരിയല്ല. അവര്‍ക്ക് ആവശ്യമുള്ള സഹായമുണ്ടായിരുന്നെങ്കില്‍ എന്തെല്ലാം അവര്‍ ചെയ്യുമായിരുന്നു. അവിടെയുള്ള സ്ത്രീകള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുക മാത്രമല്ല. അതിന് വേണ്ടി പോരാടുക കൂടിയാണ് ചെയ്തത്. മുന്നോട്ട് വന്ന ചിലരെ പോലെ ഞാന്‍ പിന്മാറില്ല. ഞാനവരെ സഹായിക്കും. നിങ്ങളും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതുന്നു.’

കാബൂൾ: താലിബാൻ ഭീകരരെ നിരീക്ഷിച്ച് അമേരിക്കൻ വ്യോമ സേനാ പോർവിമാനങ്ങൾ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം സുരക്ഷിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ പോർ വിമാനങ്ങൾ കാബൂളിൽ വട്ടമിട്ട് പറക്കുന്നത്. അറബിക്കടലിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗണിൽ നിന്നാണ് പോർവിമാനങ്ങളിൽ പലതും പറന്നുയരുന്നതെന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാനിസ്താനിലെ അമേരിക്കൻ നീക്കങ്ങളെ സഹായിക്കാൻ വേണ്ടിയാണ് യുഎസ്എസ് റൊണാൾഡ് റീഗൺ വിമാനവാഹിനി കപ്പൽ അറബിക്കടലിൽ വിന്യസിച്ചത്. കാബൂൾ നഗരത്തിനു മുകളിലൂടെ വളരെ താഴ്ന്ന് അമേരിക്കൻ പോർവിമാനങ്ങൾ പറക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ വാർത്തകൾ തെറ്റാണെന്നും ആവശ്യത്തിന് അകലം പാലിച്ചുകൊണ്ടാണ് പോർവിമാനങ്ങൾ പറക്കുന്നതെന്നും പെന്റഗൺ വക്താവ് പ്രതികരിച്ചു.

ജൂൺ മാസത്തിലാണ് യുഎസ്എസ് റൊണാൾഡ് റീഗൺ അറബിക്കടലിൽ വിന്യസിക്കുന്നത്. എഫ്/എ18, എഫ് 16, എവി 8 പോർവിമാനങ്ങൾ, എസി 130 പടക്കപ്പൽ, ബി52 എംക്യു 9 നിരീക്ഷണ ഡ്രോണുകൾ എന്നിവയെല്ലാം കാബൂളിന്റെ ആകാശത്ത് സജീവമാണെന്ന് വിവരം. ഇവയ്ക്ക് പുറമേ കൂടുതൽ പേരെ അഫ്ഗാന് പുറത്തെത്തിക്കുന്നതിന് സി 17എസ്, സി 130 എന്നീ യാത്രാ ജെറ്റുകളും കാബൂളിലേക്ക് പറക്കുന്നുണ്ട്.

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ രാവിലെ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ തിരികെ ഇന്ത്യയിലെത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ വിമാനത്താവളത്തില്‍ ഗേറ്റിനടുത്തുവെച്ചായിരുന്നു താലിബാന്‍ ഇവരെ തടഞ്ഞത്. ശേഷം ട്രക്കുകളില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോയിരുന്നു.

എന്നാല്‍, രേഖകള്‍ പരിശോധിച്ച് ചോദ്യം ചെയ്ത ശേഷം ഇവരെയെല്ലാം വിട്ടയച്ചതായാണ് വിവരം. ഇവരെ രക്ഷിച്ച് ഉടന്‍ തിരികെയെത്തിക്കാന്‍ വ്യോമസേന തയ്യാറെടുക്കുകയാണ്.

വാഷിംഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി അറിയിച്ചു. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നുവെന്ന് യുഎൻ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെയാണ് മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കാൻ തീരുമാനിച്ചത്.

അതേസമയം സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തിയിട്ടുണ്ട്. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്ന് താലിബാൻ അറിയിച്ചു.

ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക- വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ താത്പര്യപ്പെടുന്നതായി താലിബാൻ വ്യക്തമാക്കി. അമേരിക്ക ഉൾപ്പടെ ലോകത്തെ രാജ്യങ്ങളുമായും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബരാദറാണ് ഇക്കാര്യം അറിയിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആലപ്പുഴ: അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കിയതില്‍ അമേരിക്കയെ കുറ്റപ്പെടുത്തി മുന്‍മന്ത്രി തോമസ് ഐസക്. ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി താലിബാനെപ്പോലുള്ള ഭീകരസംഘത്തിന് പാലും തോക്കും കൊടുത്തു വളര്‍ത്തുമ്പോള്‍, അന്നത്തെ ഭീകരത അമേരിക്കയ്ക്ക് വിശുദ്ധ ജിഹാദ് ആയിരുന്നുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

മാത്രമല്ല, താലിബാന്‍ ജനാധിപത്യമൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമാണ് ആത്യന്തികമായ ഭീഷണിയെന്നും, സ്ത്രീകളും കുട്ടികളുമാണ് ദുരിതജീവിതത്തിന്റെ പ്രളയത്തില്‍ ഏറ്റവുമധികം മുങ്ങിത്താഴുന്നതെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

20 വര്‍ഷത്തെ സൈനിക ഇടപെടലിനുശേഷം തോറ്റമ്പി മടങ്ങുമ്പോള്‍ എന്താണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്? ഇറാഖില്‍, ലിബിയയില്‍, സിറിയയില്‍ എല്ലാം നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിത സര്‍ക്കാരുകളുടെ അമേരിക്കന്‍ അട്ടിമറി ഇന്ന് ആ രാജ്യങ്ങളെ എവിടെക്കൊണ്ട് എത്തിച്ചിരിക്കുന്നുവെന്ന് ആലോചിച്ചാല്‍ മതി.

ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും തീവ്രവലതുപക്ഷം ലോകത്തിനാകെ വെല്ലുവിളിയാകുംവിധം ശക്തിപ്പെടും എന്നതാണ് ഈ ബോംബുസ്‌ഫോടനത്തിന്റെ ആത്യന്തികമായ ഫലശ്രുതി. പ്രാകൃതമായ മതകാര്‍ക്കശ്യങ്ങള്‍ തോക്കു ചൂണ്ടി അടിച്ചേല്‍പ്പിക്കുകയും എതിര്‍ ശബ്ദങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാന്‍ ചെയ്തികളില്‍ നിന്ന് മുതലെടുക്കുന്നത് ഇന്ത്യയില്‍ ആരാണ് എന്ന് ആലോചിച്ചു നോക്കൂ. താലിബാന്‍ വിജയം യുപിയില്‍ ബിജെപിക്കു തുണയാകുമെന്ന വാര്‍ത്ത വായിച്ചിട്ട് ഏതാനും നിമിഷമേ ആകുന്നുള്ളൂ. ജനാധിപത്യത്തിന്റെ തുറസുകളില്‍ ഗന്ധകപ്പുക നിറയ്ക്കാന്‍ എല്ലാ മതതീവ്രവാദങ്ങള്‍ക്കുമുള്ള ലൈസന്‍സാവുകയാണ് താലിബാന്‍.

ഇന്നത്തെ പല പ്രമുഖ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും സെക്കുലര്‍ – ആധുനിക മൂല്യങ്ങള്‍ക്കും, സ്ത്രീ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കിയിരുന്ന ട്രേഡ് യൂണിയന്‍ – സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്ന രാജ്യങ്ങളാണ്. ഈ സ്വാധീനത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണ് അമേരിക്ക സൗദി കേന്ദ്രമായ വഹാബി ഇസ്ലാമിനെയും ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിനെയും പോലുള്ള പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്.

അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടറാണ് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ വഴി അഫ്ഗാനിസ്ഥാന്‍ മതഭീകരര്‍ക്ക് ആയുധവും പണവും എത്തിക്കാനുള്ള ഓപ്പറേഷന്‍ സൈക്ലോണ്‍ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. 1979-ല്‍ ഏഴു ലക്ഷം ഡോളറില്‍ തുടങ്ങിയ സാമ്ബത്തിക സഹായം എണ്‍പതില്‍ മുപ്പതു മില്യണ്‍ ഡോളറായി. 1987-ല്‍ ഇത് 630 മില്യണ്‍ ഡോളറായി പെരുകി. ഒരു മൂന്നാംലോക രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ചെലവഴിച്ച ഏറ്റവും വലിയ ഇഷ്ടദാനത്തുകയെന്ന് ഈ ചെലവിനെ അമേരിക്കക്കാര്‍ തന്നെയാണ് പരിഹസിച്ചത് (the biggest bequest to any third world insurgency). സിഐഎയുടെ മുന്‍മേധാവി റോബര്‍ട്ട് ഗേറ്റ്‌സിനെപ്പോലുള്ളവരുടെ മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍ സൈക്ലോണ്‍ മാസ്റ്റര്‍പ്ലാന്‍. റാംബോ സിനിമാ പരമ്ബര പ്രസിദ്ധമാണല്ലോ. ഈ അമേരിക്കന്‍ പ്രചാരണ സിനിമ മൂന്നാമത്തേതിന്റെ സമര്‍പ്പണം ‘ധീരരായ മുജാഹിദീന്‍ പോരാളികള്‍’ക്കായിരുന്നു. ഇവരില്‍ നിന്നാണു താലിബാന്‍ വളര്‍ന്നുവന്നത്.

താലിബാനെപ്പോലുള്ള ഭീകരസംഘത്തിന് പാലും തോക്കും കൊടുത്തു വളര്‍ത്തുമ്‌ബോള്‍, അന്നത്തെ ഭീകരത അമേരിക്കയ്ക്ക് വിശുദ്ധ ജിഹാദ് ആയിരുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഇതര രാജ്യങ്ങളില്‍ ഇടപെടുന്നത് എന്നാണ് പലപ്പോഴും അധിനിവേശത്തിന്റെ ന്യായീകരണമായി അമേരിക്കയും അവരുടെ സ്തുതിപാഠകരും പയറ്റുന്ന വാദങ്ങള്‍. എന്നാല്‍ വിദ്യാഭ്യാസവും ലിംഗനീതിയും ഭൂപരിഷ്‌കരണവും ഉറപ്പുവരുത്തിയ അഫ്ഗാന്‍ സര്‍ക്കാരിനെതിരെയാണ് താലിബാനെപ്പോലുള്ള മതഭീകരതയെ വളര്‍ത്തിയത് എന്നോര്‍ക്കുമ്‌ബോള്‍ ഈ വാചാടോപത്തിന്റെ പൊള്ളത്തരം ബോധ്യമാകും.

ഈ ചരിത്രവസ്തുതകളാണ് താലിബാനെ വിശുദ്ധരായി വാഴ്ത്തുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരുടെ മുഖംമൂടി വലിച്ചു കീറുന്നത്. താലിബാന്‍ ഭീകരരുടെ കണ്‍കണ്ട ദൈവം അമേരിക്കയായിരുന്നു. ഭീകരതയുടെ പരിശീലനക്യാമ്ബുകളിലേയ്ക്ക് പാലും പണവും ആയുധവും ഒഴുക്കിയത് അമേരിക്കയാണ്. വിശുദ്ധരാജ്യ സംസ്ഥാപനത്തിന് ലഘുലേഖ അച്ചടിക്കാനുള്ള പണവും അമേരിക്കയുടെ ദാനമായിരുന്നു. ചരിത്രം വെണ്ടയ്ക്കാ വലിപ്പത്തില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന വസ്തുതകകളൊക്കെയും ലോകം മറന്നു എന്ന് തെറ്റിദ്ധരിച്ചാണ് പുത്തന്‍തലമുറ ജമാഅത്തെ മസ്തിഷ്‌കങ്ങള്‍ താലിബാന്‍ സ്തുതി ആലപിക്കുന്നത്.

അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രത്തിന്റെ ഉടമകളാണ് താലിബാന്‍. അവരെ ന്യായീകരിക്കുന്നവര്‍ അവരെക്കാള്‍ മനുഷ്യത്വവിരുദ്ധരാണ്. ചെകുത്താനും പിശാചിനും ഇടയ്ക്കാണ് ലോകം. മനുഷ്യാവകാശങ്ങളും ജനാധിപത്യവും സ്വതന്ത്രജീവിതവും അട്ടിമറിച്ച് താലിബാന്‍ തേരോട്ടം മുന്നേറുമ്‌ബോള്‍, മറുവശത്ത് ഇതര മതതീവ്രവാദികളും ശക്തിപ്പെടും. ഒരു ഭീകരത മറ്റൊരു ഭീകരതയ്ക്ക് അതിവേഗം അടിവളമാകും. ജനാധിപത്യമൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമാണ് ആത്യന്തികമായ ഭീഷണി.

സ്ത്രീകളും കുട്ടികളുമാണ് ദുരിതജീവിതത്തിന്റെ പ്രളയത്തില്‍ ഏറ്റവുമധികം മുങ്ങിത്താഴുന്നത്. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ഒരു മഹാപ്രസ്ഥാനം മാത്രമാണ് ഈ പ്രതിസന്ധിയ്ക്കുള്ള മറുപടി.

modi

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ അഫ്ഗാനിലെ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമായി ഇന്ത്യ. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പാസാക്കിയത് അഫ്ഗാനിലെ ന്യൂനപക്ഷങ്ങൾക്ക് താങ്ങാവുകയാണ്. ഇന്ത്യ പൗരത്വ ഭേദഗതി നിയമം പാസാക്കിയത് ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് നേടുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. അഫ്ഗാനിസ്താൻ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടുന്നതിനുള്ള നിർബന്ധിത താമസ കാലയളവ് 11 വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിന് വേണ്ടി പാർലമെന്റിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത് വലിയ ബഹളങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ അഫ്ഗാനിസ്താനിൽ താലിബാൻ വീണ്ടും നിയന്ത്രണം കൊണ്ടുവരുമ്പോൾ അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ് മതക്കാരുടെ അവസ്ഥ വീണ്ടും ചർച്ചയാവുകയാണ്. അമ്പത് വർഷങ്ങൾക്ക് മുൻപ് അതായത് 1970 ൽ അഫ്ഗാനിസ്ഥാനിൽ രണ്ട് ലക്ഷത്തോളം സിക്കുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത് 700 പേരായി ചുരുങ്ങി.

സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി 1992 ഓടെ മതതീവ്രവാദികൾ ഭരണം പിടിച്ചെടുത്തതോടെയാണ് ന്യൂനപക്ഷങ്ങളുടെ ദുരതിങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കൻ സഹായത്തോടെ ഗുൽബുദ്ദീൻ ഹെക്മത്യാർ 1992 ൽ കാബൂൾ പിടിച്ചടക്കി. തുടർന്നുണ്ടായ ആക്രമണങ്ങളിൽ നിന്നും രക്ഷതേടി സിഖുകാരും ഹിന്ദുക്കളും അഫ്ഗാനിൽ നിന്നും പലായനം ചെയ്യാൻ ആരംഭിച്ചു. 1992 മുതൽ സിഖുകാരെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദു സിഖ് മതക്കാരുടെ എണ്ണമെടുത്താൽ എഴുന്നൂറ് പേർ മാത്രമാവും അവശേഷിക്കുക. ഇതിൽ നൂറോളം കുടുംബങ്ങൾ സിഖ്കാരുടേതാണ്. ഇപ്പോഴും ഗുരുദ്വാരകളിൽ ഇടയ്ക്കിടെ ബോംബാക്രമണം ഉണ്ടാവാറുണ്ട്. 1990 കളുടെ തുടക്കം വരെ, അഫ്ഗാനിസ്ഥാനിൽ അറുപത്തിമൂന്ന് ഗുരുദ്വാരകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കഷ്ടിച്ച് പത്തെണ്ണം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

വാഷിംഗ്ടൺ: ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്‌കരവും അപകടകരവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് സൈന്യത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം ഇപ്പോഴും. കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. യുഎസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസ്സപ്പെടുത്തുകയോ ചെയ്താൽ താലിബാന് ഉചിതമായ തിരിച്ചടി നൽകും. പ്രസ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അഫ്ഗാൻ വിഷയത്തിൽ യുഎസിനെതിരെ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ജോ ബൈഡന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും വലുതും ബുദ്ധിമുട്ടേറിയതുമായ രക്ഷാദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ നടത്തുന്നത്. ഇതിന്റെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ഇപ്പോഴും യാതൊരു ധാരണയുമില്ലെന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിലേക്കു വരുന്ന യുഎസ് പൗരൻമാരെ തടഞ്ഞ ഒരു സംഭവം പോലും ശ്രദ്ധയിൽപെട്ടിട്ടില്ല. അപ്രതീക്ഷിത പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, കാബൂൾ വിമാനത്താവളത്തിനു പുറത്തേക്ക് യുഎസ് സൈനിക ഇടപെടൽ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഏതാണ്ട് 13,000 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസ് സൈനിക വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തെത്തിച്ചതായാണ് വൈറ്റ് ഹൗസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

20 വർഷത്തെ യുദ്ധത്തിനൊടുവിൽ എത്ര യുഎസ് പൗരൻമാരാണ് നിലവിൽ അഫ്ഗാനിസ്താനിൽ ശേഷിക്കുന്നതെന്നത് സംബന്ധിച്ച് യുഎസ് സർക്കാരിന് കൃത്യമായ കണക്കില്ല. നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്ന എത്ര യുഎസ് പൗരൻമാർ അവിടെയുണ്ടെങ്കിലും, അവരെയെല്ലാം തിരികെ എത്തിച്ചിരിക്കുമെന്നാണ് ബൈഡൻ നൽകുന്ന ഉറപ്പ്. താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യവുമായി സഹകരിച്ചിരുന്ന അഫ്ഗാൻ പൗരൻമാരെയും രക്ഷപ്പെടുത്തേണ്ടത് അമേരിക്കയുടെ ബാധ്യതയാണെന്നും അദ്ദേഹം വിശദമാക്കി.