കാബൂളിൽ വട്ടമിട്ട് പറന്ന് അമേരിക്കൻ വ്യോമസേനാ പോർവിമാനങ്ങൾ; ലക്ഷ്യം താലിബാൻ ഭീകരരെ നിരീക്ഷിക്കൽ

കാബൂൾ: താലിബാൻ ഭീകരരെ നിരീക്ഷിച്ച് അമേരിക്കൻ വ്യോമ സേനാ പോർവിമാനങ്ങൾ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം സുരക്ഷിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ പോർ വിമാനങ്ങൾ കാബൂളിൽ വട്ടമിട്ട് പറക്കുന്നത്. അറബിക്കടലിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗണിൽ നിന്നാണ് പോർവിമാനങ്ങളിൽ പലതും പറന്നുയരുന്നതെന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാനിസ്താനിലെ അമേരിക്കൻ നീക്കങ്ങളെ സഹായിക്കാൻ വേണ്ടിയാണ് യുഎസ്എസ് റൊണാൾഡ് റീഗൺ വിമാനവാഹിനി കപ്പൽ അറബിക്കടലിൽ വിന്യസിച്ചത്. കാബൂൾ നഗരത്തിനു മുകളിലൂടെ വളരെ താഴ്ന്ന് അമേരിക്കൻ പോർവിമാനങ്ങൾ പറക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ വാർത്തകൾ തെറ്റാണെന്നും ആവശ്യത്തിന് അകലം പാലിച്ചുകൊണ്ടാണ് പോർവിമാനങ്ങൾ പറക്കുന്നതെന്നും പെന്റഗൺ വക്താവ് പ്രതികരിച്ചു.

ജൂൺ മാസത്തിലാണ് യുഎസ്എസ് റൊണാൾഡ് റീഗൺ അറബിക്കടലിൽ വിന്യസിക്കുന്നത്. എഫ്/എ18, എഫ് 16, എവി 8 പോർവിമാനങ്ങൾ, എസി 130 പടക്കപ്പൽ, ബി52 എംക്യു 9 നിരീക്ഷണ ഡ്രോണുകൾ എന്നിവയെല്ലാം കാബൂളിന്റെ ആകാശത്ത് സജീവമാണെന്ന് വിവരം. ഇവയ്ക്ക് പുറമേ കൂടുതൽ പേരെ അഫ്ഗാന് പുറത്തെത്തിക്കുന്നതിന് സി 17എസ്, സി 130 എന്നീ യാത്രാ ജെറ്റുകളും കാബൂളിലേക്ക് പറക്കുന്നുണ്ട്.